പരമ്പര പിടിക്കാൻ ഇന്ത്യ; സിംബാബ്വെക്കെതിരെയുള്ള രണ്ടാം ട്വന്റി20 ഇന്ന്

ഹരാരെ: ഇന്ത്യൻ കുപ്പായത്തിലും വൈഭവ് സൂര്യവംശിയുടെ ബാറ്റ് റൺവേട്ട ആരംഭിച്ചതിന്റെ ആത്മവിശ്വാസത്തിൽ ശ്രേയസ് അയ്യരും സംഘവും രണ്ടാം അങ്കത്തിനിറങ്ങുന്നു. സിംബാബ്വെക്കെതിരായ പരമ്പരയിലെ രണ്ടാം ട്വന്റി20 മത്സരത്തിന് ശനിയാഴ്ച ഹരാരെയിൽ ടോസ് വീഴും. വൈകുന്നേരം 4.30 മുതലാണ് മത്സരം.
പരമ്പരയിലെ ഒന്നാം അങ്കത്തിൽ ഏഴ് വിക്കറ്റിന്റെ അനായാസ ജയം നേടിയ ഇന്ത്യക്ക് ആവർത്തിച്ചാൽ പരമ്പര സ്വന്തമാക്കാനാവും. അയർലൻഡിനും ഇംഗ്ലണ്ടിനുമെതിരായ പരമ്പരകളിൽ തോറ്റ് നാണംകെട്ട ശ്രേയസിനും കൂട്ടുകാർക്കും തിരിച്ചുവരവ് കൂടിയാണ് ഹരാരെ നൽകിയത്. അയർലൻഡിനെതിരെ 2-0ത്തിനും, ഇംഗ്ലണ്ടിനെതിരെ 4-0ത്തിനുമായിരുന്നു ട്വന്റി20 പരമ്പര തോൽവികൾ. എന്നാൽ, സിംബാബ്വെ മണ്ണിൽ എല്ലാം മറക്കുന്ന തുടക്കം ലഭിച്ച ലോകചാമ്പ്യന്മാർക്ക് ബാറ്റിലും ബൗളിലും താളംകണ്ടെത്താനായി. എതിരാളികളെ 125ൽ ഒതുക്കിയതിനു പിന്നാലെ, ഏഴ് ഓവറും ഏഴ് വിക്കറ്റും ബാക്കിനിൽക്കെയായിരുന്നു കളി ജയിച്ചത്.
ഓപണർ അഭിഷേക് പരാജയമായപ്പോൾ, റെക്കോഡ് കുറിച്ച അർധസെഞ്ച്വറിയുമായി വൈഭവ് പ്രതീക്ഷ നൽകി. ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ എന്നിവരാണ് പിന്നീടുള്ള ബാറ്റിങ് ലൈനപ്പ്. ബൗളിങ്ങിൽ മായങ്ക് യാദവ്, പ്രിൻ യാദവ് എന്നിവരും ക്യാപ്റ്റന് ആത്മവിശ്വാസം നൽകുന്ന തുടക്കമാണ് നൽകിയത്.
