മധ്യവയസ്കരിൽ ജീവനൊടുക്കുന്ന പ്രവണത വർധിക്കുന്നു; ആറുമാസത്തിനിടെ 1,743 മരണം

തൊടുപുഴ: സംസ്ഥാനത്ത് ആത്മഹത്യ നിരക്കുകളിൽ ആശങ്കജനകമായ വർധന. 2016 മുതൽ 2026 ജൂൺ വരെയുള്ള കാലയളവിലെ കണക്കുകൾ പരിശോധിച്ചാൽ 50 വയസ്സിന് മുകളിലുള്ളവരിലാണ് ആത്മഹത്യ നിരക്ക് ഉയർന്നു നിൽക്കുന്നത്. 30-50 വയസ്സ് വരെയുള്ളവരിലും വർധനയുണ്ട്. 50ന് മുകളിലുള്ളവരിൽ 2016ൽ 2,536 ആയിരുന്ന മരണസംഖ്യ 2024 ആയപ്പോൾ 4,458 ആയി കുതിച്ചു. 2026 ജനുവരി മുതൽ ജൂൺ വരെയുള്ള കണക്കിൽ സംഖ്യ 1,743ലെത്തി നിൽക്കുകയാണ്.
വയോജനങ്ങളിൽ സാമ്പത്തിക പ്രതിസന്ധി, രോഗഭയം, ഒറ്റപ്പെടൽ, മാനസിക സമ്മർദം എന്നിവ വർധിക്കുന്നതാണ് ജീവിതം അവസാനിപ്പിക്കാൻ കാരണമാകുന്നതെന്നാണ് മനഃശാസ്ത്ര വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കുടുംബപരമായ ഉത്തരവാദിത്തങ്ങളും സാമ്പത്തിക ബാധ്യതകളും ഏറുന്ന 30 മുതൽ 50 വയസ്സ് വരെയുള്ളവരുടെ കാര്യം പരിശോധിച്ചാൽ, ആത്മഹത്യ നിരക്ക് ഇക്കാലയളവിൽ 2,000ൽനിന്ന് 2,840ലേക്ക് ഉയർന്നു.
18-30 പ്രായമുള്ള യുവാക്കളുടെ വിഭാഗത്തിൽ, 2016ൽ 987 ആയിരുന്നത് 2023ൽ 1,302 ആയി വർധിച്ചു. 2024ൽ 1271, 2025ൽ 1293 എന്നിങ്ങനെയും ഉയർന്നു. ലഹരി ഉപയോഗം, തൊഴിലില്ലായ്മ, സാമ്പത്തിക സമ്മർദങ്ങൾ, പ്രണയ നൈരാശ്യം എന്നിവയാണ് ഇവരിൽ ഭൂരിഭാഗം പേരുടെയും മരണത്തിന് ഇടയാക്കിയത്.
വിദ്യാർഥികൾക്കിടയിലെ ആത്മഹത്യയും വർധിക്കുകയാണ്. 2016ൽ 103 ആയിരുന്നത് 2024ൽ 176ലെത്തി. 2026ൽ ജൂൺ വരെ 86 പേരാണ് ജീവിതം അവസാനിപ്പിച്ചത്. പരീക്ഷാ ഭയം, കുടുംബ പ്രശ്നങ്ങൾ, സൈബർ\മൊബൈൽ അഡിക്ഷൻ എന്നിവ കുട്ടികളുടെ മാനസിക ആരോഗ്യത്തെ സാരമായി ബാധിക്കുന്നതായി പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
പത്ത് വർഷത്തിനിടെ സംസ്ഥാനത്ത് 96,809 ആത്മഹത്യകളാണ് റിപ്പോർട്ട് ചെയ്തത്. ഇവരിൽ 75,689 പേർ പുരുഷൻമാരും 21,109 സ്ത്രീകളും 11 ട്രാൻസ്ജെൻഡറുകളുമാണ്. കൂടാതെ പല പ്രധാന നഗരങ്ങളിലും ഗ്രാമീണ മേഖലകളിലും ആത്മഹത്യ വർഷംതോറും ഉയരുന്നതായാണ് കണക്കുകൾ.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആത്മഹത്യ റിപ്പോർട്ട് ചെയ്യുന്നത് തിരുവനന്തപുരം റൂറൽ പരിധിയിലാണ്. 2016ൽ 853 ആയിരുന്നത് 2023ൽ 1,201ലും 2025ൽ 1,108ലുമെത്തി. കേസുകളിലേക്കും എത്തി. സിറ്റി മേഖലയെ അപേക്ഷിച്ച് റൂറൽ മേഖലകളിൽ മൂന്നിരിട്ടിയിലധികമാണ് ആത്മഹത്യ നിരക്ക്. എറണാകളും, തൃശൂർ, കോഴിക്കോട് ജില്ലകളിലും സിറ്റി പരിധിയേക്കാൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് റൂറലിലാണ്. സ്ഥിരമായി ഉയർന്ന നിരക്ക് രേഖപ്പെടുത്തുന്ന ജില്ലകളിലൊന്നാണ് പാലക്കാട്. 2016ൽ 732 ആയിരുന്നത് 2023ൽ 937, 2024ൽ 902, 2025ൽ 899 എന്നിങ്ങനെയാണ് ഉയർന്നത്.
കോവിഡ് കാലഘട്ടത്തിനുശേഷം മിക്ക ജില്ലകളിലും ആത്മഹത്യ നിരക്കിൽ കാര്യമായ വർധനവുണ്ട്. വിവിധ തൊഴിൽ മേഖലയുമായി ബന്ധപ്പെട്ടവരുടെ കണക്കുകൾ പരിശോധിച്ചാൽ 10 വർഷത്തിനിടെ ആറ് കർഷകരാണ് ജീവനൊടുക്കിയത്. മരിച്ചവരിൽ 1067 പേർ സർക്കാർ ജോലിക്കാരും 12,136 പേർ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുമാണ്. 4,150 വിദ്യാർഥികളും ഉൾപ്പെടുന്നു.
