981-ാം ഗോളടിച്ച് ക്രിസ്റ്റ്യാനോ; എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ അൽ നസ്റിന് ജയം

റിയാദ്: യുവേഫ നേഷൻസ് ലീഗിനിടെ പോർചുഗൽ ടീം ക്യാമ്പ് വിട്ടതിന് അച്ചടക്ക നടപടി നേരിട്ടതിന് പിന്നാലെ ഗോളടിച്ച് തിളങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോ. റിയാദിലെ അൽ അവ്വൽ പാർക്കിൽ നടന്ന എ.എഫ്.സി ചാമ്പ്യൻസ് ലീഗിലെ അൽ നസ്ർ – നെഫ്റ്റ്ചി ഫെർഗാന മത്സരത്തിലാണ് താരം ഗോളടിച്ചത്. മത്സരത്തിൽ 42 -ാം മിനിറ്റിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോൾ. തന്റെ കരിയറിലെ 981-ാം ഗോളാണ് താരം നെഫ്റ്റ്ചി ഫെർഗാനക്കെതിരെ നേടിയത്.

സൗദിയിലെ ഹൂതി ആക്രമണത്തെ തുടർന്ന് ഒരു മണിക്കൂർ വൈകി തുടങ്ങിയ മത്സരത്തിൽ അൽ നസ്ർ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർപ്പൻ വിജയം സ്വന്തമാക്കി. മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെ അൽ നസ്ർ ലീഡ് നേടിയിരുന്നു. 33 -ാം മിനിറ്റിൽ ആഞ്ചലോ ഗബ്രിയേലാണ് ടീമിനെ മുന്നിലെത്തിച്ചത്.

ഒമ്പത് മിനിറ്റുകൾക്കകം അയ്മൻ യഹ്‌യ നൽകിയ അസിസ്റ്റിൽ ക്രിസ്റ്റ്യാനോയും പന്ത് വലയിലെത്തിച്ചു. പോർചുഗൽ ക്യാമ്പിലെ വിവാദങ്ങൾക്ക് ശേഷം തുടർച്ചയായ രണ്ടാം മത്സരത്തിലാണ് താരം ഗോൾ നേടുന്നത്. 45 -ാം മിനിറ്റിൽ നെഫ്റ്റ്ചി ഫെർഗാന തിരിച്ചടിച്ചെങ്കിലും വാർ പരിശോധനയിലൂടെ ഗോൾ റഫറി അസാധുവാക്കി.

എന്നാൽ, രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ നെഫ്റ്റ്ചി ഫെർഗാന തങ്ങളുടെ ആദ്യ ഗോൾ കണ്ടെത്തി. ടീമിനായി അലിഷർ ഒഡിലോവാണ് 51 -ാം മിനിറ്റിൽ ലക്ഷ്യം കണ്ടത്. പിന്നീട് ഒരു ഗോൾ കൂടി നേടി സമനില പിടിക്കാൻ ഉസ്‌ബെകിസ്താൻ ക്ലബ് ശ്രമം നടത്തിയെങ്കിലും മിഡ്‌ഫീൽഡ് താരം ഇക്രോംജോൺ അലിബേവ് ചുവപ്പ് കണ്ട് മടങ്ങിയത് ടീമിന് വിനയായി.

ശേഷിക്കുന്ന സമയം പത്ത് പേരുമായി കളിച്ച നെഫ്റ്റ്ചി ഫെർഗാനബയ്ക്ക് പിന്നീട് മത്സരത്തിലേക്ക് തിരിച്ചെത്താൻ സാധിച്ചില്ല. 78 -ാം മിനിറ്റിൽ അൻവർജോൺ ഗോഫുറോവിന്റെ കാലിൽ നിന്ന് ഒരു ഓൺ ഗോൾ കൂടി പിറന്നതോടെ ടീമിന്റെ പതനം പൂർത്തിയായി. ഫൈനൽ വിസിലെത്തിയതോടെ 3 -1 എന്ന സ്കോറിന് അൽ നസ്ർ വിജയം സ്വന്തമാക്കി.