സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ 22കാരിക്ക് അശ്ലീല സന്ദേശമയച്ചു, രാത്രി വീട്ടിലെത്തി; വില്ലേജ് ഓഫിസർക്കെതിരെ കേസ്

കണ്ണൂർ: യുവതിക്ക് അശ്ലീലസന്ദേശം അയച്ചെന്ന പരാതിയിൽ വില്ലേജ് ഓഫിസർക്കെതിരെ പൊലീസ് കേസെടുത്തു. എടക്കാട് വില്ലേജ് ഓഫിസർ ആലപ്പുഴ സ്വദേശി ജിജു സ്കറിയക്കെതിരെയാണ് കേസെടുത്തത്. താഴെചൊവ്വ സ്വദേശിനിയുടെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസാണ് കേസെടുത്തത്.

അതേസമയം, തന്നെ മർദിച്ചെന്ന വില്ലേജ് ഓഫിസറുടെ പരാതിയിൽ യുവതിക്കും ഭർത്താവിനും കണ്ടാലറിയാവുന്ന 12 പേർക്കുമെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. അപേക്ഷയിൽ യഥാസമയം നടപടിയെടുത്തില്ലെന്ന് പറഞ്ഞ് ഒരു സംഘം തന്നെ വിളിച്ചുവരുത്തി ഹെൽമറ്റ് കൊണ്ടടക്കം ആക്രമിച്ചെന്നാണ് ജിജു സ്കറിയ ടൗൺ പൊലീസിൽ നൽകിയ പരാതി.

വില്ലേജ് ഓഫിസിൽ സർട്ടിഫിക്കറ്റിനായി എത്തിയത് മുതൽ യുവതിക്ക്, ഈ മാസം 11 മുതൽ 25 വരെ മൊബൈൽ ഫോണിലൂടെ അശ്ലീല സന്ദേശമയച്ചെന്നാണ് യുവതിയുടെ പരാതി. വെള്ളിയാഴ്ച രാത്രി പരാതിക്കാരിയുടെ വീട്ടിലെത്തി മാനഹാനി ഉണ്ടാക്കിയതായും പരാതിയിൽ പറയുന്നു. യുവതി വിവരമറിയിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച രാത്രി താഴെചൊവ്വയിൽ വീട്ടുകാരടക്കമുള്ള ഒരു സംഘം ഉദ്യോഗസ്ഥനെ തടഞ്ഞുവച്ച് ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് പരാതിയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.