ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ

 

തെഹ്റാൻ: ലോകരാജ്യങ്ങളുടെ സുപ്രധാന കപ്പൽപാതയായ ഹോർമുസ് വീണ്ടും അടച്ച് ഇറാൻ. ലെബനാനിൽ ഇസ്രായേൽ തുടരുന്ന ആക്രമണത്തിന് പിന്നാലെയാണ് ഇറാന്‍റെ നടപടി. തെക്കൻ ലെബനാനിൽ കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 32 പേർ കൂടി കൊല്ലപ്പെട്ടിരുന്നു. അതേസമയം, സമാധാനച ഭാഗമായി നാളെ സ്വിറ്റ്സർലാൻഡിൽ ചർച്ചയ്ക്ക് എത്തണമെന്ന് ഇറാനോട് യുഎസ് പ്രസിഡന്‍റ് ജെ.ഡി വാൻസ് ആവശ്യപ്പെട്ടു. പാക് ആഭ്യന്തര മന്ത്രി മുഹ്സിൻ നഖ്വി തെഹ്റാനിൽ ഇറാൻ നേതാക്കളുമായി ചർച്ച നടത്തുകയാണ്.

ഇസ്രായേലും ഹിസ്ബുല്ലയും തമ്മിൽ വെടിനിർത്തൽ കരാറിലെത്തിയെന്ന വാദം യുഎസ് ആവർത്തിക്കുമ്പോഴും ലെബനാനിൽ ഇസ്രായേൽ അഴിച്ചുവിട്ട വ്യാപകമായ വ്യോമാക്രമണമാണ് മേഖലയെയും ഹോർമുസ് കടലിടുക്കിനെയും വീണ്ടും സംഘർഷസാഹചര്യത്തിലേക്ക് തള്ളിവിട്ടിരിക്കുന്നത്. ഇറാൻ-യുഎസ് ധാരണാപത്രം ഒപ്പുവെച്ചതിന് ശേഷം മാത്രം ദക്ഷിണ ലെബനാനിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഇതിനോടകം 47 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഹിസ്ബുല്ലയുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിൽ നാല് ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടതാണ് നെതന്യാഹുവിനെയും സംഘത്തെയും പ്രകോപിപ്പിച്ചതെന്ന റിപ്പോർട്ടകളും പുറത്തുവന്നിരുന്നു. എന്നാൽ, ഒരു വശത്ത് സമാധാനശ്രമങ്ങൾ ഊർജിതമായി നടന്നുകൊണ്ടിരിക്കുന്നതിനിടെയും ചർച്ചകളെയും നിബന്ധനകളെയും കാറ്റിൽപറത്തിക്കൊണ്ടുള്ള ഇസ്രായേൽ നടപടികൾ സമാധാന കരാറിനെ അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമമായാണ് ചില നിരീക്ഷകർ വിലയിരുത്തുന്നത്.

‘നിലവിലെ സാഹചര്യം വിലയിരുത്തിക്കൊണ്ട് ഹോർമുസ് കടലിടുക്ക് വീണ്ടും അടക്കാനുള്ള നീക്കത്തിലേക്ക് കടന്നിരിക്കുകയാണ്. ശത്രുവുമായുള്ള ധാരണാപത്രത്തിലെ ഉടമ്പടികളിൽ ചിലത് അവർതന്നെ ലംഘിച്ചിരിക്കുന്നുവെന്നത് വ്യക്തമാണ്. പ്രകോപനപരമായ നീക്കങ്ങൾ തുടരാനാണ് ശത്രുവിന്‍റെ നീക്കമെങ്കിൽ കൂടുതൽ കടുത്ത നടപടികളിലേക്ക് ഞങ്ങൾ കടക്കും’. ഖത്തം അൽ അൻബിയ ഹെഡ് ക്വാട്ടേഴ്സ് പ്രസ്താവിച്ചു. അനുമതി കൂടാതെ കപ്പലുകൾ ഹോർമുസിൽ പ്രവേശിക്കരുതെന്നും ലംഘിക്കുന്ന കപ്പലുകൾക്ക് നേരെ കർശന നടപടി സ്വീകരിക്കുമെന്നും ഐആർജിസിയും അറിയിച്ചു.

ദക്ഷിണ ലെബനാനിൽ യുദ്ധം നിർത്തിവെച്ചതായി ഇസ്രായേൽ അറിയിച്ചു. ഇന്ന് വൈകിട്ട് ചേർന്ന സുരക്ഷാ സമിതി യോഗത്തിലാണ് തീരുമാനം. ലെബനാനിൽ നിന്ന് സൈന്യത്തെ പിൻവലിക്കില്ലെന്നും ഇസ്രായേൽ അറിയിച്ചു.

അതേസമയം, ലെബനാനിൽ ഇസ്രായേൽ സ്വീകരിക്കുന്ന നടപടികളും നിലപാടുകളുമാണ് ഇറാൻ-യുഎസ് സമാധാനകരാറിന്‍റെ ഭാവിയെന്നാണ് രാഷ്ട്രീയ വിദഗ്ധരുടെ നിരീക്ഷണം. മേഖലയിലെ ശത്രുത പൂർണമായും അവസാനിപ്പിക്കുകയെന്നതാണ് ഇരുകൂട്ടരും ഒപ്പുവെച്ച ധാരണാപത്രത്തിലെ സുപ്രധാനമായൊരു നിർദേശം. ഇറാനെ സംബന്ധിച്ചിടത്തോളം, ലെബനാനിൽ ഇസ്രായേൽ തുടരുന്ന ആക്രമണങ്ങൾ ധാരണാപത്രത്തിലെ നിർദേശങ്ങളുടെ തുറന്ന ലംഘനമായാണ് കണക്കാക്കപ്പെടുക. ഇസ്രായേൽ ആക്രമണം തുടരുന്നിടത്തോളം കാലം ശാശ്വതമായ വെടിനിർത്തൽ ചർച്ചയ്ക്കും കരാറിനുമുള്ള സാധ്യതകൾ മങ്ങിയിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. തെക്കൻ ലെബനാനിൽ ആക്രമണം തുടരുന്നിടത്തോളം കാലം ഇസ്രായേൽ സൈനികർ കൊല്ലപ്പെടാനുള്ള സാധ്യതയേറെയാണെന്നും പ്രകോപനപരമായ നീക്കങ്ങൾ നടത്തിക്കൊണ്ട് കരാർ റദ്ദാക്കാനുള്ള നീക്കങ്ങളിൽ നിന്ന് ഇസ്രായേൽ അകന്നുനിൽക്കണമെന്നുമാണ് വിവിധ യുഎസ് മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം, കരാർ ലംഘിച്ചുകൊണ്ടിരിക്കുന്നത് യുഎസ് ആണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. ‘ലെബനാൻ അടക്കമുള്ള അതിർത്തി പ്രദേശങ്ങളിൽ യുദ്ധം അവസാനിപ്പിക്കാനുള്ള ചുമതല യുഎസിനായിരുന്നു. അത് നിറവേറ്റാത്ത പക്ഷം കരാർ ലംഘനത്തിന്‍റെ കാരണക്കാരും അവർ തന്നെയായിരിക്കും’. അരാഗ്ചി പ്രതികരിക്കുകയുണ്ടായി. യുഎസുമായുള്ള ധാരണാപത്രത്തിലെ ഏതെങ്കിലുമൊരു നിർദേശം ലംഘിക്കപ്പെട്ടാൽ പോലും അതിന്‍റെ പരിണിതഫലം കനത്തതായിരിക്കുമെന്ന് മധ്യസ്ഥശ്രമങ്ങൾക്ക് നേതൃത്വം വഹിച്ച പാകിസ്താനെ ഇറാൻ വിദേശകാര്യമന്ത്രാലയം അറിയിച്ചെന്ന് അൽജസീറ ഇന്നലെ റിപ്പോർട്ട് പുറത്തുവിട്ടിരുന്നു.

അതേസമയം, ഇറാനുമായുള്ള കരാറിന്‍റെ പൂർത്തീകരണത്തിനായുള്ള ശ്രമങ്ങൾ തുടരുകയാണ് യുഎസ്. ചർച്ചകൾക്കായി ഇറാൻ പ്രതിനിധികൾ എത്രയും വേഗം സ്വിറ്റ്സർലന്‍റിലെത്തിച്ചേരണമെന്ന് യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി വാൻസ് പറഞ്ഞു. മധ്യസ്ഥശ്രമങ്ങൾക്ക് നേതൃത്വം നൽകുന്ന പാക് ആഭ്യന്തരമന്ത്രി മുഹ്സിൻ നഖ്വി തെഹ്റാനിൽ ഇറാൻ നേതാക്കളുമായി ചർച്ച തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *