വ്യാജ അറ്റൻഡൻസ് നൽകി ശമ്പളം തട്ടാൻ ശ്രമം; ഹോംഗാർഡ് അറസ്റ്റിൽ

നെടുമങ്ങാട്: ശമ്പളത്തിനായി വ്യാജ അറ്റൻഡൻസ് ഷീറ്റ് നിർമിച്ച ഹോംഗാർഡിനെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. പുതുക്കുളങ്ങര കൊങ്ങണം സ്വദേശി ഷിബുകുമാർ (46) ആണ് അറസ്റ്റിലായത്. ജില്ലാ ഫയർ ഓഫിസിൽ നിന്ന് നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ അറ്റാച്ച് ചെയ്ത് ഹോംഗാർഡായി ജോലി ചെയ്യുകയായിരുന്നു ഷിബുകുമാർ. ജൂലൈ മാസത്തിൽ ഏഴ് ദിവസം മാത്രമാണ് ഷിബുകുമാർ ജോലി ചെയ്തത്. എന്നാൽ 21 ദിവസം ജോലി ചെയ്തതായി കാണിച്ച് വ്യാജ അറ്റൻഡൻസ് ഷീറ്റ് നിർമിച്ച് ജില്ലാ ഫയർ ഓഫിസിൽ ഹാജരാക്കുകയായിരുന്നു.
സംശയം തോന്നിയ അധികൃതർ നെടുമങ്ങാട് സ്റ്റേഷനിൽ അറിയിച്ചതോടെയാണ് തിരിമറി നടത്തിയ വിവരം പുറത്തായത്. വ്യാജ രേഖകൾ സമർപ്പിച്ച് ശമ്പളം തട്ടാൻ ശ്രമിച്ചതിൽ നെടുമങ്ങാട് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥനും പങ്കുണ്ടെന്ന് ആരോപണമുണ്ട്. വ്യാജ രേഖയിൽ ഒപ്പിട്ട് നൽകിയത് ഈ പൊലീസ് ഉദ്യോഗസ്ഥനാണെന്നാണ് ആരോപണം. എന്നാൽ ഇയാളെ ഒഴിവാക്കി ഹോംഗാർഡിനെ മാത്രം പ്രതിയാക്കി കേസ് ഒതുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ആക്ഷേപമുയരുന്നു.
