നമുക്ക് സാധിക്കും…; മുക്കത്തെ എസ്.എം.എ ബാധിതരായ കുരുന്നുകളുടെ ധനസമാഹരണം 38 കോടി കവിഞ്ഞു

കോഴിക്കോട്: മുക്കത്തെ എസ്.എം.എ ബാധിതരായ മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായി നടത്തുന്ന ജനകീയ ധനസമാഹരണം 38.62 കോടി രൂപ പിന്നിട്ടു. 50 കോടി രൂപ ലക്ഷ്യമിട്ടുള്ള സമാഹരണത്തിൽ ഇനി കണ്ടെത്തേണ്ടത് 11.38 കോടി രൂപ മാത്രം. കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ നാടൊന്നാകെ കൈകോർക്കുമ്പോൾ ചികിത്സാ സഹായം ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്.

കല്ലുരുട്ടി പൂവത്തിരിച്ചാൽ സ്വദേശികളായ അരുൺ-ഷാൽമി ദമ്പതികളുടെ മക്കളായ ഡേവിഡ് മാഗ്നസ്, ഈഥൻ മോസസ്, ഒലിവർ ജോനോ എന്നിവരുടെ ചികിത്സക്കായാണ് ധനസമാഹരണം നടക്കുന്നത്. ഒറ്റപ്രസവത്തിൽ ജനിച്ച മൂന്ന് കുഞ്ഞുങ്ങൾക്കും സ്പൈനൽ മസ്കുലാർ അട്രോഫി ടൈപ്പ് രണ്ട് (എസ്.എം.എ ടൈപ്പ് 2) എന്ന അപൂർവ ജനിതകരോഗമാണ് സ്ഥിരീകരിച്ചത്.

ഇന്ത്യയിൽ തന്നെ ആദ്യമായിട്ടാണ് ഒരു പ്രസവത്തിൽ ജനിച്ച മൂന്ന് കുഞ്ഞുങ്ങൾക്ക് എസ്.എം.എ 2 എന്ന ജനിതക രോഗം സ്ഥിരീകരിക്കുന്നത്. ശരീരത്തിലെ എസ്.എം.എൻ പ്രോട്ടീൻ അളവ് കുറയുന്നതിലൂടെ സുഷുമ്‌നാ നാഡിയിലെ ആൽഫ മോട്ടോർ ന്യൂറോണുകൾക്ക് നാശം സംഭവിക്കുകയും പേശികളുടെ ശക്തി ക്രമേണ കുറയുകയും ചെയ്യുന്ന ഗുരുതരമായ ജനിതകരോഗമാണിത്.

മൂന്ന് കുട്ടികൾക്കും ജീൻ തെറാപ്പി ഉൾപ്പെടെയുള്ള ചികിത്സക്കും തുടർപരിചരണത്തിനുമായി ഏകദേശം 50 കോടി രൂപയാണ് ആവശ്യമായി വരുന്നത്. നേരത്തേ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി രണ്ട് കോടി രൂപയും വ്യവസായി ജോയ് ആലുക്കാസ് ഒരു കോടി രൂപയും സഹായം പ്രഖ്യാപിച്ചിരുന്നു.

കുടുക്ക പൊട്ടിച്ചും വിവിധ ചലഞ്ചുകൾ സംഘടിപ്പിച്ചും സന്നദ്ധ സംഘടനകളും വ്യക്തികളും ധനസമാഹരണത്തിന്റെ ഭാഗമാകുന്നുണ്ട്. ചികിത്സക്കാവശ്യമായ തുക കണ്ടെത്താൻ ജനകീയ ചികിത്സാ സഹായ സമിതിയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഊർജിതമായി തുടരുകയാണ്.

നിലവിൽ മൂന്ന് കുഞ്ഞുങ്ങളും ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. ഡിസംബർ മൂന്നിനകം ചികിത്സക്ക് ആവശ്യമായ തുക സമാഹരിക്കാൻ ഇനിയും പൊതുജനങ്ങളുടെ പിന്തുണ തേടുകയാണ് കുടുംബവും സഹായസമിതിയും.

അക്കൗണ്ട് നമ്പർ: 21360100162505, അക്കൗണ്ട് ഉടമ: അരുണ്‍ പി.ഡി, ബാങ്ക്: ഫെഡറൽ ബാങ്ക്, ശാഖ: ഓമശ്ശേരി, ഐ.എഫ്.എസ്.സി: FDRL0002136, ബന്ധപ്പെടേണ്ട നമ്പർ: 9645280153.