‘ശബരിമല കേരളത്തിലാണ്, അധികാരം കേരള ഹൈകോടതിക്ക്’; ദർശനത്തിന് അനുമതി തേടിയ ട്രാൻസ്‌ജെൻഡറുടെ ഹരജി തളളി മദ്രാസ് ഹൈകോടതി

ചെന്നൈ: ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ വനിതയായ ഭക്ത സമര്‍പ്പിച്ച പൊതുതാൽപര്യ ഹരജി മദ്രാസ് ഹൈകോടതി തളളി. തമിഴ്‌നാട് സ്വദേശിയും ട്രാന്‍സ്‌ജെന്‍ഡറുമായ അനുശ്രീയാണ് ഹരജി സമര്‍പ്പിച്ചത്.

‘ക്ഷേത്രം സ്ഥിതിചെയ്യുന്ന സംസ്ഥാനത്തെ ഹൈകോടതിക്ക് മാത്രമേ ഈ വിഷയം പരിഗണിക്കാൻ അധികാരമുള്ളൂ എന്ന് ഇന്ത്യൻ ഭരണഘടന പറയുന്നു. ശബരിമല കേരളത്തിലാണ് സ്ഥിതി ചെയ്യുന്നത്. അതിനാൽ കേരള ഹൈകോടതിക്കായിരിക്കും ഇതിൽ അധികാര പരിധി ഉണ്ടായിരിക്കുക’ -കോടതി ചൂണ്ടിക്കാട്ടി.

ഇതുമായി ബന്ധപ്പെട്ട സമാനമായ മറ്റൊരു ഹരജി ഇതിനകം കേരള ഹൈകോടതിയുടെ പരിഗണനയിലുണ്ടെന്ന കാര്യവും ചീഫ് ജസ്റ്റിസ് എസ്.എ. ധര്‍മാധികാരി, ജസ്റ്റിസ് ജി. അരുള്‍ മുരുകന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഓർമിപ്പിച്ചു. ഇതിൽ കോടതി നോട്ടീസ് അയച്ചിട്ടുണ്ടെന്നും അവർ അറിയിച്ചു.

കേസിലെ എതിർ കക്ഷികളെല്ലാം കേരളത്തിൽ നിന്നുള്ളവരാണെന്നും കോടതി നിരീക്ഷിച്ചു.

ശബരിമലയില്‍ തടസ്സമില്ലാത്ത ദര്‍ശനം അനുവദിക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. എന്നാല്‍, ഇത് പൊതുതാത്‌പര്യ ഹരജിയായി എങ്ങനെ പരിഗണിക്കുമെന്ന് ജഡ്ജിമാർ ചോദിച്ചു.

തമിഴ്‌നാട് ട്രാൻസ്‌ജെൻഡർ വെൽഫെയർ ബോർഡ് അംഗം കൂടിയാണ് അനുശ്രീ. 2022 മുതൽ എല്ലാ വര്‍ഷവും താന്‍ ശബരിമല ദര്‍ശനത്തിന് എത്താറുണ്ടെന്ന് അനുശ്രീ ഹരജിയില്‍ പറയുന്നു. മുന്‍വര്‍ഷങ്ങളില്‍ എല്ലാം രേഖകള്‍ പരിശോധിച്ച് ദര്‍ശനം അനുവദിച്ചിരുന്നു.

എന്നാല്‍, ഈ വർഷം ജനുവരി 10-ന് മെഡിക്കല്‍ രേഖകള്‍ ഉള്‍പ്പെടെ ഉണ്ടായിട്ടും താനടക്കമുളള 15 പേര്‍ക്ക് പമ്പ ഗണപതി ക്ഷേത്രത്തിന് സമീപത്ത് വച്ച് പ്രവേശനം നിഷേധിച്ചതായി ഹരജിയില്‍ പറയുന്നു.

ഒടുവിൽ പരാതിക്കാരന് കേരള ഹൈകോടതിയിൽ ഹരജി നൽകാമെന്ന് കോടതി വാക്കാൽ പരാമർശിച്ചു. ഇതോടെ ഹരജി പിൻവലിച്ചതായി കണക്കാക്കി കോടതി ഹരജി തള്ളി.