പ്രവാസി മലയാളിയെ കല്ലെറിഞ്ഞു വീഴ്ത്തി, കയർ കെട്ടി കാനയിൽ തള്ളി സ്വർണവും പണവും കവർന്നു; ആലുവയിൽ കവർച്ച സംഘത്തിന്റെ ക്രൂരത

ആലുവ: നഗരമധ്യത്തിൽ പുലർച്ചെ ട്രെയിൻ കയറാനെത്തിയ പ്രവാസി യുവാവിനെ തലയ്ക്ക് കല്ലെറിഞ്ഞ് വീഴ്ത്തി അതിക്രൂരമായി മർദിച്ച് കവർച്ച. പെരുമ്പാവൂർ കോടനാട് സ്വദേശിയായ ജോഫിൻ ജിജുവിനാണ് (28) ക്രൂര മർദനമേറ്റത്. മൂന്ന് പവൻ്റെ സ്വർണമാലയും പണവും കവർന്ന രണ്ടംഗ സംഘം യുവാവിനെ കാനയിൽ തള്ളുകയും ചെയ്തു. ലൈംഗികത്തൊഴിലിന്റെ മറവിൽ പ്രദേശത്ത് തമ്പടിച്ചിട്ടുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
ഞായറാഴ്ച പുലർച്ചെ 3.30-ഓടെ മിനി സിവിൽ സ്റ്റേഷൻ റോഡിലായിരുന്നു നാടിനെ നടുക്കിയ സംഭവം. കോഴിക്കോട് ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോകുന്നതിനായി മെട്രോ സ്റ്റേഷനിൽനിന്ന് ഗൂഗിൾ മാപ്പിൻ്റെ സഹായത്തോടെ റെയിൽവേ സ്റ്റേഷനിലേക്ക് നടന്നുപോവുകയായിരുന്നു ജോഫിൻ. ഇതിനിടെ പിന്തുടർന്നെത്തിയ അക്രമികൾ ജോഫിൻ്റെ തലയ്ക്ക് കല്ലെറിയുകയായിരുന്നു. നിലത്തുവീണ യുവാവിനെ കയറുകൊണ്ട് കെട്ടി സമീപത്തെ ചെളി നിറഞ്ഞ കാനയിലേക്ക് വലിച്ചിഴച്ചു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അക്രമികൾ ജോഫിന്റെ പക്കലുണ്ടായിരുന്ന ആയിരം രൂപയും മൂന്ന് പവൻ്റെ മാലയും പിടിച്ചുപറിച്ചത്. കാനയിൽ വെച്ചും അതിക്രൂരമായ മർദനമാണ് ഇയാൾക്ക് നേരിടേണ്ടി വന്നത്.
ആക്രമണത്തിൽ ജോഫിൻ്റെ വലതുകൈയ്ക്കും മൂന്ന് വാരിയെല്ലുകൾക്കും പൊട്ടലുണ്ട്. പരിക്കേറ്റ ജോഫിൻ എങ്ങനെയോ അവിടെനിന്നും ഓടി പൊലിസ് സ്റ്റേഷനിലെത്തി സഹായം അഭ്യർത്ഥിക്കുകയായിരുന്നു. തുടർന്ന് പൊലീസാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. യുവാവിന് അടിയന്തര ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.
സംഭവം നടന്ന പ്രദേശത്തെ സ്ട്രീറ്റ് ലൈറ്റുകൾ പ്രവർത്തനരഹിതമായി കിടക്കുകയാണ്. സി.സി.ടി.വി ക്യാമറകൾ പ്രവർത്തിക്കാത്തതും വെളിച്ചക്കുറവും അക്രമികൾക്ക് വളമായി. വൈകുന്നേരം അഞ്ചുമണി കഴിഞ്ഞാൽ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കുള്ള വഴികളിൽ സാമൂഹിക വിരുദ്ധരുടെ വിളയാട്ടമാണെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്ത് സമാനമായ കവർച്ചകൾ സമീപകാലത്തും നടന്നിട്ടുണ്ട്.
അതേസമയം, അക്രമികളെ കണ്ടാൽ തിരിച്ചറിയാനാകുമെന്ന് ജോഫിൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പ്രതികൾ ഈ പ്രദേശത്ത് സ്ഥിരമായി പ്രശ്നങ്ങളുണ്ടാക്കുന്നവരാണെന്നും ഇവരെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ജോഫിന്റെ മൊഴി രേഖപ്പെടുത്തിയ ആലുവ പൊലീസ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതികളെ ഉടൻ പിടികൂടുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
