സ്വർണ കവർച്ചാ നാടകം; കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയത് ഭർത്താവ്, സംഘം പിടിയിൽ

കോഴിക്കോട്: ദുബായിൽ നിന്ന് സ്വർണവുമായി കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ യുവതിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. ഇന്ന് രാവിലെയാണ് സംഭവം. യുവതിയെ തട്ടിക്കൊണ്ടുപോയ ക്വട്ടേഷൻ സംഘത്തെ മലപ്പുറം പുളിക്കലിൽ നിന്ന് പൊലീസ് അതിസാഹസികമായി പിടികൂടി. ആറു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ദുബായിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിനിയെയാണ് തട്ടിക്കൊണ്ടു പോയത്. ആഭരണങ്ങളായി അണിഞ്ഞാണ് യുവതി സ്വർണം കടത്തിയിരുന്നത്.പണം മുടക്കിയ ആൾക്ക് സ്വർണം കൊടുക്കാതെ, യുവതി ഭർത്താവിന് സ്വർണം കൈമാറാൻ ശ്രമിക്കുകയായിരുന്നു. ഈ സമയത്ത് കുതിച്ചെത്തിയ ക്വട്ടേഷൻ സംഘം റിയയെ ബലമായി നീല കാറിൽ കയറ്റി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. അവിടെനിന്ന് കൊണ്ടോട്ടി ഭാഗത്തേക്ക് പുറപ്പെട്ട സംഘത്തെ പിന്തുടർന്ന പൊലീസ് പുളിക്കലിൽ വെച്ച് അതിസാഹസികമായി പിടികൂടുകയായിരുന്നു. കണ്ണൂരിൽ നിന്നുള്ള ക്വട്ടേഷൻ സംഘമാണ് യുവതിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. യുവതി സ്വർണം തിരിമറി നടത്തുമെന്ന് മുൻകൂട്ടിക്കണ്ട് ക്വട്ടേഷൻ സംഘം കരിപ്പൂരിൽ തമ്പടിച്ചിരിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം അഭിരാമി എന്ന ഇടുക്കി സ്വദേശി സമാനരീതിയിൽ സ്വർണം കൊണ്ടുവന്ന് കൈമാറ്റം ചെയ്യാൻ ശ്രമിച്ചത് കൂട്ടത്തല്ലിനിടയാക്കിയിരുന്നു. സംഭവത്തിൽ എട്ടു പേർ അറസ്റ്റിലായിരുന്നു. ഒരു കോടിയോളം രൂപയുടെ സ്വർണമാണ് അന്ന് അഭിരാമിയിൽ നിന്ന് പിടികൂടിയത്. ഇടവേളയ്ക്കു ശേഷമാണ് കരിപ്പൂരിൽ ഇത്തരം സ്വർണക്കൊള്ള വീണ്ടും സജീവമാകുന്നത്.