‘‘100ന് മുകളിൽ സീറ്റ് നേടി യു.ഡി.എഫ് അധികാരത്തിൽ വരും, ഉപമുഖ്യമന്ത്രി സ്ഥാനം അങ്ങോട്ട് ആവശ്യപ്പെടില്ല’’ -പി.കെ. കുഞ്ഞാലിക്കുട്ടി
മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിൽ 100ന് മുകളിൽ സീറ്റ് നേടി യു.ഡി.എഫ് അധികാരത്തിൽ വരുമെന്നും കൃത്യമായ കണക്കുകകൾ കൂട്ടിയാണ് ഈ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി. ഉപമുഖ്യമന്ത്രി സ്ഥാനം അങ്ങോട്ട് ആവശ്യപ്പെടില്ലെന്നും ലീഗ് മുന്നണിയെ ഒരിക്കലും പ്രതിസന്ധിയിലാക്കില്ലെന്നും കോൺഗ്രസ് പ്രശ്നങ്ങളില്ലാതെ മുഖ്യമന്ത്രിയെ തീരുമാനിക്കണം. അതിന് കോൺഗ്രസിന് എല്ലാ പിന്തുണയും ലീഗ് നൽകിയെന്നും അദ്ദേഹം പറഞ്ഞു.
നൂറ് സീറ്റെന്ന വി.ഡി സതീശന്റെ കണക്ക് വളരെ ശരിതന്നെയാണ്. തെരഞ്ഞെടുപ്പ് ദിവസത്തെ പോളിങ് റിപ്പോർട്ടുകൾ എടുത്തുപറഞ്ഞള്ള കൃത്യമായ കണക്കാണത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഞങ്ങൾ പ്രവചിച്ചത് തെറ്റിയില്ലെന്നതുപോലെ ഇതും തെറ്റില്ല. ശരിയായ കണക്കുകളുടെ അടിസ്ഥാനത്തിലല്ലാതെ സതീശൻ പറയില്ലെന്നും എ.കെ.ആന്റണിയുടെ കാലത്ത് 100 ലേറെ സീറ്റുകൾ നേടിയ പോലെ ഈ തെരഞ്ഞെടുപ്പിൽ 100 സീറ്റുകളിലേറെ കിട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് ഞാനും തങ്ങളും അടങ്ങുന്ന ലീഗ് പാർട്ടി സതീശന് നൽകുന്ന പിന്തുണ പ്രതിപക്ഷനേതാവിന് ഈ മുന്നണിയെ ഭരണത്തിലേക്ക് നയിക്കാനുള്ള പിന്തുണയാണ്. നാളെ മുഖ്യമന്ത്രിയെന്ന നിലയിലും ആ പിന്തുണയർപ്പിക്കും. മുഖ്യമന്ത്രി സ്ഥാനം കോൺഗ്രസിന്റെ തീരുമാനമാണെന്നും അതിന്റെ പേരിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പുനലൂരും ചേലക്കരയും അടക്കം ലീഗിന്റെ 27 സീറ്റിൽ ഭൂരിഭാഗവും നേടുമെന്നും അത്രയധികം ആത്മവിശ്വാസവും പ്രതീക്ഷയുമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
