കുട്ടികൾക്ക് മുമ്പിൽ നഗ്നതാ പ്രദർശനം; നടൻ ശ്രീജിത്ത് രവിക്ക് ഒരുവർഷം തടവും 50,000 രൂപ പിഴയും

തൃശൂർ: പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മുമ്പിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരുവർഷം തടവുശിക്ഷയും 50,000 രൂപ പിഴയും വിധിച്ചു. തൃശൂർ സെഷൻസ് കോടതിയുടേതാണ് വിധി. 2022ൽ തൃശൂർ അയ്യന്തോളിലെ എസ്.എൻ. പാർക്കിന് സമീപം 14ഉം ഒമ്പതും വയസ്സുള്ള കുട്ടികൾക്കു മുമ്പിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന കേസിലാണ് ശിക്ഷ.

പാർക്കിന് സമീപത്തുവെച്ച് കാറിലെത്തിയ ഒരാൾ കുട്ടികൾക്ക് മുമ്പിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സംഭവത്തിനുശേഷം കുട്ടികൾ നൽകിയ മൊഴിയും പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളുമാണ് അന്വേഷണത്തിൽ നിർണായകമായത്.

കറുത്ത നിറത്തിലുള്ള കാറിലെത്തിയ വ്യക്തിയാണ് നഗ്നതാ പ്രദർശനം നടത്തിയതെന്ന് കുട്ടികൾ പൊലീസിന് മൊഴി നൽകിയിരുന്നു. ഇയാളെ നേരത്തേ പരിചയമുണ്ടെന്നും കുട്ടികൾ അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. തുടർന്ന് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ്, കാറിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു.

അയ്യന്തോൾ എസ്.എൻ. പാർക്കിന് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശ്രീജിത്ത് രവിയിലേക്ക് പൊലീസ് എത്തിയത്. കുട്ടികൾ നൽകിയ വിവരങ്ങളും വാഹനത്തിന്റെ വിശദാംശങ്ങളും പരിശോധിച്ചശേഷമാണ് നടനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ശ്രീജിത്ത് രവി പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നു.

തുടർന്ന് കേസിൽ നടന്ന വിചാരണക്കൊടുവിലാണ് തൃശൂർ സെഷൻസ് കോടതി ഒരുവർഷത്തെ തടവുശിക്ഷയും 50,000 രൂപ പിഴയും വിധിച്ചത്. കേസിൽ സി.സി.ടി.വി ദൃശ്യങ്ങൾ പ്രധാന തെളിവായി പരിഗണിക്കപ്പെടുകയായിരുന്നു. ശ്രീജിത്ത് രവി മുമ്പും സമാനമായ പരാതിയിൽ പൊലീസ് നടപടി നേരിട്ടിട്ടുണ്ട്. പാലക്കാട്ടുവെച്ച് കുട്ടികൾക്ക് മുമ്പിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന കേസിലും നേരത്തേ നടൻ അറസ്റ്റിലായിരുന്നു. ഇതിനുപിന്നാലെയാണ് തൃശൂരിലെ കേസിലും നിയമനടപടി നേരിട്ടത്.