'ഇനി മുഹമ്മദ് ഷമിയിലേക്ക് തിരിഞ്ഞുനോക്കേണ്ടതില്ല, ഇന്ത്യക്ക് മറ്റ് പേസർമാരുണ്ട്'; ദിനേശ് കാർത്തിക്

ന്യൂഡൽഹി: ഡൊമസ്റ്റിക് ക്രിക്കറ്റിൽ മികച്ച പ്രകടനം തുടരുമ്പോഴും വെറ്ററൻ പേസർ മുഹമ്മദ് ഷമിക്ക് ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് എളുപ്പമാകില്ലെന്ന് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ദിനേശ് കാർത്തിക്. ഷമിയെ മറികടന്ന് ഇന്ത്യൻ ടീം മുന്നോട്ട് പോയിക്കഴിഞ്ഞെന്നും ഇനി അദ്ദേഹത്തെ തിരിച്ചുകളത്തിലിറക്കുന്നതിൽ കാര്യമില്ലെന്നും കാർത്തിക് വ്യക്തമാക്കി.
2025-ലാണ് ഷമി അവസാനമായി അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ചത്. പരിക്കുകളും ഫിറ്റ്നസ് പ്രശ്നങ്ങളും കാരണം ടീമിൽ നിന്ന് പുറത്തായ താരത്തിന്, പിന്നീട് മികവ് കാട്ടിയിട്ടും ദേശീയ സെലക്ഷൻ കമ്മിറ്റിയുടെ ശ്രദ്ധ പിടിച്ചുപറ്റാൻ കഴിഞ്ഞിരുന്നില്ല. വെസ്റ്റ് ഇൻഡീസിനെതിരായ സമീപകാല ഏകദിന പരമ്പരയിൽ ഇന്ത്യൻ ബൗളർമാർ വൻതോതിൽ റൺസ് വഴങ്ങിയപ്പോഴും ഷമിയെ തിരിച്ചുവിളിക്കണമെന്ന വാദത്തോട് കാർത്തിക് യോജിച്ചില്ല.
“ഷമി ഇപ്പോഴും മികച്ച രീതിയിൽ പന്തെറിയുന്നുണ്ട് എന്നത് ശരിയാണ്. എന്നാൽ ഇന്ത്യൻ ടീം അതിനെയെല്ലാം മറികടന്ന് ഏറെ മുന്നോട്ട് പോയിക്കഴിഞ്ഞു. അതിനാൽ ഇനി അദ്ദേഹത്തിലേക്ക് തിരിച്ചുപോകുന്നതിൽ അർഥമില്ല,” ക്രിക്ബസ്സിന് നൽകിയ അഭിമുഖത്തിൽ കാർത്തിക് പറഞ്ഞു.
അർഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ തുടങ്ങിയ ബൗളേഴ്‌സിന് പുറമെ ഗുർനൂർ ബ്രാർ, ആഖിബ് നബി, അൻഷുൽ കംബോജ് തുടങ്ങിയ യുവതാരങ്ങൾക്കും മാനേജ്മെന്റ് കൂടുതൽ അവസരങ്ങൾ നൽകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, രോഹിത് ശർമയും വിരാട് കോഹ്‌ലിയും ഇന്ത്യൻ ടീമിൽ തുടരണമെന്ന് കാർത്തിക് അഭിപ്രായപ്പെട്ടു. വരാനിരിക്കുന്ന ലോകകപ്പിന് ശേഷം ഇരുവരും വിരമിച്ചാൽ അത് ഏകദിന ക്രിക്കറ്റിന്റെ ജനപ്രീതിയെയും ഭാവിയെയും പ്രതികൂലമായി ബാധിക്കുമെന്നും കാർത്തിക് കൂട്ടിച്ചേർത്തു.
