ഹോട്സീറ്റിൽ സിറ്റി നമ്പർ വൺ

ലണ്ടൻ: കഴിഞ്ഞ എട്ടുമാസമായുള്ള കാത്തിരിപ്പിന് ബേൺലിയുടെ തട്ടകത്തിൽ അന്ത്യം കുറിച്ച് മാഞ്ചസ്റ്റർ സിറ്റി. ആഴ്സനലിന്റെ പിന്നിലായി, ഇംഗ്ലീഷ് പ്രീമിയർലീഗിൽ രണ്ടാമതാവാൻ വിധിക്കപ്പെട്ട മാഞ്ചസ്റ്റർ സിറ്റി ദീർഘകാലത്തിനു ശേഷം പോയന്റ് പട്ടികയിലെ ഒന്നാം നമ്പർ പദവിയിൽ. സീസണിലുടനീളം ഒന്നാമനായിരുന്ന ആഴ്സനൽ തുടർച്ചയായി മത്സരങ്ങളിൽ തോൽക്കുകയും, പെപ് ഗ്വാർഡിയോളയും സിറ്റിയും വിജയം തുടർകഥയാക്കുകയും ചെയ്തതോടെ സിറ്റിയുടെ ജൈത്രയാത്രയായി മാറി.
ഏപ്രിൽ 11ന് പോയന്റ് പട്ടികയിൽ വ്യക്തമായ ലീഡുമായി ആഴ്സനൽ ഏറെ മുന്നിലായിരുന്നു. ബേൺമൗത്തിനെതിരെ ജയിച്ചാൽ 12 പോയന്റ് മുന്നിലെന്ന സ്വപ്നവുമായിറങ്ങിയ മൈക്കൽ ആർടേറ്റയുടെ പട 2-1ന് അട്ടിമറിഞ്ഞതോടെ 10 ദിവസംകൊണ്ട് ഇംഗ്ലണ്ടിലെ തിരക്കഥകൾ അടിമുടി മാറി. എർലിങ് ഹാലൻഡ് അഞ്ചാം മിനിറ്റിൽ നേടിയ ഗോളിലൂടെയായിരുന്നു സിറ്റിയുടെ വിജയം.
