ഓരാടംപാലം ബൈപാസ് കൃഷി വകുപ്പിന്റെ തടസ്സം നീക്കാൻ ശ്രമം

പെരിന്തൽമണ്ണ: ടെൻഡർ നടപടിയിലേക്ക് കടക്കാനിരിക്കുന്ന അങ്ങാടിപ്പുറം വൈലോങ്ങര-ഓരാടംപാലം ബൈപാസ് പദ്ധതിക്ക് ഏറ്റെടുക്കുന്ന ഭൂമി സംബന്ധിച്ച് കൃഷിവകുപ്പ് ഉയർത്തിയ ആക്ഷേപം പരിഹരിക്കാൻ ഊർജിത നീക്കം. രേഖയിൽ വയലായി കിടക്കുന്ന ഭാഗം ഏറ്റെടുക്കുന്നതുകൊണ്ട് അവിടം മണ്ണിട്ട് നികത്താതെ മേൽപാലമാക്കി റോഡ് നിർമിക്കണമെന്നാണ് കൃഷി ഉദ്യോഗസ്ഥർ പരിശോധന റിപ്പോർട്ടിൽ നിർദേശിച്ചത്. ആകെ ഒരു കിലോമീറ്ററിൽ താഴെയുള്ള ബൈപാസിന് കുറച്ചുഭാഗം നിലംനികത്താതെ മേൽപാലമാക്കി പാത പൂർത്തിയാക്കണമെന്നത് പ്രായോഗികമല്ലെന്നാണ് ബൈപാസിന് കാത്തിരിക്കുന്നവരും മഞ്ഞളാംകുഴി അലി എം.എൽ.എയും പറയുന്നത്. ഇക്കാര്യം കൃഷി മന്ത്രിയെ ധരിപ്പിച്ച് തടസ്സം നീക്കാനാണ് ശ്രമം. ദേശീയ പാതയിൽ അങ്ങാടിപ്പുറം ജങ്ഷനിലെ ഗതാഗത കുരുക്കിന് വലിയൊരളവ് വരെ പരിഹാരമാകുന്നതാണ് ഒരാടംപാലം-വൈലോങ്ങര ബൈപാസ്. 2023 ജൂൺ 17ന് ബൈപ്പാസ് റോഡിന് കല്ലിട്ടതാണ്. മൂന്നു വർഷമായിട്ടും നിർമാണം ടെൻഡർ ചെയ്യാൻ കഴിഞ്ഞിട്ടില്ല.
ഭൂമി വിട്ട് കൊടുത്തവർക്ക് 3, 24, 91, 620 രൂപ ഭൂമിയുടെ വിലയായി അനുവദിക്കുകയും ഭൂരിഭാഗം ഉടമകൾക്കും വില നൽകുകയും ചെയ്തു. ഉടമകളിലൊരാൾ കോടതിയെ സമീപിച്ചിട്ടുണ്ട്. 1.0597 ഹെക്ടർ ഭൂമി ഏറ്റെടുത്താണ് പഴയ വീതികുറഞ്ഞ റോഡിനോട് കുട്ടി ചേർക്കുന്നത്.
2016ല്‍ 12. 62 കോടി രൂപ കിഫ്ബിയില്‍നിന്ന് അനുവദിച്ച് ഉത്തരവാവുകയും റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മന്റെ് കോർപറേഷനെ (ആർ.ബി.ഡി.സി.കെ) കൺസൽട്ടൻസിയായി നിശ്ചയിച്ച് നിർമാണ ചുമതല നല്‍കുകയും ചെയ്തിരുന്നുവെങ്കിലും ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തടസ്സങ്ങൾ കാരണം മൂന്നു വർഷം നീണ്ടുപോയി. പിന്നീട് റിവൈസ്ഡ് പ്രൊപ്പോസല്‍ സബ്പ്രോജക്ട് റിവിഷനായി ഡി.പി.ആർ സമർപ്പിച്ചതോടെ 16.09 കോടിയുടെ എസ്റ്റിമേറ്റായി. പുതുക്കിയ പദ്ധതി പ്രകാരം റോഡിന്റെ വീതി നേരത്തെ നിശ്ചയിച്ചിരുന്ന 12 മീറ്ററില്‍നിന്നും 13. 60 മീറ്ററായി വർധിച്ചിട്ടുണ്ട്.
ബൈപാസ് പൂർത്തിയായായാൽ മലപ്പുറം, മഞ്ചേരി ഭാഗത്തുനിന്ന് ദേശീയപാത വഴി വരുന്ന വാഹനങ്ങൾക്ക് അങ്ങാടിപ്പുറം തളി ജങ്ഷനിൽ എത്താതെ കോട്ടക്കൽ, വളാഞ്ചേരി, പുലാമന്തോൾ ഭാഗത്തേക്ക് തിരിഞ്ഞുപോകാൻ കഴിയും. ഇൗ ഭാഗങ്ങളിൽനിന്ന് മലപ്പുറം, മഞ്ചേരി ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങളും അങ്ങാടിപ്പുറം ടൗണിലെത്തേണ്ടി വരില്ല. 2016ൽ മുൻ എം.എൽ.എ അഹമ്മദ് കബീറിന്റെ കാലത്ത് സർക്കാറിന്റെ മുമ്പിൽ കൊണ്ടുവന്ന പദ്ധതിയാണ് ഓരാടംപാലം-വൈലോങ്ങര ബൈപാസ്.
