ഐ.എസ്.എൽ സീസൺ ഒക്ടോബർ 10 മുതൽ

ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസൺ മത്സരങ്ങൾക്ക് ഒക്ടോബർ 10ന് തുടക്കമാവും. അടുത്ത വർഷം മേയ് 27 വരെ നീളുന്ന പരമ്പരാഗതമായ ഹോം-എവേ ഫോർമാറ്റിലായിരിക്കും മത്സരങ്ങൾ. അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഏറെ വൈകി 2026 ഫെബ്രുവരിയിലാണ് കഴിഞ്ഞ സീസൺ തുടങ്ങിയത്. കുറഞ്ഞ സമയത്തിനുള്ളിൽ ലീഗ് തീർക്കേണ്ടിവന്നതിനാൽ എല്ലാ ക്ലബുകളും പരസ്പരം ഓരോ തവണ മാത്രം ഏറ്റുമുട്ടുന്ന സിംഗ്ൾ-ലെഗ് റൗണ്ട് റോബിൻ ഫോർമാറ്റിലാണ് മത്സരങ്ങൾ നടത്തിയത്. പോയന്റ് ടേബിളിൽ ഒന്നാമതായ ടീമിനെ നേരിട്ട് ചാമ്പ്യന്മാരായി പ്രഖ്യാപിക്കുകയും ചെയ്തു.
ഇത്തവണ പഴയപോലെ പ്ലേ ഓഫ്, സെമിഫൈനൽ, ഫൈനൽ മത്സരങ്ങളുണ്ടാവും. ടേബിളിൽ ഒന്നാമതെത്തുന്നവരായിരിക്കും ഷീൽഡ് ജേതാക്കൾ. ഫൈനൽ ജയിക്കുന്നവർ ഐ.എസ്.എൽ കപ്പും നേടും. 13 ടീമുകളാണ് ഇക്കുറി ഇറങ്ങുക. കഴിഞ്ഞ തവണ 14 ആയിരുന്നു പങ്കാളിത്തം. സീനിയർ ഫുട്ബാൾ ടീമിനെ പിരിച്ചുവിട്ട ജംഷഡ്പുർ എഫ്.സിയും തരംതാഴ്ത്തപ്പെട്ട മുഹമ്മദൻസ് എസ്.സിയും ഇത്തവണയില്ല. ഗോവൻ ക്ലബായ ചർച്ചിൽ ബ്രദേഴ്സാണ് പുതുമുഖങ്ങൾ. ഈസ്റ്റ് ബംഗാൾ എഫ്.സിയാണ് നിലവിലെ ജേതാക്കൾ. കേരള ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്താണ് സീസൺ അവസാനിപ്പിച്ചത്.
