ഷിഗല്ലെ ഭീഷണി ഒഴിയുന്നില്ല; രോഗബാധിതർ ഏഴായി, 51 സ്ഥാപനങ്ങളിൽ പരിശോധന

ഏലംകുളത്ത് ആരോഗ്യ ഉദ്യോഗസ്ഥർ ഷിഗെല്ലക്കെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി ഫീൽഡ്തല പരിശോധനയിൽ
പെരിന്തൽമണ്ണ: അപൂർവ പകർച്ചരോഗമായ ഷിഗല്ലെക്കെതിരെ പ്രതിരോധവും ബോധവത്കരണവും തുടരുന്ന ഏലംകുളം പഞ്ചായത്തിൽ രോഗികളുടെ എണ്ണം ഏഴായി. വ്യാപനം തടയാൻ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനയും പ്രതിരോധപ്രവർത്തനങ്ങളും ഊർജിതമാക്കി. ഏഴ് പേർക്ക് രോഗം സ്ഥിരീകരിച്ചതടക്കം 115 പേരാണ് ലക്ഷണങ്ങളുമായി ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്. വയറിളക്കം, പനി, വയറുവേദന, ഛർദി തുടങ്ങിയവയാണ് ലക്ഷണങ്ങൾ.
രോഗലക്ഷണമുള്ളവർ സ്വയംചികിത്സക്ക് മുതിരാതെ ഉടൻ ആശുപത്രിയിലെത്തി ചികിത്സ തേടണമെന്ന് ഏലംകുളം മെഡിക്കൽ ഓഫിസർ ഡോ. ടി.പി. ഷമീർ അറിയിച്ചു. 51 സ്ഥാപനങ്ങളിൽ ആരോഗ്യ ഉദ്യോഗസ്ഥർ നാല് സ്ക്വാഡുകളായി പരിശോധന നടത്തി. ഏലംകുളം കുടുംബാരോഗ്യകേന്ദ്രത്തിലെ ആരോഗ്യ ഉദ്യോഗസ്ഥർക്ക് പുറമെ സമീപ പഞ്ചായത്തുകളിലെ ഹെൽത്ത് ഇൻസ്പെക്ടർമാരും ചേർന്നായിരുന്നു പരിശോധന.
ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ നാസർ, ഹെൽത്ത് ഇൻസ്പെക്ടർ ജി. എൽ ഷിബു എന്നിവർ നേതൃത്വം നൽകി. പാകപ്പിഴ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകും. പരിഹരിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ തുടർനടപടികളുണ്ടാവും. അംഗൻവാടികൾ, സ്കൂളുകൾ, മദ്റസകൾ എന്നിവിടങ്ങളിൽ ക്ലോറിനേഷൻ പൂർത്തിയാക്കി. 83 ജലസാമ്പിളുകൾ ശേഖരിച്ച് പരിശോധനക്കയച്ചു. കുടിവെള്ളത്തിന്റെ സുരക്ഷ ഉറപ്പാക്കാനും രോഗവ്യാപന സാധ്യത ഇല്ലാതാക്കാനുമാണ് മുഖ്യശ്രദ്ധ. ആരോഗ്യവകുപ്പിന്റെ ജാഗ്രത രോഗവ്യാപനം നിയന്ത്രിക്കാൻ സഹായിച്ചിട്ടുണ്ട്. രോഗവ്യാപനം നിയന്ത്രിക്കാൻ പൊതുജനങ്ങളുടെ സഹകരണം വേണമെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു. വേവിക്കാത്ത ഭക്ഷണവസ്തുക്കളുടെ ഉപയോഗം ഒഴിവാക്കണമെന്നും അറിയിച്ചു.
