‘ഗ്യാനേഷ് കുമാർ പ്രവർത്തിക്കുന്നത് ബിജെപിയുടെ സഖ്യകക്ഷിയെ പോലെ’; രാജിയാവശ്യപ്പെട്ട് യൂത്ത് ലീഗ് ദേശീയപ്രക്ഷോഭം

ന്യൂഡൽഹി: ബിജെപിയുടെ സഖ്യ കക്ഷിയെപോലെ പ്രവർത്തിക്കുന്ന മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്നാവശ്യപ്പെട്ട് ദേശവ്യാപകമായി പ്രക്ഷോഭത്തിനൊരുങ്ങി മുസ്‍ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ 100 കേന്ദ്രങ്ങളിൽ യുവക്കളോടോപ്പം വിദ്യാർഥികളും അണിനിരക്കുന്ന പ്രക്ഷോഭത്തിനാണ് യൂത്ത് ലീഗ്, എം.എസ്.എഫ് ദേശീയ കമ്മിറ്റികൾ തീരുമാനിച്ചത്.

ഡൽഹി, യുപി, മഹാരാഷ്ട്ര, ഹരിയാന, പഞ്ചാബ്, ബംഗാൾ, ബീഹാർ, കർണാടക, ആന്ധ്രപ്രദേശ്, ജാർഖണ്ട്, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ ‘ജനാധിപത്യത്തിന്റെ കാവലാളാവുക’എന്ന മുദ്രാവാക്യം ഉയർത്തി സമരം നടത്തും.

എസ്.ഐ.ആറിനെ പൗരത്വ നിഷേധത്തിനുള്ള അവസരമാക്കി മാറ്റുകയും അരനൂറ്റാണ്ട് കാലം രാജ്യം ഭരിക്കാനുള്ള മോദി അമിത് ഷാ കൂട്ടുകെട്ടിന്റെ സ്വപ്നം യഥാർഥ്യമാക്കാനും വേണ്ടി ജനാധിപത്യത്തെ ഒറ്റു കൊടുത്ത ആൾ എന്ന നിലയിലാണ് ചരിത്രം ഗ്യാനേഷ് കുമാറിനെ ഓർക്കുക. ഭരണഘടന ജനങ്ങൾക്ക്‌ നൽകുന്ന അവകാശങ്ങൾ തട്ടിയെടുക്കാൻ ആരെയും അനുവദിക്കില്ല. പ്രതിപക്ഷ ശക്തികളുടെ നേതൃത്വത്തിൽ നടക്കുന്ന സമരങ്ങൾ രണ്ടാം സ്വാതന്ത്ര്യസമരത്തിന് തുല്യമാണ്. സ്വന്തം നിലയിൽ പ്രഖ്യാപിച്ച സമരങ്ങൾ കൂടാതെ വോട്ട് ചൊരിക്കെതിരെ രാജ്യത്ത് നടക്കുന്ന എല്ലാ പ്രക്ഷോഭങ്ങൾക്കും പിന്തുണ നൽകുമെന്നും വിജയിപ്പിക്കാൻ എല്ലാ പ്രവർത്തകരും രംഗത്തിറങ്ങണമെന്ന് യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഷിബു മീരാൻ, എം.എസ്.എഫ് ദേശീയ പ്രസിഡന്റ്‌ പി.വി. അഹ്മദ് സാജു എന്നിവർ അറിയിച്ചു.