വാക് തർക്കം; ചിയ്യാനൂരിൽ മധ്യവയസ്കന് കുത്തേറ്റു

ചങ്ങരംകുളം: ചിയ്യാനൂരിൽ ഗൃഹനാഥന് കുത്തേറ്റു. ചിയ്യാനൂർ കോട്ടയിൽ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പയൂരവളപ്പിൽ മുഹമ്മദ്കുട്ടി (50)ക്കാണ് കുത്തേറ്റത്‌. തലയിൽ കുത്തേറ്റ മുഹമ്മദിനെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സമീപവാസിയായ കരീമിനെ (39) ചങ്ങരംകുളം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബുധനാഴ്‌ച വൈകീട്ട് നാലോടെയാണ് സംഭവം. വീടിന് സമീപത്തുവെച്ചുണ്ടായ ചെറിയ തർക്കം പിന്നീട് കത്തിക്കുത്തിൽ അവസാനിക്കുകയായിരുന്നു. കരീം കത്തിയുമായി എത്തി മുഹമ്മദിന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ച് തലയിൽ കുത്തുകയായിരുന്നുവെന്നാണ് മുഹമ്മദ് പൊലീസിന് നൽകിയ മൊഴി. പിടിയിലായ കരീം നിരവധി കേസുകളിൽ പ്രതിയാണ്.