ലോ​ക​ക​പ്പി​ൽ വീ​ണ്ടും ഫ്രാ​ൻ​സ് Vs സെ​ന​ഗാ​ൾ; നെ​ഞ്ചി​ലൊ​രു കാ​ള​ൽ

​ന്യൂ​ജ​ഴ്സി (യു.​എ​സ്): 2002 മേ​യ് 31, ലോ​ക ചാ​മ്പ്യ​ന്മാ​രും യൂ​റോ ചാ​മ്പ്യ​ന്മാ​രു​മെ​ന്ന പ്രൗ​ഢി​യോ​ടെ​യെ​ത്തി​യ​താ​യി​രു​ന്നു ഫ്രാ​ൻ​സ്. ദ​ക്ഷി​ണ കൊ​റി​യ​യി​ലെ സോ​ൾ വേ​ദി​യാ​യ ഉ​ദ്ഘാ​ട​ന മ​ത്സ​രം. ഫ്ര​ഞ്ചു​കാ​ർ​ക്ക് എ​തി​രാ​ളി ലോ​ക​ക​പ്പി​ന്റെ പ​ടി​വാ​തി​ൽ ആ​ദ്യ​മാ​യി ച​വി​ട്ടു​ന്ന സെ​ന​ഗാ​ൾ. ലെ​സ് ബ്ലൂ​സ് അ​നാ​യാ​സം ജ​യി​ച്ചു ക​യ​റു​മെ​ന്നാ​ണ് ക​രു​തി​യ​ത്. മ​ത്സ​ര​ത്തി​ന്റെ 30ാം മി​നി​റ്റി​ൽ അ​ത് സം​ഭ​വി​ച്ചു. ഹു​ങ്കി​ന്റെ കോ​ട്ട മ​തി​ലു​ക​ൾ ത​ക​ർ​ത്തെ​റി​ഞ്ഞ് പാ​പ ബൂ​ബ ഡി​യോ​പ് ഫ്ര​ഞ്ച് വ​ല​യി​ലേ​ക്ക് പ​ന്ത് ക​യ​റ്റി. അ​വ​സാ​ന വി​സി​ൽ മു​ഴ​ങ്ങു​മ്പോ​ൾ ചാ​മ്പ്യ​ന്മാ​രു​ടെ പ​ത​ന​വും പു​ത്ത​ൻ ആ​ഫ്രി​ക്ക​ൻ ശ​ക്തി​ക​ളു​ടെ ഉ​ദ​യ​വും ലോ​കം ക​ണ്ടു.

ഫ്രാ​ൻ​സ് ഗ്രൂ​പ്പി​ൽ നാ​ലാം​സ്ഥാ​ന​ക്കാ​രാ​യി ആ​ദ്യ റൗ​ണ്ടി​ൽ നാ​ണം​കെ​ട്ട് മ​ട​ങ്ങി. സെ​ന​ഗാ​ൾ മു​ന്നേ​റ്റം ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ വ​രെ​യെ​ത്തി. ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​ട്ടി​മ​റി​ക​ളി​ലൊ​ന്ന് സം​ഭ​വി​ച്ചി​ട്ട് 24 വ​ർ​ഷം പൂ​ർ​ത്തി​യാ​യി​രി​ക്കു​ന്നു. ഒ​രി​ക്ക​ൽ​ക്കൂ​ടി ഇ​രു ടീ​മും മു​ഖാ​മു​ഖം വ​രു​ക​യാ​ണ്. മ​ര​ണ ഗ്രൂ​പ്പാ​യി ഗ്രൂ​പ് ഐ-​യി​ലെ മ​ത്സ​ര​ത്തി​ന് ഇ​ന്ത്യ​ൻ സ​മ​യം ചൊ​വ്വാ​ഴ്ച അ​ർ​ധ രാ​ത്രി 12.30ന് ​മെ​റ്റ് ലൈ​ഫ് സ്റ്റേ​ഡി​യം വേ​ദി​യാ​വും.

ദീ​ർ​ഘ​കാ​ല​മാ​യി ടീ​മി​നെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന ദി​ദി​യ​ർ ദെ​ഷാം​പ്സി​നു​കീ​ഴി​ൽ ക​ഴി​ഞ്ഞ ര​ണ്ട് ലോ​ക​ക​പ്പു​ക​ളി​ലും ഫൈ​ന​ലി​ലെ​ത്തി​യ ഫ്രാ​ൻ​സി​ന് മി​ക​ച്ച സ്ക്വാ​ഡ് ഡെ​പ്ത് ഉ​ണ്ട്. ആ​ക്ര​മ​ണ​ത്തി​ന് കി​ലി​യ​ൻ എം​ബാ​പ്പെ​യും ഉ​സ്മാ​ൻ ഡെം​ബെ​ലെ​യും മൈ​ക്ക​ൽ ഒ​ലി​സെ​യു​മ​ട​ക്ക​മു​ള്ള ഒ​ന്നാം ത​രം യു​വ​നി​ര. പ​രി​ച​യ​സ​മ്പ​ന്ന​രാ​യ അ​ഡ്രി​യാ​ൻ റാ​ബി​യോ​ട്ടും എ​ൻ​കോ​ളോ കാ​ന്റെ​യും ന​യി​ക്കു​ന്ന മ​ധ്യ​നി​ര. അ​നു​ഭ​വ​സ​മ്പ​ത്തും അ​തി​വേ​ഗ വി​ങ്ങ​ർ​മാ​രു​മാ​ണ് ടീ​മി​ന്റെ ക​രു​ത്ത്. ഒ​റ്റ​ക്ക് ക​ളി തി​രി​ക്കാ​ൻ ശേ​ഷി​യു​ള്ള എം​ബാ​പ്പെ​യു​ടെ സാ​ന്നി​ധ്യം ഏ​ത് പ്ര​തി​രോ​ധ നി​ര​ക്കും പേ​ടി​സ്വ​പ്ന​മാ​ണ്.

സാ​ദി​യോ മാ​നെ എ​ന്ന ഇ​തി​ഹാ​സ താ​ര​ത്തി​ന്റെ ചു​മ​ലി​ലേ​റി​യാ​ണ് സെ​ന​ഗാ​ൾ വ​രു​ന്ന​ത്. ഇ​ത്ത​വ​ണ​യും വ​ൻ അ​ട്ടി​മ​റി​ക​ൾ​ക്ക് ശേ​ഷി​യു​ള്ള സം​ഘ​മാ​ണ്. മാ​നെ​ക്ക് കൂ​ട്ടാ​യി ഇ​സ്മാ​യി​ല സാ​ർ മു​ന്നേ​റ്റ​ത്തി​ലു​ണ്ടാ​വും. ക​ലി​ദൗ കൂ​ലി​ബാ​ലി ന​യി​ക്കു​ന്ന പ്ര​തി​രോ​ധം. വി​ശ്വ​സ്ത കാ​വ​ൽ​ക്കാ​ര​നാ​യി എ​ഡ്വേ​ർ​ഡ് മെ​ൻ​ഡി​യും. ശാ​രീ​രി​ക ക്ഷ​മ​ത​യി​ലൂ​ന്നി​യ ഹൈ​പ്ര​സി​ങ് ഗെ​യി​മാ​ണ് സെ​ന​ഗാ​ളി​ന്റെ പ്ര​ധാ​ന ത​ന്ത്രം. 2004ൽ ​ചു​മ​ത​ല​യേ​റ്റ കോ​ച്ച് പേ​പ് തി​യാ​വി​നു​കീ​ഴി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ആ​ഫ്രി​ക്ക​ൻ നാ​ഷ​ൻ​സ് ചാ​മ്പ്യ​ന്മാ​രാ​യി ടീം.