ചാമ്പ്യൻസ് ലീഗ്: ബയേണിനെ തളച്ച് പി.എസ്.ജി ഫൈനലിൽ; കിരീടപ്പോരാട്ടത്തിൽ എതിരാളികൾ ആഴ്സണൽ

മ്യൂണിക്ക്: ആവേശകരമായ രണ്ടാം പാദ സെമി ഫൈനലിൽ ജർമ്മൻ കരുത്തരായ ബയേൺ മ്യൂണിക്കിനെ സമനിലയിൽ തളച്ച് നിലവിലെ ചാമ്പ്യന്മാരായ പാരിസ് സെന്റ് ജെർമെയ്ൻ (പി.എസ്.ജി) തുടർച്ചയായ രണ്ടാം തവണയും യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പ്രവേശിച്ചു. ബയേണിന്റെ തട്ടകമായ അലയൻസ് അറിനയിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു.

ആദ്യ പാദത്തിൽ സ്വന്തമാക്കിയ 5-4 വിജയത്തിന്റെ ബലത്തിൽ അഗ്രഗേറ്റ് സ്കോറിൽ 6-5 എന്ന നിലയിലാണ് പി.എസ്.ജി ഫൈനൽ ടിക്കറ്റ് ഉറപ്പാക്കിയത്. മത്സരം ആരംഭിച്ച്‌ മൂന്നാം മിനിട്ടിൽ തന്നെ ഡെംബെലെയിലൂടെ പി.എസ്.ജി ആദ്യ ഗോൾ കണ്ടെത്തി. തുടർന്ന് ഇരു ടീമുകളും ആക്രമിച്ചു കളിച്ചെങ്കിലും മത്സരത്തിന്റെ ആദ്യ പാദത്തിൽ കൂടുതൽ ഗോൾ കണ്ടെത്താൻ പി.എസ്.ജിക്കോ, ഗോൾ തിരിച്ചുമടക്കാൻ ബയേണിനോ സാധിച്ചില്ല. മത്സരം രണ്ടാം പാദത്തിലെത്തിയപ്പോഴും നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ലീഡ് ഉയർത്താൻ ഇരു ടീമുകൾക്കും സാധിച്ചില്ല. മത്സരം 90 മിനുട്ട് പിന്നിട്ട് അധിക സമയത്തിലേക്ക് നീങ്ങിയപ്പോൾ ബയേണിന്റെ സ്‌ട്രൈക്കർ ഹാരി കെയ്ൻ ഗോൾ മടക്കി സമനില പിടിച്ചെങ്കിലും ഫൈനലിലേക്കെത്താൻ ആ ഗോൾ മതിയായില്ല. ഇതോടെ ഫൈനൽ കാണാതെ ബയേൺ പുറത്തായി.

ബുഡാപെസ്റ്റിൽ നടക്കുന്ന ഫൈനലിൽ ഇംഗ്ലീഷ് ക്ലബ്ബായ ആഴ്സണലായിരിക്കും പി.എസ്.ജിയുടെ എതിരാളികൾ. അത്‌ലറ്റിക്കോ മാഡ്രിഡിനെ തോൽപ്പിച്ചാണ് ആഴ്സണൽ ഫൈനലിലെത്തിയത്. മെയ് 30ന് ഹംഗറിയിലെ പുഷ്കാസ് അറിനയിലാണ് ചാമ്പ്യൻസ് ലീഗ് ഫൈനൽ അരങ്ങേറുക.