'മനപ്പായസം ഉണ്ണുന്നവർക്ക് കെട്ടിവെച്ച കാശ് പോലും കിട്ടിയില്ല'; മൈക്രോ ഫിനാൻസ് കേസിൽ താൻ നിരപരാധിയെന്ന് വെള്ളാപ്പള്ളി

പത്തനംതിട്ട: മൈക്രോ ഫിനാൻസ് കേസിൽ താൻ നിരപരാധിയെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഒരു കോടതിക്കും തന്നെ ശിക്ഷിക്കാൻ ആകില്ല. കിട്ടിയ പണം പാവപ്പെട്ടവർക്ക് വിതരണം ചെയ്തു. എന്നെ ശിക്ഷിക്കുമെന്ന് പലരും മനപ്പായസം ഉണ്ണുന്നുണ്ട്. തെരഞ്ഞെടുപ്പിൽ അവർക്ക് കെട്ടിവെച്ച കാശ് പോലും കിട്ടിയില്ലെന്നും അദ്ദേഹം വിമർശിച്ചു. മുഖ്യമന്ത്രിക്ക് അനുകൂലമായ പരാമർശം യൂ ടേൺ എന്ന് പറയുന്നവർക്ക് അങ്ങനെ പറയാം. പ്രതിപക്ഷത്തിരുന്ന സതീശൻ അല്ല ഇപ്പോഴത്തെ ആളെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.
അതേസമയം, മൈക്രോ ഫിനാൻസ് കേസിൽ കുറ്റപത്രം വൈകുന്നതിലെ വിശദീകരണം നേരിട്ട് ബോധിപ്പിക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ എസ്.പി എസ്. ശശിധരൻ ഹൈകോടതിയിൽ ഹാജരായി. എന്ത് കൊണ്ടാണ് നടപടികളിൽ താമസമെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്റെ അലംഭാവമാണോ, ഭയമാണോ അതോ മറ്റാരെങ്കിലും പിന്നിൽ നിന്ന് വലിക്കുന്നുണ്ടോയെന്ന് എസ്.പിയോട് കോടതി സംശയം പ്രകടിപ്പിച്ചു. നടപടിക്രമങ്ങളിൽ സമയമെടുക്കുന്നുവെന്നും ചില കേസുകളിൽ പ്രോസിക്യൂഷൻ അനുമതി വേണ്ട സാഹചര്യം ഉണ്ടെന്നും വീഴ്ചയില്ലെന്നും എസ്.പി വിശദീകരിച്ചു.
ശബരിമല സ്വർണ്ണക്കൊള്ള കേസിന്റെ അന്വേഷണ ചുമതല കൂടിയുണ്ടെന്നും തിരക്കുകൾ കാരണമുള്ള കാലതാമസം മാത്രമെന്നും ഉദ്യോഗസ്ഥൻ കോടതിയെ ബോധിപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ മികച്ച ട്രാക്ക് റെക്കോർഡ് ഉള്ള വ്യക്തിയെന്നും 4 മണിക്കൂർ മാത്രമാണ് അദ്ദേഹത്തിന് ഉറങ്ങാൻ കഴിയുന്നതെന്നും സർക്കാർ അഭിഭാഷകൻ കോടതി ധരിപ്പിച്ചു. രണ്ട് ദിവസത്തിൽ എട്ടു കേസുകളുടെ കുറ്റപത്രം നൽകാൻ പറയുന്നത് അപ്രായോഗികമെന്നും മനുഷ്യത്വപരമായി സമീപനം വേണമെന്നും സർക്കാർ ആവശ്യപ്പെട്ടു. തൃപ്തികരമായ രീതിയിൽ കുറ്റപത്രം നൽകുന്നതിന് സമയം എടുക്കുമെന്ന് ശശിധരനും കൂട്ടിചേർത്തു. ഇതോടെ ഒരാഴ്ചക്കകം ഒരു കേസിന്റെ കൂടി കുറ്റപത്രം നൽകണമെന്നും ഹരജി വരുന്ന ഏഴാം തീയതി വീണ്ടും പരിഗണിക്കാമെന്നും ജസ്റ്റിസ് എ. ബദ്ദറുദ്ദീൻ പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രി വി.ഡി. സതീശൻ മിടുമിടുക്കനാണെന്നും എല്ലാവരും ഇതിനകം അദ്ദേഹത്തിന് ഈ സർട്ടിഫിക്കറ്റ് നൽകിക്കഴിഞ്ഞെന്നും വെള്ളാപ്പള്ളി നടേശൻ ഇന്നലെ പറഞ്ഞിരുന്നു. വി.ഡി. സതീശനോട് തനിക്ക് പിണക്കമില്ല. പണ്ടുമുതലേ അങ്ങനെയൊരു പിണക്കമില്ലായിരുന്നു. പണ്ട് പലതും പറഞ്ഞുകാണും, വിഷയാധിഷ്ഠിതമായാണ് താൻ അഭിപ്രായങ്ങൾ പറഞ്ഞിട്ടുള്ളത്. എൻ.എസ്.എസ് പറഞ്ഞത് അവിടെ കയറി പോകരുതെന്നാണ്. ഞാൻ അങ്ങനൊന്നും പറഞ്ഞിട്ടില്ല. സതീശൻ കണിച്ചുകുളങ്ങരയിൽ വന്നാൽ സ്വീകരിക്കും. അദ്ദേഹത്തിന് ഭ്രാന്താണെന്ന് പറയാൻ തനിക്ക് ഭ്രാന്തില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയായശേഷം വി.ഡി. സതീശനോ താനോ പരസ്പരം വിളിച്ചിട്ടില്ലെന്നും എൻ.എസ്.എസുമായുള്ള പിണക്കവും ഇണക്കവുമെല്ലാം അവരുടെ കാര്യമാണെന്നും വെള്ളാപ്പള്ളി കൂട്ടിചേർത്തു.
‘പെട്ടി പൊട്ടിച്ചപ്പോൾ എതിരാളികൾ പൊട്ടി’ എന്നാണ് തെരഞ്ഞെടുപ്പ് ഫലമെന്നും മൈക്രോ ഫിനാൻസ് കേസിലെ കുറ്റപത്രത്തിൽ താൻ പ്രതിയല്ലെന്നും തന്നെ പ്രതിയാക്കാനുള്ള നീക്കം മലർപ്പൊടിക്കാരന്റെ സ്വപ്നമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. കഴിഞ്ഞ 30 വർഷമായി ചിലർ തന്നെ വേട്ടയാടുകയാണ്. ചിലർ മാറിനിന്ന് വേട്ടയാടുകയാണ്. ഒരു കേസിൽ പോലും തനിക്കെതിരേ വിധി നേടാൻ ആർക്കും കഴിഞ്ഞിട്ടില്ല. മൈക്രോ ഫിനാൻസ് കേസിൽ തന്നെ പ്രതിചേർക്കാനാകില്ലെന്ന് സർക്കാർ ഹൈകോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. അതിനാൽ കേസിൽ പ്രതിയാക്കാനുള്ള നീക്കങ്ങൾ വിജയിക്കില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.
