‘അവന് 15 വയസ്സല്ല, കുറഞ്ഞത് 20-21 വയസ്സെങ്കിലും കാണും; 15 വയസ്സുകാരന് 28 സിക്സുകൾ അടിക്കാനാവില്ല’; വൈഭവിന്റെ പ്രായപരിശോധന ആവശ്യപ്പെട്ട് മുൻ പാക് താരം

ദുബൈ: യു.എ.ഇക്കെതിരെ റെക്കോഡ് ഇരട്ട സെഞ്ച്വറിയുമായി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ഇന്ത്യൻ കൗമാര താരം വൈഭവ് സൂര്യവംശിയുടെ പ്രായത്തെ ചോദ്യം ചെയ്ത് മുൻ പാകിസ്താൻ പേസ് ബൗളർ തൻവീർ അഹമ്മദ്. 15 വയസ്സുകാരന് ഇത്രയധികം സിക്സുകൾ പായിക്കാനുള്ള ശാരീരിക കരുത്തുണ്ടാകില്ലെന്നും വൈഭവിന്റെ പ്രായം പരിശോധിക്കണമെന്നും തൻവീർ ആവശ്യപ്പെട്ടു.

‘അവന് 15 വയസ്സല്ല, കുറഞ്ഞത് 20-21 വയസ്സെങ്കിലും കാണും. എത്ര പ്രതിഭയുള്ള താരമാണെങ്കിലും 15 വയസ്സുകാരന് 28 സിക്സുകൾ അടിക്കാനാവില്ല. ആ പ്രായത്തിലുള്ള കുട്ടിയുടെ ശരീരത്തിനോ തോളുകൾക്കോ ഇത്രയധികം കരുത്തുണ്ടാകില്ല. അവന് 15 വയസ്സാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല’ -യൂട്യൂബ് ചർച്ചക്കിടെ തൻവീർ പറഞ്ഞു. ചർച്ചയിൽ പങ്കെടുത്ത മറ്റൊരാൾ വൈഭവിന്റെ പ്രായപരിശോധന നടത്തണമെന്ന് നിർദേശിച്ചപ്പോൾ അതിനെയും തൻവീർ പിന്തുണച്ചു. അതേസമയം, തന്റെ ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകളൊന്നും അദ്ദേഹം മുന്നോട്ടുവെച്ചിട്ടില്ല.

ദോഹയിൽ ചൊവ്വാഴ്ച നടന്ന റൈസിങ് സ്റ്റാർസ് ഏഷ്യാ കപ്പ് മത്സരത്തിൽ യു.എ.ഇ ബൗളർമാർക്കെതിരെ സംഹാരതാണ്ഡവമാടിയ വൈഭവ് 53 പന്തിൽ 204 റൺസാണ് അടിച്ചുകൂട്ടിയത്. ഏഴ് ഫോറും 28 സിക്സും ഉൾപ്പെട്ട ഇന്നിങ്സിനിടെ ലിസ്റ്റ് എ ക്രിക്കറ്റിലെ നിരവധി റെക്കോഡുകളും താരം സ്വന്തം പേരിലാക്കി.

16 പന്തിൽ അർധ സെഞ്ച്വറിയും 28 പന്തിൽ സെഞ്ച്വറിയും പിന്നിട്ട വൈഭവ് 40 പന്തിൽ 150 റൺസ് നേടി. 52 പന്തിൽ ഇരട്ട സെഞ്ച്വറി പൂർത്തിയാക്കിയതോടെ ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയും ഇരട്ട സെഞ്ച്വറിയും താരത്തിന് സ്വന്തമായി. ഒരിന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ താരമെന്ന റെക്കോഡും വൈഭവ് തിരുത്തി.

യു.എ.ഇ ഉയർത്തിയ 250 റൺസ് വിജയലക്ഷ്യം 14.2 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ എ മറികടന്നു. വിജയത്തിലേക്ക് അഞ്ച് റൺസ് മാത്രം ശേഷിക്കെയാണ് വൈഭവ് പുറത്തായത്.

2010 മുതൽ 2013 വരെ പാകിസ്താനായി അഞ്ച് ടെസ്റ്റുകളും രണ്ട് ഏകദിനങ്ങളും ഒരു ട്വന്റി20 മത്സരവും കളിച്ച താരമാണ് തൻവീർ അഹമ്മദ്. ടെസ്റ്റിൽ 17 വിക്കറ്റ് നേടിയിട്ടുണ്ട്. 2010 നവംബറിൽ അബൂദബിയിൽ ദക്ഷിണാഫ്രിക്കക്കെതിരെയായിരുന്നു ടെസ്റ്റ് അരങ്ങേറ്റം.