ജ്വല്ലറി കവർച്ച: പൊലീസിന് വീഴ്ചയുണ്ടായോ എന്ന് സ്പെഷൽ ബ്രാഞ്ച് പരിശോധിക്കും; പ്രതികൾക്കായി തിരച്ചിൽ തമിഴ്നാട്ടിൽ

പാലക്കാട്: പെരിങ്ങോട്ടുകുറിശ്ശി ഇഷാൻ ജ്വല്ലറിയിൽ നിന്ന് കവർച്ച നടത്തിയ സംഘം സ്വർണവുമായി കടന്ന സംഭവത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് സ്പെഷൽ ബ്രാഞ്ച് പരിശോധിക്കും. സമൂഹികമാധ്യമങ്ങളിൽ ഉൾപ്പെടെ ആരോപണം ഉയർന്ന സാഹചര്യത്തിലാണ് നടപടി. സംഭവം നടന്ന് രണ്ടു ദിവസം കഴിഞ്ഞിട്ടും പ്രതികളെ കുറിച്ച് സൂചന ലഭിക്കാത്തതിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് അതൃപ്തിയുണ്ട്. അതിനിടെ പൊലീസ് വാഹനം കവർച്ച സംഘത്തിന്റെ വാഹനത്തെ ചേസ് ചെയ്യുന്ന ദൃശ്യങ്ങൾ പ്രചരിച്ചതും അന്വേഷിക്കും.

പ്രതികളെ പിടികൂടാൻ കാലപ്പഴക്കം ചെന്ന വാഹനത്തിൽ പൊലീസ് പോയത് ആക്ഷേപങ്ങൾക്ക് ഇടയാക്കിയിരുന്നു. 27ന് ഉച്ചക്ക് 2.30നാണ് ഹിന്ദി സംസാരിക്കുന്ന മൂന്നു പേർ തമിഴ്നാട് രജിസ്ട്രേഷൻ വാഹനത്തിലെത്തി ജ്വല്ലറിയിൽ കയറി വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സ്വർണം കവർന്നത്. ജ്വല്ലറി ഉടമകളായ കെ.വി. സനാദും ഭാര്യ വി. ശ്രീവിദ്യയും ജീവനക്കാരായ ബിബിതയും കെ. രമ്യയും ചെറുത്ത നിന്നതിനാൽ വലിയ തോതിൽ സ്വർണം നഷ്ടമായില്ല.

ഉച്ചക്ക് കവർച്ച നടന്നിട്ടും പ്രതികളെ പിടികൂടാൻ കഴിയാത്തതിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് ഉയരുന്ന ആരോപണം. കവർച്ച നടത്തിയ പ്രതികൾ പെരിങ്ങോട്ടുകുറിശ്ശി ടൗൺ ഭാഗത്തേക്ക് കടന്നുവെന്ന് നാട്ടുകാർ പൊലീസിന് നൽകിയ മൊഴി. കാർ പെരിങ്ങോട്ടുകുറിശ്ശി ടൗണിൽ നിന്ന് പിന്നീട് കോട്ടായി, ആലത്തൂർ, കുഴൽമന്ദം, ചിറ്റൂർ, ഗോപാലപുരം വഴി തമിഴ്നാട്ടിലേക്ക് കടന്നതായും സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് പൊലീസിന് വ്യക്തമായി. കോട്ടായി, ആലത്തൂർ, കുഴൽമന്ദം, ചിറ്റൂർ, പാലക്കാട്-പൊള്ളാച്ചി അതിർത്തിയിലെ മീനാക്ഷിപുരം എന്നിവിടങ്ങളിൽ പൊലീസ് സ്റ്റേഷനുകളുണ്ട്. ഇവിടങ്ങളിൽ റോഡിൽ കൃത്യമായി പൊലീസ് പരിശോധിച്ചിരുന്നുവെങ്കിൽ പ്രതികൾ പിടിയിലാകുമായിരുന്നുവെന്നാണ് ആക്ഷേപം.

പാലക്കാട്-പൊള്ളാച്ചി അതിർത്തിയിൽ ഗോപാലപുരത്തുവെച്ച് പൊലീസ് വാഹനത്തിന്റെ മുന്നിൽ അവിചാരിതമായി കവർച്ച സംഘത്തിന്റെ കാർ എത്തിയിട്ടും പിടികൂടാനായില്ല. പൊലീസ് വാഹനത്തിന് 10 വർഷത്തോളം പഴക്കമുള്ള, മൂന്നു ലക്ഷത്തോളം കിലോമീറ്റർ ഓടിയ പൊലീസ് വാഹനം ഉപയോഗിച്ചാണോ പൊലീസ് പ്രതികളെ പിടികൂടാനിറങ്ങിയതെന്ന ചോദ്യവും ഉയരുന്നുണ്ട്. കവർച്ചാസംഘത്തെ പിടികൂടാൻ കേരള പൊലീസ് മൂന്നു സംഘങ്ങളായി പൊള്ളാച്ചി, പഴനി, ഡിണ്ടിഗൽ ഭാഗത്ത് ക്യാംപ് ചെയ്യുന്നുണ്ട്. തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ റോഡിലും മറ്റും പരിശോധനയും നടത്തുന്നുണ്ട്. സംഘം തമിഴ്നാട് കടന്നിട്ടില്ലെന്നാണ് സൂചന. പഴനിയിലെ പെട്രോൾ പമ്പിൽ നിന്നാണ് കവർച്ചാസംഘം സഞ്ചരിച്ച കാറിന്റെ അവസാന സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചത്. കാർ ദിണ്ടിഗൽ കടന്നിട്ടുമില്ല. പ്രാദേശിക വഴികളെല്ലാം തമിഴ്നാട് പൊലീസ് നിരീക്ഷിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന സൂചന.