അവള് ജപ്പാനിലാ; സീമയുടെ കള്ളം അമ്മ ടി.വിയിൽ പിടിച്ചു

നഗോയ: ഏഷ്യൻ ഗെയിംസ് വനിതാ വിഭാഗം 10,000 മീറ്റർ മത്സരം വ്യാഴാഴ്ച വൈകുന്നേരം ജപ്പാനിലെ ഐച്ചി നഗോയയിൽ പുരോഗമിക്കുമ്പോൾ ഹിമാചൽ പ്രദേശിലെ ചമ്പയിൽ നിന്നും വിദൂര ഗ്രാമത്തിലെ വീട്ടിലെ ടി.വിക്ക് മുന്നിലിരുന്ന് മകളുടെ ഓട്ടംകാണുകയായിരുന്നു 79കാരിയായ ആ വീട്ടമ്മ. രാജ്യത്തിന്റെ അഭിമാനമായ മകൾ സീമ കുമാരി ഏഷ്യൻ ഗെയിംസിൽ മത്സരിക്കാൻ ജപ്പാനിലേക്ക് പോയതൊന്നും അമ്മ കേസരി ദേവി അറിയില്ല. ആറു മക്കളിൽ ഏറ്റവും ഇളയവളാണ് സീമ. അവൾ വളർന്ന് ലോകം കണ്ട് തുടങ്ങും മുമ്പേ പിതാവിനെ നഷ്ടമായതോടെ അമ്മയുടെ കരുതൽ കൂടി. അവൾ വീടുവിട്ട് പോകുന്നതുതന്നെ അമ്മക്ക് വലിയ ആധിയാണ്. ചെറിയ പ്രായത്തിൽ തന്നെ ഓട്ടം തുടങ്ങിയ സീമ മെഡലുകൾ വാരിക്കൂട്ടിയെത്തുന്നതൊന്നും അമ്മമനസ്സിലെ ആശങ്കകളകറ്റിയില്ല. എവിടെ പോയാലും അവർ വേഗം തിരിച്ചെത്തണം. ബംഗളൂരുവിൽ പരിശീലനത്തിന് പോയാലും ഹിമാചലിലെ വീട്ടിൽ ആ അമ്മമനസ്സ് തളർന്നിരിക്കും. അതുകൊണ്ടുതന്നെ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നതൊന്നും അറിയിക്കാതെയാണ് സീമ ജപ്പാനിലേക്ക് പറന്നത്.
‘അമ്മയുടെ 45ാം വയസ്സിലാണ് എന്റെ ജനനം. 12 ആകുമ്പോഴേക്കും അച്ഛൻ മരിച്ചു. ഞാൻ വീടുവിട്ട് എവിടെ പോകുമ്പോഴും അമ്മക്ക് ടെൻഷനാവും. വീട്ടിൽ തിരിച്ചെത്തിയില്ലെങ്കിൽ ഉറക്കം പോലുമുണ്ടാവില്ല. രക്തസമ്മർദം ഉൾപ്പെടെ പ്രയാസങ്ങളുണ്ട്. പലപ്പോഴും പരിശീലനത്തിന് പോകുന്നതൊന്നും പറയാറില്ല. എല്ലാം പങ്കുവെക്കുന്നത് മൂത്ത ചേച്ചിയോടാണ്. ഏഷ്യൻ ഗെയിംസിന് വന്നപ്പോഴും ഞാൻ ബംഗളൂരുവിലാണെന്നായിരുന്നു അമ്മ കരുതിയത്. മത്സരത്തിനുമുമ്പ് ചേച്ചിയാണ് ജപ്പാനിലേക്ക് പോയ കാര്യം പറഞ്ഞത്. ഞാൻ മത്സരിക്കാനിറങ്ങിയപ്പോൾ അമ്മയും സഹോദരിമാർക്കൊപ്പം ടി.വിയിൽ കാണാനിരുന്നു. എന്റെ വളർച്ചയിൽ അമ്മയുടെയും സഹോദരിമാരുടെയും അധ്വാനവുമുണ്ട്’ -ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ ഇന്ത്യയുടെ മൂന്നാം മെഡൽ നേട്ടത്തിനുപിന്നാലെ സീമ പറഞ്ഞു.
പതിനായിരം മീറ്റർ വനിതകളിൽ 16 വർഷത്തിനുശേഷം ലഭിച്ച വെങ്കലത്തിന് സ്വർണത്തോളം തിളക്കമുണ്ട്. പ്രീജാ ശ്രീധരനും കവിതാ റാവത്തും 2010 ഗ്വാങ്ഷു ഗെയിംസിൽ നേടിയ സ്വർണത്തിനും വെള്ളിക്കും ശേഷം ആദ്യമായാണ് മെഡലെത്തുന്നത്. 32 മിനിറ്റ് 50.05 സെക്കൻഡിലായിരുന്നു മെഡൽ നേട്ടം. ഇനി 5000 മീറ്ററിലും സീമ ട്രാക്കിലിറങ്ങും
