ഐ.ഒ.എ തെരഞ്ഞെടുപ്പിൽ ഗുരുതര ക്രമക്കേടെന്ന് ഉഷ; അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് കത്തയച്ചു

ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നതായി ആരോപിച്ച് പ്രസിഡന്റ് പി.ടി. ഉഷ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് കത്തയച്ചു. തെരഞ്ഞെടുപ്പിലെ കാര്യങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്നും 2036 ഒളിമ്പിക്സിന് വേദിയാകാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ വിവാദങ്ങൾ ബാധിക്കുമെന്നും അവർ വ്യക്തമാക്കി. നവംബർ ഒമ്പതിന് ഐ.ഒ.സി പ്രസിഡന്റ് കിർസ്റ്റി കോവെൻട്രിക്ക് അയച്ച മൂന്ന് പേജുള്ള രഹസ്യ കത്തിലാണ് ഉഷ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. വിഷയം ഐ.ഒ.സിയുടെ എത്തിക്സ് കമീഷൻ അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
‘സ്പോർട്സ് പേഴ്സൻസ് ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ്’ തെരഞ്ഞെടുപ്പിൽ നിലവിലെ എക്സിക്യൂട്ടിവ് കൗൺസിൽ അംഗങ്ങളായ ദോള ബാനർജി, യോഗേശ്വർ ദത്ത് എന്നിവരുടെ പേരിൽ വാട്സ്ആപ് വഴി പ്രചാരണം നടന്നതായി കത്തിൽ പറയുന്നു. രഹസ്യ ബാലറ്റ് ആയിരുന്നിട്ടും വോട്ട് ചെയ്തതിന്റെ തെളിവ് നൽകാൻ വോട്ടർമാരോട് ആവശ്യപ്പെട്ടതായും കേന്ദ്ര കായിക മന്ത്രാലയത്തിന്റെ പേര് ഇതിനായി ഉപയോഗിച്ചതായും ഉഷ ആരോപിച്ചു. തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന വരണാധികാരി സഞ്ജയ് കെ. ശ്രീവാസ്തവക്ക് നാലുതവണ രേഖാമൂലം പരാതി നൽകിയിട്ടും ഒരു മറുപടി പോലും ലഭിച്ചില്ലെന്ന് കത്തിൽ പറയുന്നു.
വനിതാ വിഭാഗത്തിലെ നാല് എസ്.ഒ.എം സ്ഥാനങ്ങളിലേക്ക് നടന്ന ഓൺലൈൻ വോട്ടെടുപ്പിൽ ആറുപേരാണ് മത്സരിച്ചത്. ആകെ 80ൽ 40 വോട്ടുകൾ മാത്രം നേടി ഉഷ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 53 വോട്ടുമായി അഞ്ജു ബോബി ജോർജ് ഒന്നാമതായി. റാണി രാംപാൽ, ദോള ബാനർജി, സൈന നെഹ്വാൾ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ഐ.ഒ.എ ഭരണഘടന പ്രകാരം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കണമെങ്കിൽ എസ്.ഒ.എം അംഗമോ ജനറൽ അസംബ്ലി അംഗമോ ആയിരിക്കണം. പരാജയത്തോടെ ഡിസംബർ അഞ്ചിന് നടക്കുന്ന തെരഞ്ഞെടുപ്പിലൂടെ രണ്ടാം തവണയും പ്രസിഡന്റാകാനുള്ള ഉഷയുടെ സാധ്യതകൾക്ക് വലിയ തിരിച്ചടിയേറ്റിരിക്കുകയാണ്.
അതേസമയം, എല്ലാവരും മത്സരിക്കുന്നത് വിജയിക്കാനാണെന്നും എന്നാൽ ജയവും തോൽവിയും ഒരുപോലെ അംഗീകരിക്കാൻ കഴിയണമെന്നും മുൻ അന്താരാഷ്ട്ര ലോങ് ജംപ് താരം അഞ്ജു ബോബി ജോർജ് പ്രതികരിച്ചു. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ വനിത പ്രതിനിധികളുടെ തെരഞ്ഞെടുപ്പിനെക്കുറിച്ചും പരാജയപ്പെട്ട പി.ടി.ഉഷയുടെ ആരോപണങ്ങളെക്കുറിച്ചും പ്രതികരിക്കുകയായിരുന്നു അഞ്ജു. ‘ഇത്രയും വലിയ ഒരു ഫോറത്തിൽ, വലിയ രീതിയിൽ പ്രചാരണം നടത്തി മത്സരിക്കുന്നത് ആദ്യ അനുഭവമാണെന്നും മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചെന്നാണ് കരുതുന്നതെന്നും അഞ്ജു തുടർന്നു.
ഒപ്പം മത്സരരംഗത്തുണ്ടായിരുന്നവർ ആരും പിന്നിലുള്ളവരല്ല. എല്ലാവരും അവരുടെ കരിയറിൽ മികച്ച പ്രകടനം കാഴ്ചവെച്ചവരാണ്. ഇതൊരു ഭരണസംവിധാനത്തിലേക്കുള്ള തെരഞ്ഞെടുപ്പാണ്. 80 വോട്ടർമാരും നമ്മളെ കണ്ടു വളർന്നുവന്നവരാണ്. അവർക്കു മുന്നിൽ നമ്മളെ പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ല. നമ്മുടെ ഭരണമികവ്, ആളുകളോട് എങ്ങനെ പെരുമാറുന്നു എന്നതൊക്കെ അവർ വിലയിരുത്തും. 80 വോട്ടിൽ 53 എണ്ണം ലഭിച്ചത് വലിയ സംഖ്യ തന്നെയാണ്. എത്ര പേർ വോട്ടു ചെയ്തെന്നു മാത്രമേ അറിയൂ. ആരൊക്കെയാണ് ചെയ്തതെന്ന് അറിയില്ല. എന്തെങ്കിലും പരാതികളുണ്ടെങ്കിൽ തെളിയിക്കുക. മാന്യമായ രീതിയിലാണ് പ്രചാരണം നടത്തിയത്. എന്തെങ്കിലും ആക്ഷേപങ്ങളുണ്ടെങ്കിൽ തെളിയിക്കണം. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പരാതിയുണ്ടെങ്കിൽ ബന്ധപ്പെട്ട കേന്ദ്രങ്ങളെ സമീപിക്കണം. ചില പ്രശ്നങ്ങൾ തനിക്കും തോന്നിയിരുന്നെന്നും അഞ്ജു കൂട്ടിച്ചേർത്തു.
