പത്ത് വർഷം; ലൈഫിൽ വീടൊരുങ്ങിയത് 12000ത്തോളം പട്ടിക വിഭാഗ കുടുംബങ്ങൾക്ക്
തൊടുപുഴ: കഴിഞ്ഞ പത്ത് വർഷത്തിനിടെ ജില്ലയിൽ ലൈഫ് ഭവന പദ്ധതി പ്രകാരം വീടൊരുങ്ങിയത് 11534 പട്ടികജാതി- പട്ടിക വർഗ കുടുംബങ്ങൾക്ക്. ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപന പരിധിയിലാണ് ഭവന രഹിതരായ പട്ടിക ജാതി-വർഗ കുടുംബങ്ങൾക്ക് വീടൊരുങ്ങിയത്. പദ്ധതി പ്രകാരം ജില്ലയിലാകെ നിർമിച്ചത് 32,423 വീടുകളാണ്. ഇതോടൊപ്പം 246 കുടുംബങ്ങൾക്ക് ഫ്ലാറ്റുകളും നൽകിയതായി സർക്കാർ രേഖകൾ വ്യക്തമാക്കുന്നു.ഇതടക്കം മൂപ്പത്തി മൂവായിരത്തോളം കുടുംബങ്ങളാണ് വീട് സ്വന്തമാക്കിയത്. ഇക്കൂട്ടത്തിലാണ് പട്ടിക വിഭാഗങ്ങളിലെ പന്തീരായിരത്തോളം കുടുംബങ്ങളും ഉൾപ്പെടുന്നത്.
കരാർ വെച്ചവർ 14269; പൂർത്തിയാക്കിയവർ 11534
ജില്ലയിൽ ലൈഫിൽ ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ട പട്ടിക വിഭാഗക്കാരായ 14,269 പേരാണ് ഭവന നിർമാണത്തിനായി കാരറിലേർപ്പെട്ടത്. പട്ടികജാതി വിഭാഗത്തിൽ നിന്നും 7215 ഗുണഭോക്താക്കളും പട്ടിക വർഗ വിഭാഗത്തിൽ നിന്നും 7054 ഗുണഭോക്താക്കളും ഉൾപ്പടെയാണിത്. ഇക്കൂട്ടത്തിൽ പട്ടിക ജാതി വിഭാഗത്തിൽപെട്ട 5682 കുടുംബങ്ങളും പട്ടിക വർഗത്തിൽപെട്ട 5852 ഗുണഭോക്താക്കളും അടക്കം 11534 പേർ ഇതിനോടകം ഭവന നിർമാണം പൂർത്തീകരിച്ചിട്ടുണ്ട്.
അവശേഷിക്കുന്ന 2735 കുടുംബങ്ങളുടെ നിർമാണം പൂർത്തീകരണ ഘട്ടത്തിലാണ്. ഏതാനും കുടുംബങ്ങളുടെ ഭവന നിർമാണം പാതിവഴിയിൽ നിലച്ചിട്ടുമുണ്ടെന്ന് വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടൊപ്പം 79 മത്സ്യ തൊഴിലാളി കുടുംബങ്ങളും ജില്ലയിൽ ഭവന നിർമാണം പൂർത്തിയാക്കിയിട്ടുണ്ട്.
നിർമാണം പൂർത്തീകരിക്കാൻ സേഫ് പദ്ധതി
വിവിധ ധനസഹായ പദ്ധതികളിലൂടെ നിർമാണം ആരംഭിക്കുകയും ഇടക്ക് നിർമാണം നിലക്കുകയും ചെയ്ത പട്ടികജാതി വിഭാഗങ്ങളുടെ ഭവന നിർമാണം പൂർത്തികരിക്കാൻ സേഫ് പദ്ധതിയും പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്നുണ്ട്. ഇതുപ്രകാരം രണ്ട് ലക്ഷം രൂപ വരെയാണ് ധനസഹായം. ലൈഫ് മിഷൻ തയ്യാറാക്കുന്ന ഭൂരഹിത ഗുണഭോക്തൃപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പട്ടികജാതി വിഭാഗങ്ങള്‍ക്ക് വകുപ്പ് മുഖേന നടപ്പിലാക്കുന്ന ഭൂരഹിത പുനരധിവാസ പദ്ധതിയിലുള്‍പ്പെടുത്തിയും ധനസഹായം അനുവദിക്കുന്നുണ്ട്. പദ്ധതി പ്രകാരം ഗ്രാമപഞ്ചായത്ത് പരിധിയില്‍ കുറഞ്ഞത് 05 സെന്റ് ഭൂമി വാങ്ങുന്നതിന് 3,75,000 രൂപയും നഗരസഭ- കോര്പ്പറേഷൻ പരിധിയില്‍ കുറഞ്ഞത് 03 സെന്റ് ഭൂമി വാങ്ങുന്നതിനായി യഥാക്രമം 4,50,000 രൂപ, 6,00,000 രൂപ ക്രമത്തിലും ധനസഹായം അനുവദിക്കുന്നുണ്ട്.
