
കൊൽക്കത്ത: ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന കൗമാര താരമാണ് 15കാരൻ വൈഭവ് സൂര്യവംശി. എന്നാൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുമായി താരതമ്യം ചെയ്യുന്നതിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. സച്ചിനുമായി ആരെയും താരതമ്യം ചെയ്യരുതെന്നും അദ്ദേഹത്തിന് പകരക്കാരനായി മറ്റൊരാളില്ലെന്നും ഗാംഗുലി തുറന്നടിച്ചു.
അതേസമയം, വൈഭവിന്റെ അസാധാരണമായ ബാറ്റിങ് മികവിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. എബിപി ഇൻഫോകോമിന്റെ 25-ാം പതിപ്പിൽ സംസാരിക്കുകയായിരുന്നു സൗരവ് ഗാംഗുലി. “സച്ചിനുമായി ആരെയും താരതമ്യം ചെയ്യരുത്. സത്യസന്ധമായി പറഞ്ഞാൽ, സച്ചിൻ ടെണ്ടുൽക്കറുമായി താരതമ്യം ചെയ്യാൻ മറ്റാരുമില്ല. ഒരു താരത്തിന്റെ കഴിവ് എന്ന നിലയിൽ സച്ചിൻ അവിശ്വസനീയനാണ്,” ഗാംഗുലി വ്യക്തമാക്കി. സദസ്സിന്റെ നിറഞ്ഞ കൈയടിയോടെയാണ് അദ്ദേഹത്തിന്റെ വാക്കുകൾ സ്വീകരിക്കപ്പെട്ടത്.
സച്ചിനുമായുള്ള താരതമ്യം തള്ളിയെങ്കിലും വൈഭവിന്റെ ബാറ്റിങ് മികവിനെ ഗാംഗുലി കുറച്ചുകണ്ടില്ല. ക്രീസിലെത്തി ആദ്യ മൂന്ന് പന്തുകളും ഗാലറിയിലെത്തിക്കാൻ വൈഭവിന് കഴിയുന്നുണ്ടെങ്കിൽ അത് തീർച്ചയായും വലിയൊരു കഴിവാണ്. എന്നാൽ അതൊരു വ്യത്യസ്തമായ കഴിവാണ്. ഇന്നത്തെ ക്രിക്കറ്റിലെ ബൗളിങ് ആക്രമണങ്ങൾ മുൻകാലങ്ങളിൽനിന്ന് ഏറെ മാറിയിട്ടുണ്ട്. കളിയുടെ രീതിയും മാറി. അതുകൊണ്ടുതന്നെ മറ്റൊരു സച്ചിൻ ടെണ്ടുൽക്കറെ കണ്ടെത്തുക എന്നത് വളരെ പ്രയാസകരമാണെന്നും അദ്ദേഹം പറഞ്ഞു.
സച്ചിൻ നേരിട്ട ബൗളർമാരുടെ നിലവാരം ചൂണ്ടിക്കാട്ടിയാണ് ഗാംഗുലി തന്റെ നിലപാട് വിശദീകരിച്ചത്. പാകിസ്ഥാന്റെ വസീം അക്രം, വഖാർ യൂനിസ്, ഷോയിബ് അക്തർ, വെസ്റ്റ് ഇൻഡീസിന്റെ കോർട്ട്നി വാൽഷ്, കർട്ട്ലി ആംബ്രോസ്, ഇയാൻ ബിഷപ്പ് എന്നിവർക്കെതിരെയെല്ലാം സച്ചിൻ ബാറ്റേന്തിയിട്ടുണ്ട്. ഓസ്ട്രേലിയയുടെ ഗ്ലെൻ മഗ്രാത്ത്, ബ്രെറ്റ് ലീ, ഷെയ്ൻ വോൺ, ജേസൺ ഗില്ലെസ്പി, ദക്ഷിണാഫ്രിക്കയുടെ അലൻ ഡൊണാൾഡ്, ഷോൺ പൊള്ളോക്ക്, ഡെയ്ൽ സ്റ്റെയ്ൻ, ഇംഗ്ലണ്ടിന്റെ ജെയിംസ് ആൻഡേഴ്സൺ, സ്റ്റുവർട്ട് ബ്രോഡ്, ശ്രീലങ്കയുടെ മുത്തയ്യ മുരളീധരൻ, ചാമിന്ദ വാസ് തുടങ്ങിയ ലോകോത്തര ബൗളർമാരെയും അദ്ദേഹം നേരിട്ടു.
മാത്രമല്ല, ഇത്രയും മികച്ച ബൗളർമാർക്കെതിരെ കളിച്ച് 100 അന്താരാഷ്ട്ര സെഞ്ച്വറികൾ നേടുകയെന്നത് അവിശ്വസനീയമായ നേട്ടമാണ്. 200 ടെസ്റ്റ് മത്സരങ്ങളിൽനിന്ന് 15,921 റൺസും 51 സെഞ്ച്വറികളും നേടിയ സച്ചിൻ ഏകദിനത്തിൽ 463 മത്സരങ്ങളിൽനിന്ന് 18,426 റൺസും 49 സെഞ്ച്വറികളും സ്വന്തമാക്കിയിട്ടുണ്ട്. ടെസ്റ്റിലും ഏകദിനത്തിലുമായി ആകെ 100 അന്താരാഷ്ട്ര സെഞ്ച്വറികൾ നേടിയ ഏക താരമെന്ന റെക്കോർഡും സച്ചിന്റെ പേരിലാണ്.
ഏഷ്യ കപ്പ് റൈസിങ് സ്റ്റാർസിൽ യു.എ.ഇക്കെതിരെ 52 പന്തിൽ 204 റൺസ് നേടിയതും ഐ.പി.എൽ 2026-ൽ രാജസ്ഥാൻ റോയൽസിനായി 776 റൺസ് വാരിക്കൂട്ടിയതുമാണ് 15-കാരനായ വൈഭവിനെ ‘അടുത്ത സച്ചിൻ’ എന്ന് വിളിക്കാൻ ആരാധകരെ പ്രേരിപ്പിച്ചത്. ഓറഞ്ച് ക്യാപ്പും എം.വി.പിയും നേടിയ വൈഭവിനെ രാജസ്ഥാൻ ഐ.പി.എൽ 2027-നായി നിലനിർത്തുകയും ചെയ്തിരുന്നു.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വൈഭവ് ടെസ്റ്റിൽ 500 റൺസ് നേടുമെന്ന കെവിൻ പീറ്റേഴ്സന്റെ പ്രവചനത്തോട് ആദ്യം താരം ടെസ്റ്റ് കളിക്കട്ടെയെന്നായിരുന്നു ഗാംഗുലിയുടെ മറുപടി. അനാവശ്യ സമ്മർദവും പ്രതീക്ഷകളും കൗമാരക്കാരന്റെ മേൽ അടിച്ചേൽപ്പിക്കരുതെന്ന സന്ദേശമാണ് ഗാംഗുലി ഇതിലൂടെ നൽകിയത്.
ധോണിയെ കണ്ടെത്തിയ കഥയും പങ്കുവെച്ചു
അതേ പരിപാടിയിൽ മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോണിയെ ആദ്യമായി ശ്രദ്ധിച്ച അനുഭവവും ഗാംഗുലി പങ്കുവെച്ചു. 2003-ൽ ടാറ്റയിൽ ജോലി ചെയ്തിരുന്ന സമയത്താണ് ധോണിയുടെ പ്രകടനം കാണാൻ ജംഷഡ്പൂരിലെത്തിയത്. ചാർട്ടേഡ് വിമാനത്തിൽ യാത്ര ചെയ്ത് കീനൻ സ്റ്റേഡിയത്തിലെത്തിയപ്പോൾ ധോണി തകർപ്പൻ സെഞ്ച്വറിയാണ് നേടിയത്. വെറും ഏഴ് ദിവസത്തിനുള്ളിൽ ധോണി ഇന്ത്യൻ ടീമിൽ കളിക്കാനെത്തിയെന്നും ഗാംഗുലി ഓർത്തെടുത്തു.
വൈഭവിന്റെ പ്രതിഭയിൽ സംശയമില്ലെങ്കിലും സച്ചിനുമായി താരതമ്യം ചെയ്യുന്നത് ഒഴിവാക്കണമെന്നതാണ് ഗാംഗുലിയുടെ നിലപാട്. 15-ാം വയസ്സിൽ തന്നെ റെക്കോർഡുകൾ തിരുത്തിക്കുറിക്കുന്ന വൈഭവിന് സ്വന്തം കഴിവിൽ വളരാനുള്ള അവസരം നൽകണമെന്നും ഭാവിയെക്കുറിച്ചുള്ള വലിയ പ്രവചനങ്ങൾക്കു മുമ്പ് കരിയറിന്റെ അടുത്ത ഘട്ടങ്ങളിലേക്ക് കടക്കട്ടെയെന്നുമാണ് മുൻ നായകന്റെ വാക്കുകൾ നൽകുന്ന സന്ദേശം.


