സ്റ്റാലിന്‍ ബിജെപിക്കൊപ്പം; മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ ഡിഎംകെ പിന്തുണക്കും

Tamil Nadu

ചെന്നൈ: കേന്ദ്രസര്‍ക്കാരിന്റെ മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ പിന്തുണയ്ക്കാനൊരുങ്ങി ഡിഎംകെ. ഡിഎംകെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങള്‍ കേന്ദ്രം പരിഗണിച്ചതോടെയാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ ബില്ലിന് പിന്തുണ നല്‍കാന്‍ പാര്‍ട്ടി സന്നദ്ധത അറിയിച്ചത്.

വനിതാ സംവരണം നടപ്പാക്കുന്നതുമായി ബന്ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന മണ്ഡല പുനര്‍നിര്‍ണയ ബില്‍ പാസാക്കിയെടുക്കാന്‍ പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ബിജെപിക്ക് അനിവാര്യമായിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ അവതരിപ്പിച്ചപ്പോള്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ ബില്‍ പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് 22 ലോക്‌സഭാ അംഗങ്ങളുള്ള ഡിഎംകെയുടെ പിന്തുണ തേടി കേന്ദ്രം സമീപിച്ചത്.

ജനസംഖ്യാ അടിസ്ഥാനത്തില്‍ മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിച്ചാല്‍, ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി നടപ്പാക്കിയ തമിഴ്‌നാട് ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ലോക്‌സഭയിലെ പ്രാതിനിധ്യം കുറയുമെന്നായിരുന്നു ഡിഎംകെയുടെ പ്രധാന ആശങ്ക. ഇക്കാര്യത്തില്‍ രണ്ട് പ്രധാന ആവശ്യങ്ങളാണ് എം.കെ സ്റ്റാലിന്‍ മുന്നോട്ടുവെച്ചത്. ലോക്‌സഭാ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചാലും തമിഴ്‌നാടിന്റെ നിലവിലെ 7.18 ശതമാനം സീറ്റ് വിഹിതം യാതൊരു കാരണവശാലും കുറയ്ക്കരുത്, 1971ലെ സെന്‍സസ് അടിസ്ഥാനമാക്കിയുള്ള നിലവിലെ സീറ്റ് വിഹിത അനുപാതം അടുത്ത 25 വര്‍ഷത്തേക്ക് മാറ്റമില്ലാതെ തുടരണം എന്നിവയായിരുന്നു അവ.

പാര്‍ലമെന്റില്‍ നല്‍കുന്ന വെറും വാഗ്ദാനങ്ങള്‍ക്ക് പകരം, തമിഴ്‌നാടിന്റെ പ്രാതിനിധ്യം സംരക്ഷിക്കപ്പെടുമെന്ന കാര്യം നിയമത്തില്‍ തന്നെ വ്യക്തമായി ഉള്‍പ്പെടുത്തണമെന്നായിരുന്നു ഡിഎംകെയുടെ നിലപാട്. എല്ലാ സംസ്ഥാനങ്ങളിലും ആനുപാതികമായി 50 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതിനും 2051 വരെ നിലവിലെ അനുപാതം മരവിപ്പിക്കുന്നതിനും കേന്ദ്രമം അംഗീകാരം നല്‍കിയതോടെയാണ് ഡിഎംകെയുടെ ആശങ്കകള്‍ക്ക് പരിഹാരമായത്.

അതേസമയം, ബിജെപിയുമായി ഡിഎംകെ കൈകോര്‍ക്കുകയാണെന്ന് രൂക്ഷവിമര്‍ശനവുമായി ടിവികെ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, ഇതൊരു രാഷ്ട്രീയ സഖ്യമല്ലെന്നും, തമിഴ്‌നാടിന്റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് ഡിഎംകെയുടെ വിശദീകരണം. ബില്ലിന്റെ അന്തിമ കരട് പരിശോധിച്ച ശേഷം പാര്‍ലമെന്റില്‍ ഔദ്യോഗിക നിലപാട് സ്വീകരിക്കാനാണ് ഡിഎംകെയുടെ തീരുമാനം.

ഡീലിമിറ്റേഷനെതിരെ പ്രതിഷേധ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ച് ഡിഎംകെ ആയിരുന്നെന്നും, നിലവിലെ നിലപാടില്‍ വിസ്മയം തോന്നുന്നുവെന്നും എന്‍.കെ പ്രേമചന്ദ്രന്‍ എംപി പ്രതികരിച്ചു. എന്ത് രാഷ്ട്രീയനേട്ടമാണ് ഡിഎംകെക്ക് ലഭിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ദ്രാവിഡ രാഷ്ട്രീയത്തിന് വിപരീതമായ നിലപാടാണ് അവര്‍ സ്വീകരിച്ചിരിക്കുന്നത്. എന്‍സിപി എസ്പിയുടെ നിലപാടും അത്ഭുതപ്പെടുത്തി. ഉത്തരേന്ത്യയില്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള നീക്കമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *