സർക്കാർ അധികാരത്തിൽ വരുന്നത് പക തീർക്കാനാണോ? മുഖ്യമന്ത്രിയുടെ കണ്ണൂർ പ്രസംഗത്തിനെതിരെ പിണറായി വിജയൻ

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ കണ്ണൂരിലെ പ്രസംഗത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഒരു സർക്കാർ അധികാരത്തിൽ വരുന്നത് ആരോടെങ്കിലും പക തീർക്കാനാണോയെന്ന് പിണറായി ചോദിച്ചു.
മുഖ്യമന്ത്രിയുടേതെന്ന് പറയുന്ന പ്രസംഗം വായിച്ച് കൊണ്ടായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമർശനം. മുഖ്യമന്ത്രി നടത്തിയ പ്രസംഗം പലരും അവഗണിച്ചുപോകുന്ന നിലയാണ് സംസ്ഥാനത്തു കാണുന്നത്. ആ പ്രസംഗം തന്നെ ശ്രദ്ധയിൽപെടാത്ത തരത്തിലാണ് പല മാധ്യമങ്ങളും കൈകാര്യം ചെയ്തത്. ‘നിങ്ങളുടെ ചോരക്ക് ഞങ്ങൾ പകരം ചോദിക്കു’മെന്നാണ് മുഖ്യമന്ത്രി പ്രസംഗിച്ചതെന്നും പിണറായി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ‘പഴയതുപോലെയല്ല, ഒന്നും മറക്കില്ല, മറക്കാൻ പറ്റുന്നില്ല, അതുകൊണ്ടാണ്, അധികാരത്തിൽ വരുമ്പോൾ അതൊക്കെ മറക്കണം എന്നാണ് പഴയ രീതി. പറ്റുന്നില്ല, അത്രയും ചോര കണ്ടവരാണ് ഞങ്ങൾ. അതൊന്നും മറക്കുന്നൊരു സർക്കാർ ആയിരിക്കില്ല. എണ്ണി എണ്ണി ചോദിക്കും. ഓരോന്നിനോടും എണ്ണി എണ്ണി ചോദിക്കും. ഒരു സംശയവും വേണ്ട, അതിലൊന്നും ഒരു വിട്ടുവീഴ്ചയുമില്ല. അതിന്റെ പേരിലുള്ള ഗ്ലാമർ ഒന്നുംവേണ്ട. അതുകൊണ്ടാണല്ലോ അന്വേഷണം നടക്കുന്നത്’ -എന്നാണ് നവംബർ 20ന് കണ്ണൂരിൽ മുഖ്യമന്ത്രി പ്രസംഗിച്ചതെന്ന് പിണറായി പറഞ്ഞു.
ഭരണഘടനയെ മുൻനിർത്തി സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രിയാണ് ഇത്തരത്തിൽ പ്രസംഗിക്കുന്നത്. ഒരു സർക്കാർ അധികാരത്തിൽ വരുന്നത് ആരോടെങ്കിലും പക തീർക്കാനാണോ? പ്രത്യേക അന്വേഷണ സംഘങ്ങൾക്ക് നിർദേശം നൽകുകയാണോ പ്രസംഗത്തിലൂടെ വേണ്ടത്. സത്യപ്രതിജ്ഞാ ലംഘനമാണ് മുഖ്യമന്ത്രി ചെയ്തത്. പ്രതികാരം ചെയ്യുകയാണോ അധികാരം ഏറ്റ സർക്കാർ ചെയ്യേണ്ടത്. സംസ്ഥാനത്തിന്റെ മോന്തായം വളഞ്ഞ അവസ്ഥയിലാണ്. കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുന്ന സമീപനമാണ് യുഡിഎഫിനുള്ളതെന്നും പിണറായി കുറ്റപ്പെടുത്തി.
പഞ്ചവത്സരപദ്ധതി സംബന്ധിച്ച യുഡിഎഫ് സർക്കാറിന്റെ സമീപനരേഖ കേരളത്തിന്റെ ഇതേവരെയുള്ള നേട്ടങ്ങൾ തകർക്കുന്നതാണ്. കേരളം ജനകീയ വികസനമാതൃകയാണ് അംഗീകരിച്ചിട്ടുള്ളത്. എന്നാൽ അതിന്റെ ചരമക്കുറിപ്പാണ് പുതുയുഗ കേരളം എന്നവകാശപ്പെടുന്ന യുഡിഎഫ് സർക്കാറിന്റെ കരട് സമീപനരേഖ. ഇത് കൃത്യമായ സംഘപരിവാർ അജണ്ടയാണ്. സാമൂഹികനീതിയിലും ക്ഷേമത്തിലും ഊന്നിയുള്ള വികസനമാണ് കേരളം നടപ്പാക്കിയിരുന്നത്. എന്നാൽ അതിൽനിന്നുള്ള സമ്പൂർണ പിന്മാറ്റമാണ് സർക്കാറിന്റെ സമീപനരേഖ. വിപണി ശക്തികൾക്കും കോർപറേറ്റുകൾക്കും കേരളത്തിന്റെ വിഭവങ്ങൾ കൊള്ളയടിക്കാനുള്ള അവസരമൊരുക്കുകയാണ് സർക്കാർ. പദ്ധതിയുടെ ഭാഗമായി സാധാരണക്കാർ കൂടുതൽ മെച്ചപ്പെടുകയാണ് വേണ്ടത്. എന്നാൽ ഇവിടെ പൊതുസ്വത്ത് സ്വകാര്യമേഖലയക്ക് അടിയറവ് വെക്കുന്നു. ആസൂത്രണ പ്രക്രിയ ആകെ സ്വകാര്യമേഖലയക്ക് അടിയറവ് വെക്കുകയാണ്. ഇതോടെ സാധാരണക്കാർ വലിയതോതിൽ പാർശ്വവത്കരിക്കപ്പെടുമെന്നും പിണറായി വ്യക്തമാക്കി.
പ്ലാനിങ് കമീഷൻ ഇല്ലാതാക്കി നിതി ആയോഗ് കൊണ്ടുവന്ന കേന്ദ്രസർക്കാർ മാതൃകയിൽ ഇവിടുത്തെ പ്ലാനിങ് ബോർഡിനെ ചുരുക്കാനാണ് യുഡിഎഫ് സർക്കാർ ശ്രമിക്കുന്നത്. നിതി ആയോഗിന്റെ ഫണ്ട് വാങ്ങി പ്ലാനിങ് ബോർഡിനെ കേവലം ഉപദേശകസമിതിയാക്കാനും ശ്രമിക്കുന്നു. കേരളത്തിന്റെ റവന്യു കമ്മി ഗ്രാന്റ് കേന്ദ്രം നിർത്തലാക്കിയിട്ടും സംസ്ഥാന സർക്കാർ പൂർണമായി മൗനം പാലിക്കുന്നു. കിഫ്ബിയെ ഘട്ടംഘട്ടമായി ഇല്ലാതാക്കുന്നു. ഒരുലക്ഷം കോടിയോളം രൂപയുടെ വികസന പദ്ധതികളാണ് കിഫ്ബി ഏറ്റെടുത്തിട്ടുള്ളത്. കിഫ്ബി പദ്ധതിയിലൂടെ ഏതെങ്കിലും സ്വകാര്യശക്തികൾക്കോ കോർപറേറ്റുകൾക്കോ കൊള്ളലാഭം നേടാനായിട്ടില്ല. കിഫ്ബിയിലൂടെ സൃഷ്ടിക്കപ്പെട്ട പൊതു ആസ്തികളെല്ലാം നാടിന്റേതാണ്. ഈ മാതൃകയെയാണ് സർക്കാർ തകർക്കാൻ ശ്രമിക്കുന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
