‘മണ്ഡല പുനര്‍നിര്‍ണയ ബില്‍ പാസ്സായാല്‍ രാജ്യാധികാരം ആജീവനാന്തം ബിജെപി-ആര്‍എസ്എസ് കൈകളില്‍’: ഖാര്‍ഗെ

ന്യൂഡല്‍ഹി: മണ്ഡല പുനര്‍നിര്‍ണയ ബില്‍ വീണ്ടും പാര്‍ലമെന്റില്‍ കൊണ്ടുവരുന്നതിലൂടെ ജനാധിപത്യത്തെ തകര്‍ക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാരെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. എസ്.സി എസ്ടി വിഭാഗങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന സംവരണം ബില്ലില്‍ ഇല്ല. 2027ല്‍ സെന്‍സെസ് വരുമ്പോള്‍ ബിജെപിക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിക്കും. ഡിലിമിറ്റേഷന്‍ കമ്മീഷനില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ ഉള്‍പ്പെടുത്തുന്നതില്‍ വിശ്വാസമില്ല. ഗ്യാനേഷ് കുമാറിന്റെ കൈകളില്‍ എല്ലാം ഏല്‍പ്പിക്കുന്നത് സ്വീകര്യമല്ല. ഭൂരിപക്ഷം ലഭിച്ചാല്‍ ഭരണഘടന തന്നെ അട്ടിമറിക്കപ്പെടും. ബില്ല് രാജ്യത്തിനു ദോഷമാണെന്നും പാസ്സായാല്‍ അധികാരം ആജീവനാന്തം ബിജെപിയുടെയും ആര്‍എസ്എസിന്റെയും കൈകളിലായിരിക്കുമെന്നും ഖാര്‍ഗെ ഇന്‍ഡ്യ സഖ്യത്തിന്റെ യോഗത്തിന് ശേഷം പറഞ്ഞു.
രാജ്യത്ത് ഒരു ‘ചൈന മാതൃകയിലുള്ള’ രാഷ്ട്രീയ സംവിധാനം കൊണ്ടുവരാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് ഖാര്‍ഗെ കുറ്റപ്പെടുത്തി. അടുത്ത 30-40 വര്‍ഷം അധികാരത്തില്‍ തുടരുക എന്ന ലക്ഷ്യത്തോടെയാണ് ലോക്സഭാ സീറ്റുകളുടെ എണ്ണം പരമാവധി 850 ആയി ഉയര്‍ത്താന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്. രാജ്യത്തെ അധികാര ഘടനകളില്‍ ‘പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് അര്‍ഹമായ വിഹിതം നല്‍കാതിരിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗം കൂടിയാണ് ഡീലിമിറ്റേഷന്‍ ബില്‍ എന്ന് ഖാര്‍ഗെ ആരോപിച്ചു.
ഡീലിമിറ്റേഷന്‍ നടപടിക്രമങ്ങള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ ഏല്‍പ്പിക്കാനുള്ള തീരുമാനത്തെ ഖാര്‍ഗെ വിമര്‍ശിച്ചു. എസ്‌ഐആറില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ഗ്യാനേഷ് കുമാറിനെ ഡീലിമിറ്റേഷന്‍ നടപടിക്രമങ്ങളുടെ ചുമതല ഏല്‍പ്പിക്കുന്നത് സ്വീകാര്യമല്ല. ഇതെല്ലാം ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലാണ് നടക്കുന്നതെങ്കില്‍ കൂടുതല്‍ കൃത്രിമത്വം ഉണ്ടാകും. ഏത് സീറ്റ് വേണമെങ്കിലും അവര്‍ ജനറല്‍ ആക്കും, ഏത് സീറ്റ് വേണമെങ്കിലും അവര്‍ സംവരണം ചെയ്യും. ഒരു വശത്ത് എസ്‌ഐആറിലൂടെ 10 കോടി ആളുകളെ ഒഴിവാക്കിയിരിക്കുന്നു. മറുവശത്ത്, നിഷ്പക്ഷവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്താന്‍ ഗ്യാനേഷ് കുമാര്‍ തയ്യാറല്ല. അത്തരമൊരു വ്യക്തിക്കാണ് ഈ ഉത്തരവാദിത്തം കൈമാറുന്നത്. -ഖാര്‍ഗെ പറഞ്ഞു.
ഖാര്‍ഗെയുടെ ഡല്‍ഹിയിലെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ 11 ഇന്‍ഡ്യാ മുന്നണി കക്ഷികള്‍ പങ്കെടുത്തു. ജയ്‌റാം രമേശ്, പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാല്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും യോഗത്തിലുണ്ടായിരുന്നു. ശരദ് പവാറിന്റെ എന്‍സിപി (എസ്പി) യോഗത്തിനെത്തിയില്ല. മുന്നണിക്ക് പുറത്തുള്ള ഡിഎംകെ, എഎപി, ബിജു ജനതാദള്‍ എന്നീ പാര്‍ട്ടികളും വിട്ടുനിന്നു.
