പ്രളയത്തിൽ നഷ്ടപ്പെട്ട സ്വർണാഭരണം തോട്ടിൽ; ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ച് വിദ്യാർഥികൾ

വേങ്ങര: ഒതുക്കുങ്ങൽ തോട്ടിൽനിന്ന് വീണു കിട്ടിയ സ്വർണാഭരണവും പഴ്സും ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ച് മാതൃകയായിരിക്കുകയാണ് വിദ്യാർഥികൾ. ഒതുക്കുങ്ങൽ പൊട്ടിക്കല്ലിലെ മൻസൂർ കല്ലംകാടന്റെ മകൻ അഷ്മിൽ, സുബൈർ കടമ്പോട്ടിന്റെ മകൻ റാഫി, ശരീഫ് കടമ്പോട്ടിന്റെ മകൻ ഷഹൽ എന്നിവർക്കാണ് സ്വർണം വീണു കിട്ടിയത്. പറപ്പൂർ ഐ.യു ഹയർ സെക്കൻഡറി സ്കൂൾ , ഒതുക്കുങ്ങൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളാണിവർ. തോട്ടിൽ ഞണ്ടു പിടിക്കുന്നതിനിടെയാണ് ഇവർക്ക് കല്ലുകൾക്കിടയിൽനിന്ന്, സ്വർണവും രേഖകളും അടങ്ങിയ പഴ്സും ലഭിച്ചത്. പഴ്സിൽനിന്ന് ലഭിച്ച അഡ്രസിലൂടെയാണ് ഉടമ പൊട്ടിക്കല്ല് ആലുങ്ങൽ സുരേന്ദ്രന്റെ ഭാര്യയും ഊരകം നെല്ലിപ്പറമ്പ് ജി.എൽ.പി സ്കൂളിലെ അധ്യാപികയുമായ ശ്രീജയാണ് തിരിച്ചറിഞ്ഞത്. കഴിഞ്ഞ ജൂൺ മാസം വീട്ടിലേക്ക് വെള്ളം കയറിത്തുടങ്ങിയപ്പോൾ രേഖകളും മറ്റും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനിടയിലാണ് അരപ്പവനോളം വരുന്ന സ്വർണാഭരണവും പഴ്സും വെള്ളത്തിൽ വീണ് നഷ്ടപ്പെട്ടത്. വിദ്യാർഥികളെ നാട്ടുകാരും കുടുംബാംഗങ്ങളും അഭിനന്ദിച്ചു.
