വരൂ, കാണൂ… കുട്ടനാടിന്റെ ഈ ആമ്പൽ വസന്തം

ആലപ്പുഴ-ചങ്ങനാശ്ശേരി റൂട്ടിൽ പള്ളിക്കൂട്ടുമ്മ ഭാഗത്ത് വിരിഞ്ഞ ചുവന്ന ആമ്പൽ പൂക്കൾ
ആലപ്പുഴ: കണ്ണെത്താദൂരത്തോളം ചെമ്പട്ട് വിരിച്ചപോലെ പരന്നുകിടക്കുന്ന ചുവന്ന ആമ്പലുകൾ. അത് കാണാനും ഫോട്ടോ എടുക്കാനും ദൂരെദേശങ്ങളിൽനിന്ന് വരെ ഏറെ സഞ്ചാരികൾ എത്തുന്നു. ചുവന്ന ആമ്പലുകൾ പറിച്ചെടുത്ത് വഴിയരികിൽ വിൽക്കാൻ വെച്ചിരിക്കുന്ന ചെറുകച്ചവടക്കാരുമുണ്ട്. ആലപ്പുഴ-ചങ്ങനാശ്ശേരി റൂട്ടിൽ പള്ളിക്കൂട്ടുമ്മ ഭാഗത്ത് റോഡിന് വടക്കായാണ് കണ്ണും മനസ്സും നിറയ്ക്കുന്ന കാഴ്ച.
കൊയ്ത്തും വെള്ളപ്പൊക്കവും കഴിഞ്ഞ പാടത്തും തോട്ടിലുമായി ഏക്കറുകണക്കിന് പ്രദേശമാകെ ചുവന്നു ജ്വലിക്കുകയാണ്. കോട്ടയം ജില്ലയിലെ മലരിക്കൽ ഭാഗത്ത് ആമ്പൽ ടൂറിസം ജനപ്രിയമായപോലെ സാധ്യതയുള്ള പ്രദേശമാണ് പള്ളിക്കൂട്ടുമ്മ.
ആമ്പൽ പൂക്കൾ അടുത്തുകാണാനും തൊട്ടറിയാനും താൽപര്യമുള്ളവരെ ചെറുവള്ളങ്ങളിൽ കയറ്റിക്കൊണ്ടുപോകാൻ നാട്ടുകാർ ചില സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും ഔദ്യോഗിക സംവിധാനങ്ങൾ ഒന്നുമില്ല. ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ മനസ്സുവെച്ചാൽ കുട്ടനാടൻ ചുവപ്പ് ടൂറിസ്റ്റുകളുടെ ഹൃദയത്തിലും നിറക്കാനാകും.
