കോഴിക്കോട് മെഡിക്കൽ കോളജിലെ കൂട്ട കോപ്പിയടി പൊക്കി; 'ചതിച്ചത്' സിസിടിവി: 25 വിദ്യാർഥികളെ വീണ്ടും പരീക്ഷ എഴുതിപ്പിച്ചു

കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജിൽ നടന്ന അവസാന വർഷ പരീക്ഷയിൽ കൂട്ടത്തോടെ കോപ്പിയടിച്ച വിദ്യാർഥികളെ സർവകലാശാല അധികൃതർ കണ്ടെത്തി. കുറ്റക്കാരെന്നു തെളിഞ്ഞ 25 വിദ്യാർഥികളുടെ ജനറൽ മെഡിസിൻ പരീക്ഷ അസാധുവാക്കിയ സർവകലാശാല ഇവരുടെ പരീക്ഷ റദ്ദാക്കി.
കഴിഞ്ഞ ജൂലൈയിൽ കേരള ആരോഗ്യ സർവകലാശാല നടത്തിയ എംബിബിഎസ് അവസാന വർഷ പരീക്ഷയിലാണ് കൂട്ട കോപ്പിയടി നടന്നത്. പരീക്ഷ ഹാളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കോപ്പിയടി സർവകലാശാലയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് 32 വിദ്യാർത്ഥികളെയും അന്ന് പരീക്ഷ പരിശോധന ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരെയും സർവകലാശാലയുടെ അച്ചടക്ക സമിതി നേരിട്ട് വിളിച്ചുവരുത്തി തെളിവെടുത്തു. ഇവരെ ശാസിക്കുകയും ചെയ്തിരുന്നു. കുറ്റക്കാരെന്നു തെളിഞ്ഞ 25 വിദ്യാർത്ഥികളുടെ ജനറൽ മെഡിസിൻ പരീക്ഷ അസാധുവാക്കി. അവർ അടുത്ത ചാൻസിൽ വീണ്ടും പരീക്ഷ എഴുതാൻ നിർദ്ദേശിച്ചിരുന്നു. അതുപ്രകാരം ഇവരുടെ തിയറി പരീക്ഷ കഴിഞ്ഞ ദിവസം നടന്നു. ക്ലിനിക്കൽ പരീക്ഷയുടെ തീയതി അടുത്ത ദിവസം വരും. കൂടാതെ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിക്കാൻ ശ്രമിച്ച ഒരു വിദ്യാർത്ഥിയെ പരീക്ഷകൾ എഴുതുന്നതിൽ നിന്നും ഒരു വർഷത്തേക്ക് വിലക്കി.
കുട്ടികൾക്ക് പ്രാക്ടിക്കൽ അടക്കം കോഴിക്കോട് മെഡിക്കൽ കോളേജിന് പുറത്തുനിന്ന് പരീക്ഷ നടത്താനായിരുന്നു മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചിരുന്നത്. എന്നാൽ പരീക്ഷ മെഡിക്കൽ കോളേജിന് പുറത്തേക്ക് മാറ്റുന്നത്, ഏതാനും വിദ്യാർഥികൾ നടത്തിയ കൃത്രിമത്തിന്റെ പേരിൽ ഒരു സ്ഥാപനത്തെയും വിദ്യാർഥികളെ മൊത്തത്തിൽ ആക്ഷേപിക്കുന്നതിന് തുല്യമാണെന്ന് കോളേജ് അധികൃതർ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കുകയും കോളേജിൽ വെച്ചുതന്നെ പരീക്ഷ നടത്താൻ അനുമതി നേടുകയുമായിരുന്നു. മാത്രമല്ല, മറ്റ് വിദ്യാർത്ഥികളുടെ കൂടെയാണ് ഇവർക്ക് പരീക്ഷ നടത്തുക. കുറച്ചു വിദ്യാർത്ഥികൾ കൃത്രിമം കാണിച്ചതിന്റെ പേരിൽ മറ്റ് വിദ്യാർത്ഥികളെക്കൂടി പരീക്ഷയ്ക്ക് മെഡിക്കൽ കോളേജിന് പുറത്തേക്ക് അയക്കാൻ കഴിയില്ലെന്നും അധികൃതർ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചു.
അച്ചടക്ക നടപടിയിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികളുടെ വാട്സാപ്പ് ഗ്രൂപ്പിൽ ഒരു വിദ്യാർത്ഥി സംഘടനയുടെ പേരിൽ വന്ന കുറിപ്പോടുകൂടിയാണ് കോപ്പിയടി പുറംലോകം അറിഞ്ഞത്. കേരളത്തിലെ ഒരു ഗവ. മെഡിക്കൽ കോളേജിൽ വിദ്യാർത്ഥികൾ കൂട്ടത്തോടെ കോപ്പിയടിച്ച് പിടിക്കപ്പെടുന്നത് ഇതാദ്യമാണ്. മികച്ച നിലവാരം പുലർത്തുകയും പ്രവേശനം നേടാൻ വിദ്യാർഥികൾ ആഗ്രഹിക്കുകയും ചെയ്യുന്ന മെഡിക്കൽ കോളേജിലാണ് ഇത്തരമൊരു ആക്ഷേപം ഉയർന്നത്. കോളേജ് അധികൃതർ ഈ സംഭവത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്.
