ബംഗ്ലാദേശി സ്ത്രീകളെ കണ്ണൂരിൽ എത്തിച്ചത് ആര്? പിന്നിൽ വൻ റാക്കറ്റെന്ന് നിഗമനം, അന്വേഷണം ഊർജിതമാക്കി പൊലീസ്

കണ്ണൂര്‍: നിയമാനുസൃത രേഖകളില്ലാതെ അതിർത്തി കടന്നെത്തി വിവിധയിടങ്ങളിൽ തൊഴിൽ ചെയ്യുന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി പൊലീസ്. ഇത്തരക്കാരെ എത്തിക്കുന്നവരെയും പിടികൂടാൻ നീക്കം തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ രണ്ട് ദിവസമായി ജില്ലയിൽനിന്ന് ഇത്തരത്തിൽ അറസ്റ്റിലായത് നാല് ബംഗ്ലാദേശ് യുവതികളാണ്. ബംഗ്ലാദേശ് ഫരീദ്പൂര്‍ അബ്ദുള്ളാബാദ് സ്വദേശിനി സലീന ഖാനെ (29) യാണ് റെയില്വേസ്റ്റേഷന് സമീപം മൈ സ്പാ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനിടെ ആദ്യം പിടികൂടിയത്. പിന്നാലെ ജമല്പൂര് സരീഷ്ബാരിയിലെ നസ്മ അക്തര്‍ (40), ഖുല്‍ന ഭഗളിയിലെ തസ്ലീമ കാതൂന്‍ (25), ഖുല്‍ന പൈഗച്ചയിലെ മൊയ്ന കാതൂന്‍ (29) എന്നിവരെയും പിടികൂടി.
കണ്ണൂർ സിറ്റി പൊലീസ് കമീഷണർ വിജയ ഭരത് റെഡ്സി, എ.സി.പി എം.പി. ആസാദ് എന്നിവരുടെ മേൽനോട്ടത്തിൽ ടൗൺ ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിൽ എസ്.ഐ ടി. അഖിലാണ് യുവതികളെ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ സാധു ബീഡി കമ്പനി റോഡിന് സമീപത്തെ ഫര്സീന് ക്വാര്‍ട്ടേഴ്സില്‍ വിദേശവനിതകള്‍ മതിയായ രേഖകളില്ലാതെ താമസിച്ച് ജോലി ചെയ്യുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം പരിശോധനക്കെത്തിയത്.
ഇവര്‍ പാസ്പോര്‍ട്ട്, വിസ ഉള്‍പ്പെടെയുള്ള യാത്രരേഖകളോ നിയമാനുസൃത അനുമതിയോ ഇല്ലാതെയാണ് ഇന്ത്യയിലെത്തിയത്. രാജ്യം കടന്ന് മറ്റൊരു രാജ്യത്തേക്കെത്താൻ നിരവധി രേഖകളും പരിശോധനകളും വേണമെന്നിരിക്കെയാണ് ഇത്തരത്തിൽ പലരും എത്തുന്നത് എന്നത് ഏറെ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്. അതിർത്തിയിലെ കർശന പരിശോധനകൾ പോലും നോക്കുകുത്തിയാക്കി യുവതികളെയും മറ്റും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കെത്തിക്കുന്ന വൻ ലോബി തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. നിരവധി ഏജന്റുമാരാണ് ഇതിനു പിന്നിലുള്ളത്.
ഇവരെ പറ്റി ചില സൂചനകൾ പൊലീസിന് ലഭിച്ചതായാണ് വിവരം. കണ്ണൂരിൽത്തന്നെ ഇനിയും ഇത്തരം ആളുകൾ എത്തി ജോലി ചെയ്യുന്നതായും വിവരമുണ്ട്. സെക്സ്, മയക്കുമരുന്ന് ഇടപാടുകളും ഇതിന്റെ മറവിൽ നടക്കുന്നുണ്ടെന്ന സൂചനയുയുള്ളതിനാൽ അതും അന്വേഷണത്തിന്റെ ഭാഗമാണ്. നിയമം ലംഘിച്ച് രാജ്യം കടന്നുള്ള മനുഷ്യ ഇറക്കുമതിയായതിനാൽ വിഷയത്തിൽ കേന്ദ്ര അന്വേഷണവും നടക്കും.
