ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, മാളികപ്പുറത്ത് എ. ദാമോദരൻ നമ്പൂതിരി

ശബരിമല: ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. എ. ദാമോദരൻ നമ്പൂതിരിയാണ് മാളികപ്പുറം മേൽശാന്തി.

ഇന്ന് രാവിലെ ശബരിമല സോപാനത്തും മാളികപ്പുറം ക്ഷേത്രത്തിലുമായി നടന്ന നറുക്കെടുപ്പിലാണ് ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുത്തത്.

പന്തളം നാലുകെട്ട് കൊട്ടാരത്തിലെ വി. അർജുനന്റെയും കോട്ടയം കാരാപ്പുഴ ഇളയകോവിലകത്ത്‌ ശർമദ ആർ. വർമയുടെയും മകനായ ദേവനന്ദനാണ് ശബരിമല മേൽശാന്തിയെ നറുക്കെടുത്തത്. തൃപ്പൂണിത്തുറ ലക്ഷ്‌മി വിലാസം പാലസിൽ മൈഥിലിരാജ– രഞ്‌ജിത്ത് രാജൻ ദമ്പതികളുടെ മകൾ അനശ്വര മാളികപ്പുറം മേൽശാന്തിയുടെ നറുക്കെടുത്തു.

തിരുവനന്തപുരം പുളിമൂട് സ്വദേശിയാണ് സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി. നിലവിൽ തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലെ മേൽശാന്തിയാണ്. സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി മുമ്പ് മൂന്നുതവണ ശബരിമല മേൽശാന്തി പട്ടികയിലെത്തിയിരുന്നു.

കോഴിക്കോട് വടകര സ്വദേശിയാണ് മാളികപ്പുറം മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട ദാമോദരൻ നമ്പൂതിരി.