‘ഷാഫിയും ഞാനും ഗുരുവും ശിഷ്യനുമല്ല, ഉമ്മൻ ചാണ്ടിയുടെ ഭാര്യക്ക് മറുപടി പറയാൻ മാത്രം വലിപ്പം എനിക്കില്ല’; പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മയും കുടുംബവും തനിക്കെതിരെ എന്തെങ്കിലും പറഞ്ഞതായി ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും ഇനി അഥവാ പറഞ്ഞെങ്കിൽ തന്നെ അതിന് മറുപടി പറയാൻ മാത്രം വലിപ്പം തനിക്കില്ലെന്നും മുൻ യൂത്ത് കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിൽ. ഉമ്മൻ ചാണ്ടി എന്ന് പറയുന്ന മനുഷ്യൻ തങ്ങൾക്ക് ഇമോഷനൽ പാർട്ടാണെന്നും അദ്ദേഹം പറഞ്ഞു. ഷാഫി പറമ്പിലും താനും തമ്മിൽ ഗുരു-ശിഷ്യ ബന്ധമൊന്നുമില്ലെന്നും നല്ല സുഹൃത്തുക്കളാണെന്നും മാങ്കൂട്ടത്തിൽ പറഞ്ഞു.

‘ഉമ്മൻ ചാണ്ടി സാറിന്റെ കുടുംബം എനിക്കെതിരായിട്ട് എന്തെങ്കിലും പറഞ്ഞതായിട്ട് എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല. ആ കുടുംബത്തിന് മറുപടി പറയാൻ മാത്രം ഞാൻ വളർന്നിട്ടില്ല. അതിനുമാത്രമുള്ള വലിപ്പം ഇതുവരെ ഇല്ല, ഇന്നും ഇല്ല, ഇനി നാളെ ആ വലിപ്പം ആർജിക്കണമെന്ന ആഗ്രഹവും ഇല്ല.

ആ കുടുംബത്തിന് മറുപടി എന്ന് പറയുമ്പോൾ ചില ദുഷ്ട ബുദ്ധികൾ ‘ഉമ്മൻ ചാണ്ടി സാറിന്റെ കുടുംബത്തിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ’ എന്ന തലക്കെട്ടിൽ വാർത്ത ഉണ്ടാക്കും. അതിന് ഞാൻ ആഗ്രഹിക്കാത്തിടത്തോളം കാലം അങ്ങനെ ഒരു കാര്യം പറയാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. സാറിന്റെ കുടുംബം എന്ന് പറയുന്നത് ഞങ്ങളുടെ കുടുംബം പോലെയാണ്. ഉമ്മൻ ചാണ്ടി എന്ന് പറയുന്ന മനുഷ്യൻ ഞങ്ങൾക്ക് ഒരു ഇമോഷണൽ പാർട്ടാണ്.

വളരെ സ്വാധീനമുള്ള എത്ര നേതാക്കന്മാരുണ്ട്… ആ നേതാക്കന്മാരുടെ പേരൊന്നും പറയാൻ ഈ ലോകത്ത് ജീവനോട ഇല്ലാത്ത ഉമ്മൻ ചാണ്ടി സാറിന്റെ പേരാണ് ഇപ്പോഴും ഞങ്ങൾ നേതാവ് എന്ന് പറയുന്നത്. ദാറ്റ് ഈസ് ഇമോണൽ കണക്ട്. അതിങ്ങനെ നിലനിൽക്കും. അതുകൊണ്ട് അതിനകത്ത് എന്തെങ്കിലും ഒരു മറുപടി പറയാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രക്രിയയൊക്കെ നിങ്ങൾക്കറിയാം. അതിന്റെ ഒരു ഘട്ടത്തിൽ പോലും സാർ അങ്ങനെ അനിഷ്ടമായിട്ടുള്ള ഒരു കാര്യം പറഞ്ഞതായിട്ട് എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല. മാത്രമല്ല ബാംഗ്ലൂരിൽ സാറിന്റെ തീരുമാനം അറിയാൻ പോയതിൽ ഷാഫി പറമ്പിൽ ഇല്ല. ബെന്നി ബഹനാനും എം എം ഹസനും കെ സി ജോസഫുമാണ് സാറിന്റെ തീരുമാനം എന്താണെന്ന് ചോദിക്കാൻ പോകുന്നത്. ഷാഫി പറമ്പിൽ എന്റെ ആ സമയത്ത് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആണ്. അദ്ദേഹം ആ സമയത്ത് അങ്ങനെ ഒരു റോൾ ഉള്ള ഒരാളല്ല. അദ്ദേഹത്തിന് ഞാൻ പ്രസിഡന്റ് ആകാൻ ആയിരിക്കും താല്പര്യം. സ്വാഭാവികമായിട്ടും ഒരു ഔട്ട് ഗോയിങ് പ്രസിഡന്റിന് അടുത്ത പ്രസിഡന്റ് ആര് വേണമെന്നുള്ള ഒരു താല്പര്യം ഉണ്ടാകും. ഇയാളുടെ കോൺട്രിബ്യൂഷൻ ഇതാണെന്ന് അറിയുന്നത് ഔട്ട് ഗോയിങ് പ്രസിഡന്റിനാണ്.

അടുത്ത യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആരാണ് എന്നതിൽ ഇപ്പോഴത്തെ പ്രസിഡന്റിന് ഒരു അഭിപ്രായമുണ്ടാകും. അടുത്ത കെ എസ് യു പ്രസിഡന്റ് ആരാണെന്നുള്ളതിൽ ഇപ്പോഴത്തെ കെഎസ് യു പ്രസിഡന്റിനും ഒരു അഭിപ്രായം ഉണ്ട്. അത് പുതിയ കാര്യമൊന്നുമല്ല. എല്ലാ കാലഘട്ടത്തിലും അങ്ങനെ തന്നെയാണ് തീരുമാനിക്കപ്പെട്ടിട്ടുള്ളത്. ഷാഫി പറമ്പിൽ വരുമ്പോൾ ഡീൻ കുര്യാക്കോസിന് റോൾ ഉണ്ടായിരുന്നു. ഡീൻ കുര്യാക്കോസ് വരുമ്പോൾ പിസി വിഷ്ണുനാഥിന് റോൾ ഉണ്ടായിരുന്നു. അത് എല്ലാ കാലഘട്ടത്തിലും അങ്ങനെ തന്നെയാണ് പോയിട്ടുള്ളത്’ -അദ്ദേഹം പറഞ്ഞു.

‘ഉണ്ണിത്താ​നെതിരെ സൈബർ അറ്റാക്ക് നടത്തിയിട്ടില്ല’

കാസർകോട് എം.പി രാജ് മോഹൻ ഉണ്ണിത്താനെതിരെ താൻ സൈബർ അറ്റാക്ക് നടത്തിയിട്ടില്ലെന്നും രാഹുൽ പറഞ്ഞു. ‘അദ്ദേഹം വ്യക്തിപരമായി എന്റെ പേര് പരാമർശിച്ചിട്ടില്ലാത്ത ഒരു കാര്യത്തിൽ ഞാൻ പ്രതികരിക്കുന്നില്ല. ചില മാധ്യമ പ്രവർത്തകർക്ക് നാട്ടിൽ എല്ലാ വിവാദം ഉണ്ടാകുമ്പോഴും എന്റെ പേരും കൂടെ ചേർത്തു വെക്കുക എന്ന് പറയുന്ന ഒരു ട്രെൻഡ് ഉണ്ട്. അദ്ദേഹം എന്റെ പേര് പറഞ്ഞതായിട്ട് ശ്രദ്ധയിൽപെട്ടിട്ടില്ല. ഇനി അദ്ദേഹം പറഞ്ഞാലും ഇല്ലെങ്കിലും ഞാൻ അങ്ങനെ ഒരു സൈബർ അറ്റാക്ക് ചെയ്തിട്ടില്ല.

ഞാൻ കോൺഗ്രസ് പാർട്ടിക്കകത്തുള്ള ഏതെങ്കിലും വ്യക്തിക്കെതിരായിട്ട് അത്തരത്തിലുള്ള ഒരു പ്രവർത്തി ചെയ്തിട്ടില്ല. കോൺഗ്രസ് പാർട്ടിക്ക് പുറത്തുള്ളവരോടും നമുക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ നമ്മുടെ പ്രൊഫൈലിലൂടെ പറയുമെന്നതിനപ്പുറം ‘വൺ ടു ത്രീ അറ്റാക്ക്’ എന്ന് പറഞ്ഞ് ഒരു സേനയെ ഒന്നും ഞാൻ വിന്യസിച്ചിട്ടില്ല. അത്തരം ഒരു കാര്യം എന്റെ ഉത്തരവാദിത്വത്തിൽ വരുന്നതല്ല. അദ്ദേഹത്തിനോ അല്ലെങ്കിൽ അദ്ദേഹത്തെ സ്നേഹിക്കുന്ന ആർക്കെങ്കിലുമോ അല്ലെങ്കിൽ മാധ്യമ പ്രവർത്തകർക്കോ അത്തരത്തിൽ സംശയം ഉണ്ടെങ്കിൽ ഒരു ഗവൺമെന്റ് ഈ നാട് ഭരിക്കുന്നുണ്ട്, അവർക്ക് ഒരു പരാതി കൊടുത്താൽ അവർ കൃത്യമായി അന്വേഷിച്ച് എനിക്ക് എന്തെങ്കിലും പങ്കുണ്ടോ ഇല്ലയോ എന്ന് കൂടുതൽ തെളിമയോടുകൂടി വ്യക്തമാക്കാൻ കഴിയും’ -മാങ്കൂട്ടത്തിൽ പറഞ്ഞു.

‘ഷാഫി പറമ്പിൽ എന്റെ ഗുരുവല്ല’

ഷാഫി പറമ്പിൽ എന്റെ ഗുരുവും ഞാൻ അദ്ദേഹത്തിന്റെ ശിഷ്യനുമൊന്നുമല്ല. ഞങ്ങൾ തമ്മിൽ ഒരു സഹോദര സ്നേഹമാണ് എല്ലാ കാലഘട്ടത്തിലും ഉള്ളത്. ഗുരു ശിഷ്യ ബന്ധമൊന്നുമില്ല. എങ്കിൽ പോലും നമ്മുടെ കൂടെയുള്ള ഒരാൾക്ക് ഒരു പ്രതിസന്ധി വരുമ്പോൾ ഇയാൾ ആയിരിക്കും അത് ചെയ്യുന്നത് എന്നൊരു തോന്നൽ ഉണ്ടാകുന്നതിനെ ഞാൻ പോസിറ്റീവ് ആയിട്ടാണ് കാണുന്നത്.

ഞാൻ ചെയ്തിട്ടില്ല എങ്കിൽ പോലും നമുക്ക് ഇഷ്ടമുള്ള ഒരാൾക്ക് ഒരു ആപത്ത് വരുമ്പോൾ അല്ലെങ്കിൽ അവർ എന്തെങ്കിലും ഒരു പ്രതിസന്ധിയിൽ ആകുമ്പോൾ ഇയാൾ ആയിരിക്കും അത് പ്രതിരോധിച്ചത് എന്നൊരു തോന്നൽ ആർക്കെങ്കിലും ഒക്കെ ഉണ്ടെങ്കിൽ അത് എന്റെ പൊതുപ്രവർത്തന ജീവിതത്തിലും വ്യക്തി ജീവിതത്തിലും പോസിറ്റീവ് ആയിട്ടാണ് ഞാൻ കണക്കാക്കുന്നത്.

എന്തായാലും അത്തരത്തിൽ ഒരു സൈബർ അറ്റാക്ക് ഞാൻ ചെയ്തിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. രണ്ടാമത്തെ കാര്യം, ഈ സൈബർ അറ്റാക്ക് എന്ന് പറയുന്നതിനെ ഒരു പോയിന്റിൽ പോലും ഞാൻ വിശ്വസിക്കുന്നില്ല. സൈബർ ഇടത്തിൽ പല തരത്തിലുള്ള അഭിപ്രായങ്ങളുണ്ട്. അതിനെ സൈബർ അറ്റാക്ക് എന്ന് വിളിക്കാമെങ്കിൽ എനിക്കെതിരെയും ഉണ്ടായിട്ടുണ്ട്. കൃത്യമായി പറഞ്ഞാൽ, ഞാൻ നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പിവി അൻവറിനെ കാണാൻ പോയ സംഭവം എല്ലാവർക്കും ഓർമ്മയുണ്ടാകും. അന്നേരം കോൺഗ്രസിന്റെ ഏറ്റവും പ്രധാനപ്പെട്ട മുഖങ്ങളായി നിൽക്കുന്ന സമൂഹ മാധ്യമങ്ങളിൽ ഇടപെടുന്ന മുഴുവൻ ആളുകളും എന്നും കാണുന്നവരാണെന്നുള്ള പരിചയം പോലും കാണാത്ത രീതിയിൽ ഏറ്റവും രൂക്ഷമായ ഭാഷയിലാണ് അവർ എന്നെ വിമർശിച്ചത്. നേതാക്കന്മാർ വിമർശിച്ചിട്ടുണ്ട്. അത്രയും പേർ വിമർശിച്ചപ്പോൾ ഞാൻ എടുത്ത നിലപാട് പിഴച്ചുപോയെന്നും ഞാൻ ചെയ്യാൻ പാടില്ലായിരുന്നു എന്നും എനിക്ക് തന്നെ തോന്നിയിരുന്നു.

എനിക്കെതിരായി കേസുകൾ വരുന്ന സമയത്തും അത്തരത്തിൽ ചില കോണുകളിൽ നിന്നെങ്കിലും ഈ പറയുന്ന രൂപത്തിലുള്ള സൈബർ അഭിപ്രായ പ്രകടനം ഉണ്ടായിട്ടുണ്ട്. അതിനെ സൈബർ അറ്റാക് എന്ന് വിളിക്കാമെങ്കിൽ അങ്ങനെ ഉണ്ടായിട്ടുണ്ട്. അതൊക്കെ ആരെങ്കിലും ഒരാൾ ചുമതലപ്പെടുത്തിയ ക്വട്ടേഷനാണെന്ന് ഞാൻ വിചാരിക്കുന്നില്ല. അതിനുശേഷവും മുൻപും ഒക്കെ ഉണ്ടായിട്ടുണ്ട്.

ഉമ്മൻചാണ്ടി സാറിനെതിരെ ഏറ്റവും ക്രൂരമായ അധിക്ഷേപങ്ങളും അതിക്രമങ്ങളും ഒക്കെ ഉണ്ടായ കാലഘട്ടം ഉണ്ടായിട്ടുണ്ട്. അത് ആരുടെ ക്വട്ടേഷൻ ആയിരുന്നു? എനിക്കെതിരെ ഉണ്ടായത് ആരുടെ ക്വട്ടേഷൻ ആണ്. എന്റെ കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉണ്ടാകുന്ന സമയത്ത് കേരളത്തിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രി വിഡി സതീശിനെതിരെ സൈബർ ആക്രമണം ഉണ്ടായിട്ടുണ്ട്. അത് ആരുടെ ക്വട്ടേഷനാണ്?. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ചർച്ചകൾ ഉണ്ടാകുന്ന സമയത്ത് കെസി വേണുഗോപാലിനെ പോലുള്ള നേതാവ് ക്രൂരമായ കുറ്റപ്പെടുത്തൽ കിട്ടിട്ടുണ്ട്. ആരുടെ ക്വട്ടേഷനാണത്? രമേശ് ചെന്നിത്തലക്കെതിരെ ഉണ്ടായത് ആരുടെയെങ്കിലും ക്വട്ടേഷൻ ആണോ? മുഖ്യമന്ത്രി അധികാരത്തിൽ ഇരിക്കുമ്പോൾ തന്നെ പറയുകയാണ് തനിക്കെതിരെ നിരന്തരമായി ഇത്തരത്തിലുള്ള പ്രചരണങ്ങൾ ഉണ്ടായിരുന്നു എന്ന്.

ഞാൻ മനസ്സിലാക്കുന്നത് ഇതെല്ലാം ഏതെങ്കിലും ഒരു വ്യക്തിയോ ഏതെങ്കിലും ഒരു കേന്ദ്രമോ ക്വട്ടേഷൻ നൽകുന്നതല്ല. സോഷ്യൽ മീഡിയ സ്പേസ് തുടക്കകാലം തൊട്ട് ഉപയോഗിക്കുന്ന ഒരാളെന്ന നിലയിൽ എനിക്ക് തോന്നിയിട്ടുള്ളത് അങ്ങനെ ആർക്കെങ്കിലും ഒരാളുടെ കുത്തകയോ ക്വട്ടേഷനോ ആക്കാൻ പറ്റുന്ന ഒരു സ്പേസ് അല്ല അത്’ -രാഹുൽ മാങ്കൂട്ടം പറഞ്ഞു.