നിതിൽ രാജിന്റെ മരണം: ഡോ. റാമും ഡോ. സംഗീതയും കേരളം വിട്ടു, ‘അധ്യാപിക പരാതി എഴുതാൻ തുടങ്ങിയപ്പോൾ നിതിൻ ചാടി’
കണ്ണൂർ: അഞ്ചരക്കണ്ടി സ്വാശ്രയ ഡെന്റൽ കോളജ് ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർഥി നിതിൻ രാജ് മരണപ്പെട്ട സംഭവത്തിൽ ഒളിവിൽ പോയ അധ്യാപകരായ ഡോ. എം.കെ. റാം ആന്ധ്രയിലെന്ന് പൊലീസിന് വിവരം ലഭിച്ചു. ആന്ധ്ര സ്വദേശിയാണ് ഡോ. റാം. പ്രതിചേർക്കപ്പെട്ട അധ്യാപിക ഡോ. സംഗീത നമ്പ്യാരും കേരളം വിട്ടതായാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം നേരിടുന്ന ഡോ. എം.കെ. റാം, ഡോ. കെ.ടി. സംഗീത നമ്പ്യാർ എന്നിവരുടെ മുൻകൂർ ജാമ്യഹർജി 22നാണ് ജില്ല സെഷൻസ് കോടതി പരിഗണിക്കുന്നത്. ഈ മാസം 12നാണ് ഇരുവർക്കുമെതിരെ പ്രത്യേക അന്വേഷണ സംഘം കേസെടുത്തത്. ഏപ്രിൽ 10ന് ഉച്ചക്കാണ് നിതിൻ രാജ് കെട്ടിടത്തിൽ നിന്നും ചാടി മരിച്ചത്.
‘അധ്യാപിക പരാതി എഴുതാൻ തുടങ്ങിയപ്പോൾ നിതിൻ ചാടി’
കണ്ണൂർ: അഞ്ചരക്കണ്ടി കണ്ണൂർ ഡെന്റൽ കോളജ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിന് കാരണം ജാതി വിവേചനമല്ലെന്നും ലോൺ ആപ്പാണെന്നും മാനേജ്മെന്റ്. ലോൺ ആപ്പുമായി ബന്ധപ്പെട്ട് കോളജിലെ അധ്യാപിക സൈബർ സെല്ലിൽ പരാതി നൽകാൻ തീരുമാനിച്ചപ്പോഴാണ് നിതിൻ പ്രിൻസിപ്പലിന്റെ റൂമിൽനിന്ന് പുറത്തേക്കുപോയതും പിന്നീട് കെട്ടിടത്തിൽനിന്ന് ചാടിയതെന്നും മാനേജ്മെന്റ് വാർത്താക്കുറിപ്പിൽ പറഞ്ഞു.
ലോൺ ആപ്പിൽ റഫറൻസായി നൽകിയ നമ്പറിൽ കോളജ് അധ്യാപികക്ക് ലോൺ തിരിച്ചടവുമായി ബന്ധപ്പെട്ട് നിരന്തരം വിളികൾ വന്നു. ഈ വിഷയം അധ്യാപിക പ്രിൻസിപ്പലിനോട് ഉന്നയിച്ചു. വിഷയം സംസാരിക്കാൻ പ്രിൻസിപ്പൽ നിതിനെ വിളിപ്പിച്ചു. ലോൺ ആപ്പിൽ റഫറൻസായി നൽകിയ നമ്പർ നീക്കാൻ ആവശ്യപ്പെട്ടപ്പോൾ താനല്ല നമ്പർ നൽകിയതെന്നാണ് നിതിൻ അറിയിച്ചത്. തുടർന്നാണ് അധ്യാപിക സൈബർ സെല്ലിൽ പരാതി നൽകാൻ തീരുമാനിച്ചത്. പരാതി എഴുതാൻ തുടങ്ങിയപ്പോഴാണ് നിതിൻ പുറത്തിറങ്ങിയതെന്നും ഡെന്റൽ കോളജ് മെഡിക്കൽ ഡയറക്ടർ ഡോ. അദ്നാൻ സിദ്ദീഖ് പറഞ്ഞു. നിതിൻരാജിനെ ജാതിയുടെ പേരിൽ അധ്യാപകർ ആരും അധിക്ഷേപിച്ചിട്ടില്ലെന്നും മരണവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാനേജ്മെന്റ് ഭൂമി കൈവശപ്പെടുത്തിയാണ് കോളജ് നിർമിച്ചതെന്ന പ്രചാരണം വാസ്തവവിരുദ്ധമാണ്. പ്രസ്റ്റീജ് എജുക്കേഷൻ ട്രസ്റ്റിന് കീഴിലാണ് ഡെന്റ്ൽ കേളജ് പ്രവർത്തിക്കുന്നത്. ട്രസ്റ്റിനെതിരായി ഒരുഉത്തരവും കോടതികളോ മറ്റ് അധികാരസ്ഥാപനങ്ങളോ പുറപ്പെടുവിച്ചില്ലെന്നും മാനേജ്മെന്റ് അറിയിച്ചു.
നിതിൻരാജ് മരിച്ചിട്ട് 10 ദിവസം
കണ്ണൂർ: അഞ്ചരക്കണ്ടി കണ്ണൂർ ഡെന്റൽ കോളജ് ഒന്നാംവർഷ ബി.ഡി.എസ് വിദ്യാർഥി നിതിൻരാജ് (22) ജീവനൊടുക്കിയിട്ട് ഇന്നേക്ക് 10ദിവസം. ജാതിവിവേചനം കാരണമാണ് ഏപ്രിൽ 10ന് വിദ്യാർഥി കോളജ് കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചതിനു പിന്നാലെ കോളജിലെ രണ്ട് അധ്യാപകരെ സസ്പെൻഡ് ചെയ്തു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അധ്യാപകരായ ഡോ. എം.കെ. റാം, ഡോ. സംഗീത നമ്പ്യാർ എന്നിവർക്കെതിരെ ആത്മഹത്യപ്രേരണ, പട്ടികജാതി വർഗ അതിക്രമം തടയൽ എന്നീ വകുപ്പുകൾ പ്രകാരം കേസും രജിസ്റ്റർ ചെയ്തു. കേസെടുത്തതു മുതൽ രണ്ടുപേരും ഒളിവിലാണ്.
ഡോ. എം.കെ. റാം ആന്ധ്രാപ്രദേശിലാണെന്ന് സൂചനയുണ്ട്. ഇരുവരും മുൻകൂർ ജാമ്യം തേടി തലശ്ശേരി സെഷൻസ് കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി തീരുമാനം കാത്തിരിക്കുന്നതിനാലാണ് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ വൈകാൻ കാരണമെന്നാണ് സൂചന. അതിനിടെ, ലോൺആപ്പിൽനിന്ന് വായ്പയെടുത്തതിന്റെ പേരിൽ നിതിനെ നിരന്തരം ഭീഷണിപ്പെടുത്തിയതിന്റെ പേരിൽ ആപ് നടത്തിപ്പുകാരെ അന്വേഷണസംഘം നോയ്ഡയിൽ പിടികൂടിയിട്ടുണ്ട്. റിമാൻഡിലായ മൂന്നുപ്രതികളെ ചോദ്യം ചെയ്യാനായി അന്വേഷണ സംഘം തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങും. ജാതിവിവേചനം ആരോപിച്ച് കോളജിൽ ഒരാഴ്ചയിലധികം വിവിധ സംഘടനകൾ പ്രതിഷേധത്തിലാണ്.
ലോൺആപ്പിൽ ഒതുങ്ങി അന്വേഷണം
കണ്ണൂർ: അഞ്ചരക്കണ്ടി കണ്ണൂർ ഡെന്റൽ കോളജ് ഒന്നാംവർഷ വിദ്യാർഥി തിരുവനന്തപുരം ഉഴമലക്കൽ സ്വദേശി ആർ.എൽ. നിതിൻരാജിന്റെ മരണത്തിന് ഇടയാക്കിയത് ലോൺആപ്പെന്ന് ഉറപ്പിച്ച് അന്വേഷണ സംഘം. വായ്പയെടുത്ത പണം തിരിച്ചുപിടിക്കുന്നതിന് ലോൺആപ് സംഘം നടത്തിയ ഭീഷണിയും മാനസിക പീഡനവുമാണ് മരണത്തിലേക്ക് നയിച്ചതെന്ന നിലക്കാണ് അന്വേഷണം പുരോഗമിക്കുന്നത്. നോയ്ഡയിലെത്തി ലോൺആപ് നടത്തിപ്പുകാരെ പിടികൂടിയിട്ടും ആത്മഹത്യപ്രേരണ, പട്ടികജാതി-വർഗ അതിക്രമം തടയൽ നിയമം വകുപ്പുകൾ ചുമത്തി കേസെടുത്ത രണ്ട് അധ്യാപകരെ കണ്ടെത്താൻ പൊലീസിന് താൽപര്യമില്ലെന്നാണ് പരാതി.
ഏപ്രിൽ 10ന് ഉച്ചക്ക് 1.38 നാണ് കോളജ് കെട്ടിടത്തിന് മുകളിൽനിന്ന് നിതിൻ ചാടി മരിച്ചത്. പ്രിൻസിപ്പലിന്റെ മുറിയിൽനിന്ന് ഉച്ചക്ക് 1.20നാണ് നിതിൻ പുറത്തിറങ്ങിയത്. ലോൺആപ്പുമായി ബന്ധപ്പെട്ട് കോളജിലെ ഒരധ്യാപിക നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിതിനെ പ്രിൻസിപ്പൽ വിളിപ്പിച്ചത്. ഇതിന്റെയെല്ലാം സി.സി.ടി.വി ദൃശ്യവും പുറത്തുവന്നു. ഇതെല്ലാം ചേർത്തുവെച്ചാണ് മരണകാരണത്തിന് ലോൺ ആപ്പെന്ന് പൊലീസ് ഉറപ്പിക്കുന്നത്. മരണത്തിന് കാരണമായത് ജാതിപീഡനമല്ലെന്നും ലോൺ ആപ്പാണെന്നുമാണ് കോളജ് മാനേജ്മെന്റിന്റെയും നിലപാട്.
അന്വേഷണം അട്ടിമറിക്കുകയാണെന്നും പൊലീസിൽ വിശ്വാസമില്ലെന്നും ചൂണ്ടിക്കാട്ടി നിതിന്റെ കുടുംബവും വിവിധ ദലിത് സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. നിതിൻരാജ് ജാതി പീഡനത്തിന് ഇരയായെന്നും ഇക്കാര്യം മറച്ചുവെച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നതെന്നും നിതിന്റെ അമ്മാവൻ വിശ്വംഭരൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ജാതി പീഡനം നടന്നുവെന്ന് സഹപാഠികളോട് പങ്കുവെക്കുന്ന ശബ്ദരേഖ പുറത്തുവന്നതാണ്. എന്നിട്ടും ആ നിലക്കല്ല അന്വേഷണം നടക്കുന്നത്. ലോൺ ആപ്പുകാർക്ക് റഫറൻസായി കോളജ് അധ്യാപികയുടെ നമ്പർ നിതിൻ നൽകിയിട്ടില്ല. ലോൺ അപേക്ഷിക്കുമ്പോൾ അപേക്ഷകന്റെ ഫോണിലുള്ള എല്ലാ നമ്പറുകളും റഫറൻസായി പോകുന്ന രീതിയാണ് ആപ്പിലേത്. അക്കാര്യം അധ്യാപികയുടെ പരാതി അന്വേഷിക്കാൻ വിളിപ്പിച്ച പ്രിൻസിപ്പലിനോടും നിതിൻ പറഞ്ഞതാണെന്നും വിശ്വംഭരൻ വ്യക്തമാക്കി. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും ഹൈകോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും കഴിഞ്ഞദിവസം കോളജിലെത്തിയ കെ.കെ. രമയും ആവശ്യപ്പെട്ടിരുന്നു.
