ലൂസേഴ്സ് ഫൈനലിന് ഇംഗ്ലണ്ടിനും ഞങ്ങൾക്കും താൽപര്യമില്ല, എങ്കിലും ഈ ജഴ്‌സിയോട് കൂറുപുലർത്തണം; ഫ്രഞ്ച് പരിശീലകൻ ദെഷാംപ്സ്

മിയാമി: ഫിഫ ലോകകപ്പ് സെമിഫൈനലിലെ കനത്ത തോൽവിക്ക് പിന്നാലെ മൂന്നാം സ്ഥാനക്കാർക്ക് വേണ്ടിയുള്ള ലൂസേഴ്സ് ഫൈനൽ കളിക്കാൻ ഫ്രാൻസിനോ ഇംഗ്ലണ്ടിനോ യാതൊരു താൽപര്യവുമില്ലെന്ന് ഫ്രഞ്ച് ദേശീയ ടീം പരിശീലകൻ ദിദിയർ ദെഷാംപ്സ്. എന്നാൽ, ഇതൊരു വെറും സൗഹൃദമത്സരമല്ലെന്നും രാജ്യത്തിന്റെ ജഴ്‌സിയണിയുമ്പോൾ വെങ്കല മെഡലെങ്കിലും നേടുക എന്നത് തങ്ങളുടെ കടമയാണെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തുടർച്ചയായ മൂന്നാം ലോകകപ്പ് ഫൈനൽ ലക്ഷ്യമിട്ടിറങ്ങിയ ഫ്രാൻസ് സെമിയിൽ സ്പാനിഷ് പടയോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അടിയറവ് പറഞ്ഞത്. ശനിയാഴ്ച മിയാമിയിൽ വെച്ചാണ് മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള ഫ്രാൻസ്-ഇംഗ്ലണ്ട് പോരാട്ടം അരങ്ങേറുന്നത്. ഫ്രഞ്ച് പരിശീലക സ്ഥാനത്തെ തൻ്റെ അവസാന മത്സരമായിരിക്കും ഇതെന്നും ദെഷാംപ്സ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

“എൻ്റെ മനസ്സിൽ എനിക്കറിയാം ഇതെന്നെ സംബന്ധിച്ച് അവസാനത്തെ മത്സരമാണെന്ന്. ഇതിൻ്റെ പേരിൽ ആരും വിഷമിക്കാനോ കരയാനോ പാടില്ല. ഒരു അധ്യായം ഇവിടെ അവസാനിക്കുകയാണ്, എന്നാൽ ജീവിതം മുന്നോട്ട് തന്നെ പോകും”- ദെഷാംപ്സ് പറഞ്ഞു.

ലൂസേഴ്സ് ഫൈനലിനോടുള്ള തൻ്റെയും ടീമിൻ്റെയും അതൃപ്തി അദ്ദേഹം മറച്ചുവെച്ചില്ല. “ഈ മത്സരത്തിൽ എനിക്ക് വലിയൊരു കടമ നിർവഹിക്കാനുണ്ട്. ഇതൊരു സൗഹൃദ പോരാട്ടമല്ല, മൂന്നാം സ്ഥാനത്തിനായുള്ള ഔദ്യോഗിക മത്സരമാണ്. ഫൈനലിനേക്കാൾ പ്രാധാന്യം കുറഞ്ഞതാണെങ്കിലും ഈ അവസാന ലക്ഷ്യത്തിലെത്താൻ കളിക്കാർക്കും സപ്പോർട്ടിങ് സ്റ്റാഫുകൾക്കും എനിക്കും ഉത്തരവാദിത്തമുണ്ട്. ഇംഗ്ലണ്ടിന് ഈ മത്സരം കളിക്കാൻ ഒട്ടും താൽപര്യമില്ല, സത്യത്തിൽ ഞങ്ങൾക്കുമില്ല. പക്ഷേ ഞങ്ങൾ ഇപ്പോൾ ഇവിടെയുണ്ട്, കളിച്ച് തന്നെ തീർക്കണം”- അദ്ദേഹം വ്യക്തമാക്കി.

സെമിഫൈനലിലെ നിരാശജനകമായ തോൽവിക്ക് ശേഷം ഇത്തരമൊരു മത്സരം കളിക്കാൻ മാനസികമായി ബുദ്ധിമുട്ടുണ്ടെന്ന് ഫ്രഞ്ച് പ്രതിരോധ താരം ഇബ്രാഹിമ കൊനാട്ടെയും സമ്മതിച്ചു. എങ്കിലും തങ്ങളുടെ പ്രിയ പരിശീലകന് വിജയത്തോടെയുള്ള ഒരു വിടവാങ്ങൽ നൽകാൻ ടീം ഒറ്റക്കെട്ടായി പൊരുതുമെന്നും അദ്ദേഹം പറഞ്ഞു.

“മൂന്നാം സ്ഥാനത്തിനായി കളിക്കാൻ ഞങ്ങളിലാര്‍ക്കും ഒട്ടും താൽപര്യമില്ലായിരുന്നു, പക്ഷേ ഞങ്ങൾക്ക് മുന്നിൽ മറ്റ് വഴികളില്ല. ഞങ്ങളുടെ കോച്ചിന് മികച്ചൊരു സമ്മാനം നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഫ്രഞ്ച് ഫുട്ബാളിനായി അദ്ദേഹം ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്, അതിനോട് നമ്മൾ എക്കാലവും കടപ്പെട്ടിരിക്കണം. ഈ വെങ്കല മെഡലെങ്കിലും നേടി അദ്ദേഹത്തിന് അർഹിച്ച യാത്രയയപ്പ് നൽകാൻ ഞങ്ങൾ സർവ്വവും സമർപ്പിക്കും”- കൊനാട്ടെ പറഞ്ഞു.