കൂടെ പിറന്നവരല്ലേ…

ലിയാൻഡ്രോ ബാക്കുനയും ജുനിഞ്ഞോ ബാക്കുനയും, ഇനാകി വില്യംസും നിക്കോ വില്യംസും
വെറും ഒന്നര ലക്ഷം മാത്രം ജനസംഖ്യയുള്ള കുറസാവോ, മനോഹരമായ കരീബിയൻ ദ്വീപ് രാജ്യമാണ്. ലെഗോ ബ്ലോക്കുകൾകൊണ്ട് കുട്ടികൾ അടുക്കിവെച്ച ‘ലെഗോ സിറ്റി’ പോലെ തോന്നിപ്പിക്കുന്ന ബഹുവർണ കെട്ടിടങ്ങളുള്ള, നീലത്തിരമാലകൾ ചുറ്റും അലയടിക്കുന്ന കുഞ്ഞു ദ്വീപ്. ജനസംഖ്യയും വിസ്തൃതിയും കണക്കിലെടുത്താൽ, ഫുട്ബാളിന്റെ വിശ്വമാമാങ്കത്തിലേക്ക് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യമാണ് ‘ദി ബ്ലൂ വേവ്’ എന്ന വിളിപ്പേരുള്ള കുറസാവോ.
ടീം ഇത്തവണ പന്തുതട്ടുമ്പോൾ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പരിശീലകനെന്ന റെക്കോഡ് അവരുടെ കോച്ച് ഡിക് അഡ്വക്കാറ്റിന് (78) സ്വന്തമാവും. ഇത്തരം ഒരുപാട് അപൂർവതകൾക്കൊപ്പം കുഞ്ഞൻ ദ്വീപുകാരുടെ ടീമിലൊരു കുടുംബകാര്യവുമുണ്ട്. കുറസാവോയുടെ കുതിപ്പിന് കരുത്തേകിയ മിഡ്ഫീൽഡിലെ ബാക്കുന സഹോദരന്മാർ, ക്യാപ്റ്റൻ ലിയാൻഡ്രോ ബാക്കുനയും സഹോദരൻ ജുനിഞ്ഞോ ബാക്കുനയും അക്ഷരാർഥത്തിൽ ടീമിന്റെ എൻജിനാണ്. നെതർലൻഡ്സിൽ ജനിച്ചുവളർന്ന ഇരുവരും പിന്നീട് തങ്ങളുടെ പൂർവികരുടെ നാടായ കുറസാവോക്കുവേണ്ടി കളിക്കാൻ തീരുമാനിക്കുകയായിരുന്നു.
തമ്മിൽ പിണങ്ങി പോവല്ലേ
2022 ഖത്തർ ലോകകപ്പിൽ അഞ്ച് ജോടി സഹോദരങ്ങളാണ് വിവിധ രാജ്യങ്ങൾക്കായി കളത്തിലിറങ്ങിയത്. അവരിൽ ഒരേ രാജ്യത്തിന് വേണ്ടിയും വ്യത്യസ്ത രാജ്യങ്ങൾക്ക് വേണ്ടിയും കളിച്ചവരിൽ പലരും ഇത്തവണയും ലോകകപ്പിൽ ബൂട്ടുകെട്ടുന്നുണ്ട്. നിർഭാഗ്യം കൊണ്ട് ലോകകപ്പ് യോഗ്യത നേടാനാവാതെ പോയവരുമുണ്ട്. ലോകകപ്പ് ചരിത്രത്തിൽ തന്നെ വളരെ അപൂർവമായി, ഒരേ ടൂർണമെന്റിൽ രണ്ട് വ്യത്യസ്ത രാജ്യങ്ങളെ പ്രതിനിധീകരിച്ച സഹോദരന്മാരാണ് ഘാനയുടെ ഇനാകി വില്യംസും സ്പെയിനിന്റെ നിക്കോ വില്യംസും. പട്ടിണിയും പരിവട്ടവും കൊണ്ട് ഘാനയിൽനിന്ന് സഹാറ മരുഭൂമിയിലൂടെ കാൽനടയായി തങ്ങളുടെ മാതാപിതാക്കൾ നടത്തിയ കുടിയേറ്റത്തിന്റെ സാഹസിക യാത്രയെ കുറിച്ച് ഇരുവരും വൈകാരികമായി മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്.
റൊണാൾഡ് കൂമാനും ഇർവിൻ കൂമാനും
അത്ലറ്റികോ ബിൽബാവോയുടെ അക്കാദമിയിലൂടെ കളിച്ചു വളർന്ന ഇനാകിയും നിക്കോയും വമ്പൻ ഓഫറുകൾ വന്നിട്ടും തമ്മിൽ പിരിയാതെ ഇപ്പോഴും ലാലിഗയിൽ ബിൽബാവോക്കായി പന്തുതട്ടുന്നുണ്ട്; വന്നവഴി മറക്കാതെ…. വില്യംസ് സഹോദരന്മാരെ കൂടാതെ ബോട്ടെങ് സഹോദരന്മാർ മാത്രമാണ് ലോകകപ്പിൽ വ്യത്യസ്ത രാജ്യങ്ങൾക്കായി കളിച്ചവർ. ചേട്ടൻ കെവിൻ പ്രിൻസ് ബോട്ടെങ് ഘാനയുടെയും അനിയൻ ജെറോം ബോട്ടെങ് ജർമനിയുടെയും താരങ്ങളായിരുന്നു. വില്യംസ് സഹോദരന്മാർ 2022 ലോകകപ്പിൽ ഒരേ സമയത്ത് രണ്ട് രാജ്യങ്ങൾക്കായി കളിച്ചെങ്കിലും പരസ്പരം ഏറ്റുമുട്ടിയിരുന്നില്ല. എന്നാൽ, ബോട്ടെങ് സഹോദരന്മാർ 2010, 2014 ലോകകപ്പുകളിൽ ജർമനിയും ഘാനയും ഒരേ ഗ്രൂപ്പിൽ വന്നപ്പോൾ കളിക്കളത്തിൽ നേർക്കുനേർ ഏറ്റുമുട്ടിയത് കൗതുക ചരിത്രം.
നമ്മൾക്കു നാം തന്നെയല്ലേ
പ്രതിഭകളുടെ ധാരാളിത്തമുള്ള ഫ്രഞ്ച് ടീമിലെ പ്രതിരോധക്കോട്ടയിലെ സഹോദര ഭടന്മാരാണ് ലൂക്കാസ് ഹെർണാണ്ടസും തിയോ ഹെർണാണ്ടസും. കഴിഞ്ഞ ലോകകപ്പിൽ ഫ്രാൻസിന്റെ ആദ്യ മത്സരത്തിൽ ലൂക്കാസിന് പരിക്കേറ്റതിനെത്തുടർന്ന് പകരക്കാരനായി ഇറങ്ങിയത് അനിയൻ തിയോ ഹെർണാണ്ടസ് ആയിരുന്നു. 1932നുശേഷം ഫ്രാൻസ് ടീമിനായി ഒന്നിച്ച് കളിക്കുന്ന ആദ്യ സഹോദരന്മാർ എന്ന റെക്കോഡുള്ള ഇരുവരും ഇത്തവണയും ദിദിയർ ദെഷാംപ്സിന്റെ 26 അംഗ സ്ക്വാഡിൽ പ്രതിരോധ നിരയിലെ വിശ്വസ്തരാണ്. സെർബിയൻ ടീമിലെ സഹോദരന്മാരാണ് സെർജി മിലിങ്കോവിച്ച് സാവിച്ചും വാനിയ മിലിങ്കോവിച്ച് സാവിച്ചും. അനിയൻ വാനിയ ഗോൾകീപ്പറും ചേട്ടൻ സെർജി മധ്യനിര താരവുമാണ്. കഴിഞ്ഞ ലോകകപ്പിലും ഇവർ കളിച്ചിരുന്നു. ഘാനക്കുവേണ്ടി 2014, 2022 ലോകകപ്പുകളിൽ ഒന്നിച്ചുകളിച്ച ആന്ദ്രെ ആയൂ, ജോർദാൻ ആയൂ എന്നിവരിൽ ജോർദാൻ ആയൂ നിലവിൽ ക്യാപ്റ്റനാണ്. ആന്ദ്രെ ആയൂ ഇത്തവണ പുറത്തായി.
ഹുസാം ഹസനും ഇബ്രാഹിം ഹസനും മുഹമ്മദ് സലാഹിനൊപ്പം
ഘാന ഫുട്ബാളിലെ ഇതിഹാസം അബേദി പെലെയുടെ മക്കളാണ് ഇരുവരും. മുൻ ലോകകപ്പുകളിൽ ഈഡൻ ഹസാർഡ്, തോർഗൻ ഹസാർഡ് (ബെൽജിയം), റൊണാൾഡ് കൂമാൻ, എർവിൻ കൂമാൻ (നെതർലൻഡ്സ്), ഫ്രാങ്ക് ഡി ബോവർ, റൊണാൾഡ് ഡി ബോവർ (നെതർലൻഡ്സ്), ഹുസാം ഹസൻ, ഇബ്രാഹിം ഹസൻ ഈജിപ്ത്), ബോബി ചാർട്ടൺ, ജാക്ക് ചാർട്ടൺ (ഇംഗ്ലണ്ട്) തുടങ്ങിയ സഹോദരങ്ങളും ടീമിനായി ഒന്നിച്ചു ബൂട്ടണിഞ്ഞിട്ടുണ്ട്. കളിക്കാരായും മാനേജർമാരായും വിശ്വമേളയിൽ മുദ്രപതിപ്പിക്കാനെത്തുന്ന സഹോദരങ്ങളുമുണ്ട്; നെതർലൻഡ്സ് കോച്ച് റൊണാൾഡ് കൂമാനും ചേട്ടനും അസി. കോച്ചുമായ ഇർവിൻ കൂമാനും. ഇരുവരും ഒന്നിച്ച് 1990ലെ ഇറ്റലി ലോകകപ്പിൽ നെതർലൻഡ്സിനായി കളിച്ചിരുന്നു. ഫുട്ബാൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ഡിഫൻഡർ എന്ന റെക്കോഡ് (253 ഗോൾ) ഇപ്പോഴും റൊണാൾഡ് കൂമാന്റെ പേരിലാണ്. ഹംഗറി, ഒമാൻ ദേശീയ ടീമുകളുടെ മുഖ്യ പരിശീലകനായിരുന്നു ഇർവിൻ.
തിയോ ഹെർണാണ്ടസും ലൂക്ക ഹെർണാണ്ടസും, സെർജി മിലിങ്കോവിച് സാനിചും വാനിയ മിലിങ്കോവിച് സാനിചും
സതാംപ്ടൺ, എവർട്ടൺ ക്ലബുകളിൽ തന്റെ അനിയന്റെ അസിസ്റ്റന്റായി പ്രവർത്തിച്ചു. ഇപ്പോൾ ഡച്ച് ദേശീയ ടീമിലും ഒന്നിച്ച് തന്ത്രങ്ങൾ മെനയുന്ന അപൂർവ സഹോദര കോമ്പോ. 1990 ലോകകപ്പിൽ കളിച്ച ഈജിപ്തിന്റെ ഇതിഹാസ ഇരട്ടകളായ ഹുസാം ഹസനും ഇബ്രാഹിം ഹസനും നിലവിൽ ഈജിപ്ത് ദേശീയ ടീമിനൊപ്പമുണ്ട്. മുഹമ്മദ് സലാഹ് നയിക്കുന്ന ‘ഫറവോ’കളുടെ മുഖ്യ പരിശീലകനാണ് ഹുസാം ഹസൻ. ഇബ്രാഹിം ഹസൻ ടീം ഡയറക്ടറും.
