വനിത പ്രീമിയർ ലീഗ് ഫൈനലിന് പിന്നാലെ ജെമിമക്കെതിരെ വിദ്വേഷപ്രചാരണം; എക്സ് പോസ്റ്റുമായി രാജ്ദീപ് സർദേശായി

ന്യൂഡൽഹി: വനിത പ്രീമിയർ ലീഗ് ഫൈനലിന് പിന്നാലെ ഡൽഹി ക്യാപ്റ്റൻ ജെമീമ റോഡ്രിഗസിനെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ചൂണ്ടിക്കാട്ടി മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായിയുടെ എക്സ് പോസ്റ്റ്. ജയ്പുർ ഡയലോഗസ് എന്ന പേരിലുള്ള എക്സ് പേജിന്റെ കുറിപ്പ് പങ്കുവെച്ചാണ് സർദേശായിയുടെ സന്ദേശം. വനിത പ്രീമിയർ ലീഗ് ഫൈനൽ ജയിക്കാൻ ജെമീമയെ ജീസസ് സഹായിച്ചില്ലെന്നും എന്നാൽ തിരുപ്പതി ബാലാജിയുടെ സഹായത്തോടെ സ്മൃതി മന്ദാന കിരീടം നേടിയെന്നായിരുന്നു ജയ്പൂർ ഡയലോഗ്സിന്റെ എക്സ് കുറിപ്പ്.
ഇതുപങ്കുവെച്ച് ഭയാനകമായ ഒരു കാര്യം പറയാനുണ്ടെന്ന മുഖവുരയോടെയാണ് രാജ്ദീപ് സർദേശായി എക്സിലെ കുറിപ്പ് ആരംഭിക്കുന്നത്. ഇവർ ഭരണകൂട സംരക്ഷണം ആസ്വദിക്കുന്നവരും രാജ്യത്തിന്റെ സാമൂഹികഘടനയെ നശിപ്പിക്കുന്നവരുമായ വർഗീയവാദികളാണ്. സ്മൃതിയുടെ നല്ല സമയത്തും മോശം സമയത്തും ഒപ്പംനിന്ന സുഹൃത്താണ് ജെമീമയെന്നും എക്സിലെ കുറിപ്പിൽ രാജ്ദീപ് സർദേശായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വനിത പ്രീമിയർ ലീഗിൽ ജെമീമ നയിച്ച ഡൽഹിയെ തോൽപ്പിച്ച് സ്മൃതി മന്ദാനയുടെ ആർ.സി.ബി കിരീടം നേടിയിരുന്നു. ഡൽഹി ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം ആറ് വിക്കറ്റ് ശേഷിക്കെ മറികടന്നാണ് ആർ.സി.ബിയുടെ കിരീടനേട്ടം. വനിത പ്രീമിയർ ലീഗിൽ ടീമിന്റെ രണ്ടാം കിരീട നേട്ടമാണിത്. ആർ.സി.ബിക്ക് വേണ്ടി സ്മൃതി മന്ദാന(87), ജോർജിയ വെൽ(79) എന്നിവർ മികച്ച പ്രകടനം നടത്തി.
204 റൺസ് എന്ന ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ആർ.സി.ബിക്ക് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റിരുന്നു. സ്കോർബോർഡിൽ ഒമ്പത് റൺസ് എത്തുമ്പോഴേക്കും ഗ്രേസ് ഹാരിസിനെ ടീമിന് നഷ്ടമായി. എന്നാൽ, പിന്നീട് ഒത്തുചേർന്ന സ്മൃതി മന്ദാന, ജോർജിയ വെൽ സഖ്യം മികച്ച രീതിയിൽ ബാറ്റ് വീശിയതോടെ ബംഗളൂരു വിജയത്തിലേക്ക് കുതിക്കുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കാപിറ്റൽസ് 20 ഓവറിൽ നാല് വിക്കറ്റിനാണ് 203 റൺസ് അടിച്ചെടുത്തത്. 37 പന്തിൽ 57 റൺസ് നേടി നായിക ജെമീമ റോഡ്രിഗസ് ടോപ് സ്കോററായി. ലോറ വോൾവാർട്ട് 25 പന്തിൽ 44 റൺസ് ചേർത്തപ്പോൾ 15 പന്തിൽ 35 റൺസുമായി ചിനേലെ ഹെൻട്രി പുറത്താവാതെനിന്നു.
