രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോ സര്‍വീസ് കൊച്ചിയിൽ..

രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോ സര്‍വീസായ കൊച്ചി വാട്ടര്‍ മെട്രോ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാടിന് സമര്‍പ്പിക്കും. . രാവിലെ പതിനൊന്ന് മണിക്ക് തിരുവനന്തപുരത്ത് പ്രധാനമന്ത്രി വാട്ടര്‍മെട്രോ ഉദ്ഘാടനം ചെയ്യും. കൊച്ചിയില്‍ അതേസമയം തന്നെ ഉദ്ഘാടന സര്‍വീസ് നടക്കും. ബുധനാഴ്ച മുതലാണ് റെഗുലര്‍ സര്‍വീസ് തുടങ്ങുക. വാട്ടര്‍ മെട്രോയുടെ ഉദ്ഘാടനത്തോടെ പൊതുഗതാഗത രംഗത്ത് പുതിയൊരു കാല്‍വെപ്പാണ് സംസ്ഥാനം നടത്തുന്നത്.സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്നപദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ മെട്രോ റെയിലിന് അനുബന്ധമായി വാട്ടര്‍ മെട്രോ സര്‍വീസുള്ള രാജ്യത്തെ ഏക മെട്രോയാകും ഇത്.കൊച്ചിയുടെയും പത്ത് ദ്വീപുകളുടെയും ജലഗതാഗതം പുതിയ കാലത്തിന് ചേര്‍ന്ന വിധം നവീകരിക്കുകയാണ് പദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.വാട്ടര്‍ മെട്രോ പദ്ധതിയുടെ പ്രാരംഭ ഘട്ടത്തില്‍ എട്ട് ബോട്ടുകളാണ് സര്‍വീസ് നടത്തുക. രാവിലെ ഏഴ് മുതല്‍ രാത്രി എട്ട് വരെ സര്‍വീസ് ഉണ്ടാവും. ഹൈക്കോര്‍ട്ട് ടെര്‍മിനലില്‍ നിന്ന് വൈപ്പിനിലേക്കും തിരിച്ചുമാണ് ആദ്യ സര്‍വീസ്. 26 മുതല്‍ പൊതുജനങ്ങള്‍ക്ക് യാത്രചെയ്യാം. 20 രൂപയാണ് വാട്ടര്‍ മെട്രോയുടെ കുറഞ്ഞ ചാര്‍ജ്. 40 രൂപയാണ് കൂടിയ നിരക്ക്. പതിനഞ്ച് മിനിറ്റ് ഇടവിട്ട് ബോട്ടുകളുണ്ടാവും. മെട്രോ റെയിലിന് സമാനമായ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് വാട്ടര്‍ മെട്രോ ടെര്‍മിനലുകളും ബോട്ടുകളും നിര്‍മ്മിച്ചിട്ടുള്ളത്. എഎഫ്സി ഗേറ്റുകള്‍, വേലിയേറ്റ വേലിയിറക്ക സമയങ്ങളില്‍ ബോട്ടുമായി ഒരേ ലെവല്‍ നിലനിര്‍ത്താനാകുന്ന ഫ്‌ലോട്ടിംഗ് പോണ്ടൂണുകളും വാട്ടര്‍ മെട്രോയുടെ പ്രത്യേകതകളാണ്.കൊച്ചിന്‍ ഷിപ്‌യാര്‍ഡില്‍ നിര്‍മ്മിച്ച ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടുകളാണ് സര്‍വീസിനായി ഉപയോഗിക്കുന്നത്. ഒരു ബോട്ടിന് 7.5 കോടിയാണ് നിര്‍മാണ ചെലവ്. വൈദ്യുതി ബാറ്ററിയിലും ഡീസല്‍ ജനറേറ്ററിലും ബോട്ട് പ്രവര്‍ത്തിപ്പിക്കാനാകും. ബാറ്ററി നൂറ് ശതമാനം ചാര്‍ജ് ചെയ്യാന്‍ വെറും 20 മിനുട്ട് സമയം മാത്രം മതിയാകും. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് തിരുവനന്തപുരത്ത് പ്രധാനമന്ത്രി വാട്ടര്‍മെട്രോ ഉദ്ഘാടനം ചെയ്യും. കൊച്ചിയില്‍ അതേസമയം തന്നെ ഉദ്ഘാടന സര്‍വീസ് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *