ഐ.പി.എൽ; ആർ.സി.ബി തലപ്പത്ത്, മുംബൈ പുറത്ത്

റായ്പുർ: അവസാന പന്ത് വരെ ആവേശം നിറഞ്ഞ കളിയിൽ മുംബൈ ഇന്ത്യൻസിനെ രണ്ട് വിക്കറ്റിന് കീഴടക്കി റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഐ.പി.എല്ലിൽ ഒന്നാം സ്ഥാനത്തേക്ക് കയറി. തോൽവിയോടെ മുംബൈ പ്ലേഓഫ് കാണാതെ പുറത്തായി.
ആദ്യം ബാറ്റ് ചെയ്ത മുംബൈ ഏഴിന് 166ലൊതുങ്ങിയപ്പോൾ ബംഗളൂരു അവസാന പന്തിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 46 പന്തിൽ 73 റൺസടിച്ച ക്രുനാൽ പാണ്ഡ്യയാണ് വിജയശിൽപി. നേരത്തേ, നാല് ഓവറിൽ 23 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത ഭുവനേശ്വർ കുമാറിന്റെ ബൗളിങ്ങാണ് ആർ.സി.ബിക്ക് ഗുണമായത്.
42 പന്തിൽ 57 റൺസ് നേടി തിലക് വർമ ടോപ് സ്കോററായി. ആദ്യ ഓവറിൽ ഓപണർ റയാൻ റിക്കിൾട്ടണിനെ (2) പുറത്താക്കി തുടങ്ങിയ ഭുവനേശ്വർ മൂന്നാം ഓവറിലെ അവസാന രണ്ട് പന്തുകളിൽ രോഹിത് ശർമയെയും (10 പന്തിൽ 22) സൂര്യകുമാർ യാദവിനെയും (0) പറഞ്ഞുവിട്ടു. ഇതോടെ മൂന്നിന് 28ലേക്ക് പതറി മുംബൈ. നാലാം വിക്കറ്റിൽ നമൻ ധിറും (32 പന്തിൽ 47) തിലകും ചേർന്നാണ് ടീമിനെ കരകയറ്റിയത്.
