പെൺകുട്ടിയുടെ നഗ്​ന വീഡിയോ പ്രചരിപ്പിച്ച കേസിൽ കാമുകനും സുഹൃത്തും അറസ്റ്റിൽ

പാണ്ടിക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്ന വീഡിയോയും ഫോട്ടോകളും പ്രചരിപ്പിച്ച കേസിൽ കാമുകനും സുഹൃത്തും അറസ്റ്റിൽ. കാടാമ്പുഴ കല്ലാറമംഗലം സ്വദേശികളായ മുപ്ര വീട്ടിൽ ജിഷ്ണു (18), അരീക്കാടൻ വീട്ടിൽ മുഹമ്മദ് അൻസാദ് (22) എന്നിവരെയാണ് പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ വാട്സാപ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് കരുവാരകുണ്ട് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളെയാണ് പാണ്ടിക്കാട് സി.ഐ സി.കെ. നാസറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ജില്ല സൈബർ സെല്ലിന്റെയും കാടാമ്പുഴ പൊലീസിന്റെയും സഹായത്തോടെയായിരുന്നു അറസ്റ്റ്.

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച ജിഷ്ണു, പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ കൈക്കലാക്കി കുട്ടുകാരനായ മുഹമ്മദ് അൻസാദുമായി ചേർന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നാണ് കേസ്. പോക്സോ നിയമപ്രകാരം വിവിധ വകുപ്പുകൾ ചേർത്ത് രജിസ്റ്റർ ചെയ്ത കേസിൽ തുടരന്വേഷണം നടന്നുവരികയാണ്. കുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ ഇൻറർനെറ്റിൽ അപ്ലോഡ് ചെയ്ത് പണമുണ്ടാക്കുന്ന സംഘങ്ങളുമായി പ്രതികൾക്ക് ബന്ധമുണ്ടോയെന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. കരുവാരകുണ്ട് എസ്.ഐ സുബ്രഹ്മണ്യൻ, അനിത, പാണ്ടിക്കാട് എ.എസ്.ഐ അസ്മാബി, അശോക് കുമാർ, സജിത് കുമാർ, ഹാരിസ് ആലുംതറയിൽ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.