ഇന്ത്യൻ മുൻനിര വീണ്ടും നിരാശപ്പെടുത്തി; അഞ്ചാം ഏകദിനത്തിൽ ന്യൂസിലാൻഡ് പിടിമുറുക്കുന്നു

മൗണ്ട് മൗംഗനുയി: ഇന്ത്യക്കെതിരെയുള്ള അഞ്ചാം ഏകദിനത്തിൽ ആതിഥേയരായ ന്യൂസിലാൻഡ് പിടിമുറുക്കുന്നു. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 210 റൺസിന്റെ വിജയലക്ഷ്യം പിന്തുടരുന്ന കിവീസ് ഭേദപ്പെട്ട നിലയിലാണ്. 19 ഓവറുകൾ പിന്നിടുമ്പോൾ ന്യൂസിലാൻഡ് രണ്ട് വിക്കറ്റിന് 75 റൺസെടുത്തിട്ടുണ്ട്. നിക്ക് കെല്ലി (41 പന്തിൽ 23), ഡീൻ ഫോസ്ക്രോഫ്റ്റ് (പത്ത് പന്തിൽ പത്ത്) എന്നിവരാണ് ക്രീസിൽ.
വിൽ യങ് (42 പന്തിൽ 22), ടിം സി ഫെർട് (21 പന്തിൽ 14) എന്നിവരെയാണ് ന്യൂസിലാൻഡിന് നഷ്ടമായത്. മുഹമ്മദ് സിറാജിനും അർഷദീപ് സിങ്ങിനുമാണ് വിക്കറ്റുകൾ.
അതേസമയം, ജീവന്മരണ പോരാട്ടത്തിൽ പരമ്പര സ്വന്തമാക്കാൻ വിജയം അനിവാര്യമാണ്. നിലവിൽ 2-`1 എന്ന നിലയിൽ ഇന്ത്യ മുന്നിലാണ്. മഴ കാരണം മൂന്നാം ഏകദിനം ഒഴിവാക്കിയതും കഴിഞ്ഞ മത്സരത്തിൽ കനത്ത തോൽവി ഏറ്റുവാങ്ങിയതുമാണ് ഇന്ത്യൻ സംഘത്തിന് വിനയായത്. മറുവശത്ത് ഇന്ന് ജയിക്കാൻ സാധിച്ചാൽ കിവീസിന് പരമ്പരയിൽ ഇന്ത്യക്ക് ഒപ്പത്തിനൊപ്പമെത്താം.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ടോപ് ഓർഡർ വീണ്ടും നിരാശപ്പെടുത്തി. രോഹിത് ശർമ്മ (13 പന്തിൽ ഏഴ്), വിരാട് കോഹ്ലി (ഏഴ് പന്തിൽ അഞ്ച്) എന്നിവരെ മാത്യു ഫിഷർ പുറത്താക്കിയപ്പോൾ റുതുരാജ് ഗെയ്ക്വാദിനെ (27 പന്തിൽ 18) ജേക്കബ് ഡഫി മടക്കി.
26 പന്തിൽ 22 റൺസുമായി ശ്രേയസ് അയ്യർ പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും ബ്ലെയർ ടിക്കനർക്ക് മുന്നിൽ വീണു. പിന്നാലെ ഒത്തുചേർന്ന അക്ഷർ പട്ടേൽ – ഇഷാൻ കിഷൻ സഖ്യമാണ് ഇന്ത്യയെ പിടിച്ചുയർത്തിയത്.
എന്നാൽ, അർധ സെഞ്ച്വറിക്ക് നാല് റൺസ് അകലെ ഇരുവരും വീണു. 55 പന്തിൽ 46 റൺസുമായി ആദ്യം അക്ഷറും പിന്നാലെ 58 പന്തിൽ 46 റൺസുമായി കിഷനും മടങ്ങി. അതോടെ വീണ്ടും ഇന്ത്യ പ്രതിസന്ധിലായി. നമൻ ധിർ (22), മുഹമ്മദ് സിറാജ് (പുറത്താകാതെ 14), അർഷ്ദീപ് സിങ് (14) എന്നിവരുടെ പ്രകടനമാണ് ഇന്ത്യൻ സ്കോർ 200 കടത്തിയത്. ഒടുവിൽ 42. 1 ഓവറിൽ 209 റൺസിന് ഇന്ത്യ പുറത്തായി.
കിവീസിന് വേണ്ടി ക്യാപ്റ്റൻ മിച്ചൽ സാന്റ്നറും ജേക്കബ് ഡഫിയും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. മാത്യു ഫിഷർ രണ്ട് വിക്കറ്റുകളെടുത്തപ്പോൾ മൈക്കൽ ബ്രസ്വെൽ, ബ്ലെയർ ടിക്നർ എന്നിവർ ഓരോ വിക്കറ്റുകളും നേടി.
