റാസല്‍ഖൈമ അപകടം: മരിച്ചവരില്‍ 11 ഇന്ത്യക്കാര്‍; നാലു മലയാളികൾ

റാസല്‍ഖൈമ-ദുബൈ (യു.എ.ഇ): ചൊവ്വാഴ്ച റാസല്‍ഖൈമയില്‍ ബസ് ട്രക്കിലിടിച്ചുണ്ടായ ദാരുണ അപകടത്തിൽ മരിച്ച 13 പേരിൽ 11ഉം ഇന്ത്യക്കാർ. മരിച്ചവരിൽ കണ്ണൂർ സ്വദേശികളായ രണ്ടുപേർ ഉൾപ്പെടെ നാലു മലയാളികളാണുള്ളത്. കണ്ണൂര്‍ തലശ്ശേരി സ്വദേശിനി സങ്കീര്‍ത്ത സുരേഷ് (26), കാസര്‍കോട് അട്ടേങ്ങാനം പാറക്കല്‍ വീട്ടില്‍ അഷ്റഫ് കൊളങ്ങരടി (53), കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി പുതിയകാവിൽ ഹേമന്ത് (29), പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി മുഹമ്മദ് ആഷിഖ് (29) എന്നിവരാണ് മരിച്ച മലയാളികൾ. ആന്ധ്രാപ്രദേശ് സ്വദേശി വിനോദ് കുമാർ, പഞ്ചാബ് സ്വദേശികളായ രാജ്കുമാർ, രമൺ കുമാർ, യു.പി സ്വദേശി റാശിദ് അലി, രാജസ്ഥാൻ സ്വദേശിനി മഹിമ സോണി, തമിഴ്നാട് സ്വദേശി ഗോവിന്ദരാജ്, ഗുജറാത്ത് സ്വദേശി ജിഗ്നേഷ് എന്നിവരാണ് മരിച്ച മറ്റു ഇന്ത്യക്കാർ. വിസ മാറുന്നതിനായി ഒമാനിൽ പോയി തിരിച്ചുവരുന്നവരാണ് അപകടത്തിൽപെട്ടത്.
അപകടത്തില്‍ മരണപ്പെട്ട 13 പേരില്‍ 11 പേര്‍ ഇന്ത്യക്കാരാണെന്ന് ബുധനാഴ്ച ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു. മറ്റു രണ്ട് പേര്‍ ശ്രീലങ്ക, ഫിലിപ്പീന്‍സ് സ്വദേശികളാണ്. മൂന്ന് മലയാളികളുള്‍പ്പെടെ ആറ് ഇന്ത്യക്കാര്‍ മരണപ്പെട്ടതായ വിവരം ബുധനാഴ്ച ഉച്ചയോടെ സ്ഥിരീകരിച്ചിരുന്നു. അപകടത്തിൽ കാണാതായ ആഷിഖിന്‍റെ മൃതദേഹം വൈകീട്ട് ബന്ധുക്കൾ മോർച്ചറിയിലെത്തി തിരിച്ചറിയുകയായിരുന്നു.
ദുബൈ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. ഇ. വിഷ്ണുവര്‍ധന്‍ റെഡ്ഢി ഇന്നലെ റാസല്‍ഖൈമയില്‍ എത്തി. റാക് പൊലീസ് ആസ്ഥാനത്ത് ബുധനാഴ്ച ഉച്ചക്ക് എത്തിയ അദ്ദേഹം ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. മൃതദേഹങ്ങളുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ അധികൃതരുമായി ചര്‍ച്ച ചെയ്തു.
റാക് പൊലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ മരണപ്പെട്ടവരുടെ ബന്ധുക്കളും സുഹൃത്തുക്കളുമെത്തി തിരിച്ചറിയുകയായിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. തലശ്ശേരി പന്ന്യന്നൂര്‍ സ്വദേശി സങ്കീര്‍ത്ത സുരേഷ് പുതിയ ജോലിയില്‍ പ്രവേശിക്കാനായി ഒമാനില്‍ പോയി വിസമാറി തിരിച്ചുവരുമ്പോഴായിരുന്നു അപകടം. ദുബൈയിലാണ് സങ്കീർത്ത താമസിച്ചിരുന്നത്. കാസര്‍കോട് സ്വദേശി അഷ്റഫ് വര്‍ഷങ്ങളായി യു.എ.ഇയില്‍ പ്രവാസം നയിച്ചുവരികയായിരുന്നു. വിസിറ്റിങ് വിസയിൽനിന്ന് പുതിയ വിസയിലേക്ക് മാറുന്നതിന്‍റെ ഭാഗമായാണ് അഷ്റഫും ഒമാനില്‍ പോയത്. മുഹമ്മദ് കുഞ്ഞി-പാത്തുമ്മ ദമ്പതികളുടെ മകനാണ് അഷ്റഫ്. ജമീലയാണ് ഭാര്യ.
കണ്ണൂർ മട്ടന്നൂർ ഉരുവച്ചാൽ സ്വദേശിയാണ് ഹേമന്ത്. വിമുക്തഭടൻ കെ.വി. മോഹനന്‍റെയും റിട്ട. അധ്യാപിക പി.കെ. സുമംഗലയുടെയും മകനാണ്. മരിച്ച ആന്ധ്ര സ്വദേശി വിനോദ് കുമാറിന്‍റെ ഭാര്യ മലയാളിയാണ്. വിസിറ്റ് വിസയിലെത്തിയ വിനോദ് കുമാർ വിസ മാറുന്നതിനായി ഒമാനിൽപോയി തിരികെ വരികയായിരുന്നു. ആന്ധ്ര ഓങ്കോൾ സ്വദേശിയാണ്.
ചൊവ്വാഴ്ച പുലര്‍ച്ചെ ഇവര്‍ സഞ്ചരിച്ച ബസ് റാസല്‍ഖൈമ അല്‍വതന്‍ റോഡില്‍ സാങ്കേതിക തകരാര്‍ മൂലം നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ചതാണ് 13 പേരുടെ ദാരുണ മരണത്തില്‍ കലാശിച്ചത്. 41 യാത്രക്കാരുമായി സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. 26 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 14 പേർ ഇപ്പോഴും ചികിത്സയിലാണ്. മലയാളികളുടെ നേതൃത്വത്തിലുള്ള ട്രാവൽസിന്‍റെ സർവിസാണ് അപകടത്തിൽപെട്ടത്. മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ റാസൽഖൈമ ഇന്ത്യൻ റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണെന്ന് സാമൂഹിക പ്രവർത്തകൻ ഫൈസൽ പുറത്തൂർ പറഞ്ഞു.
