'റെഡ് ബാളിൽ ഇനിയില്ല'; ഇന്ത്യക്കായി കളിക്കാനുള്ള സ്വപ്നം ബാക്കിയാക്കി യുസ്വേന്ദ്ര ചഹൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞു

ഹരിയാന: ഇന്ത്യൻ വെറ്ററൻ ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചഹൽ ഫസ്റ്റ് ക്ലാസ് (റെഡ് ബാൾ) ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. നീണ്ട 17 വർഷത്തെ ഫസ്റ്റ് ക്ലാസ് കരിയറിനൊടുവിലാണ് ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കായി കളിക്കുകയെന്ന ദീർഘകാല സ്വപ്നത്തിന് വിടപറഞ്ഞ് താരം പടിയിറങ്ങുന്നത്. എന്നാൽ ഏകദിന, ട്വന്റി-20 ഫോർമാറ്റുകളിൽ തുടർന്നും സജീവമായി കളിക്കളത്തിലുണ്ടാകുമെന്നും ദേശീയ ടീമിലേക്ക് മടങ്ങിയെത്താനുള്ള പരിശ്രമങ്ങൾ തുടരുമെന്നും വെള്ളിയാഴ്ച ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വികാരനിർഭരമായ കുറിപ്പിലൂടെ ചഹൽ വ്യക്തമാക്കി.
ഇന്ത്യക്കായി 72 ഏകദിനങ്ങളിലും 80 ട്വന്റി-20 മത്സരങ്ങളിലും ജഴ്സിയണിഞ്ഞിട്ടുള്ള ചഹലിന് ആഭ്യന്തര-കൗണ്ടി തലങ്ങളിൽ മികച്ച റെക്കോർഡ് ഉണ്ടായിട്ടും ഒരു അന്താരാഷ്ട്ര ടെസ്റ്റ് മത്സരത്തിൽ പോലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. 2023 ഓഗസ്റ്റിൽ വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി-20 മത്സരത്തിലാണ് അദ്ദേഹം അവസാനമായി ഇന്ത്യൻ കുപ്പായത്തിൽ കളിച്ചത്. ഇംഗ്ലീഷ് കൗണ്ടി ചാമ്പ്യൻഷിപ്പിൽ നോർത്താംപ്ടൺഷെയറിനായി ലോർഡ്സിൽ മിഡിൽസെക്സിനെതിരെ കളിച്ച മത്സരമാണ് തന്റെ അവസാന ഫസ്റ്റ് ക്ലാസ് പോരാട്ടമെന്ന് താരം സ്ഥിരീകരിച്ചു.
‘എന്റെ യാത്ര ഇനിയും അവസാനിച്ചിട്ടില്ല’: ചഹൽ
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്നുള്ള പടിയിറക്കം ഔദ്യോഗികമായി അറിയിച്ചുകൊണ്ട് ചഹൽ കുറിച്ചു:
“പത്താം വയസ്സിലാണ് ഞാൻ ആദ്യമായി ഒരു ക്രിക്കറ്റ് ബാൾ കൈയിലെടുക്കുന്നത്, അതൊരു ചുവന്ന പന്തായിരുന്നു. ഈ കളിയോട് ഇത്രയധികം പ്രണയമുണ്ടാകുമെന്ന് അന്ന് കരുതിയിരുന്നില്ല. എന്നെ സംബന്ധിച്ച് റെഡ് ബാൾ ക്രിക്കറ്റ് വെറുമൊരു ഫോർമാറ്റ് മാത്രമായിരുന്നില്ല; ക്ഷമയും പോരാട്ടവീര്യവും കഠിനാധ്വാനവും ഓരോ റണ്ണിനും വിക്കറ്റിനുമായി മണിക്കൂറുകളോളം പൊരുതുന്നതിന്റെ ആനന്ദവും ഞാൻ പഠിച്ചത് അവിടെ നിന്നാണ്.
എന്റെ അവസാന ഫസ്റ്റ് ക്ലാസ് മത്സരം കളിച്ചത് ക്രിക്കറ്റിന്റെ മക്കയായ ലോർഡ്സിലാണ്. ഇന്ത്യയുടെ ടെസ്റ്റ് ക്യാപ് അണിയുക എന്നത് വർഷങ്ങളായി ഞാൻ മനസ്സിൽ കൊണ്ടുനടന്ന ഏറ്റവും വലിയ സ്വപ്നമായിരുന്നു. അത് നേടാനായില്ലെങ്കിലും, ഈ ഫോർമാറ്റിലൂടെ എനിക്ക് ലഭിച്ച ഓരോ അവസരങ്ങൾക്കും ഞാൻ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. ചുവന്ന പന്ത് എനിക്ക് നൽകിയ ഓർമകൾ ആർക്കും മായ്ക്കാനാകില്ല.
എന്നാൽ എന്റെ പോരാട്ടം അവസാനിച്ചിട്ടില്ല. രാജ്യത്തിന് വേണ്ടി വീണ്ടും കളിക്കാനുള്ള ആഗ്രഹം ഇപ്പോഴും ഉള്ളിൽ ആളിക്കത്തുന്നുണ്ട്. ഏകദിന, ട്വന്റി-20 ടീമുകളിലേക്ക് മറ്റൊരു അവസരം നേടിയെടുക്കാൻ ഞാൻ സർവതും നൽകി പൊരുതും.”
കരിയറിലുടനീളം പിന്തുണ നൽകിയ ഹരിയാന ക്രിക്കറ്റ് അസോസിയേഷനും രൺബീർ സിംഗ് മഹീന്ദ്ര, അനിരുദ്ധ് സിംഗ് ചൗധരി എന്നിവർക്കും ചഹൽ പ്രത്യേക നന്ദി രേഖപ്പെടുത്തി.
17 വർഷത്തെ ഫസ്റ്റ് ക്ലാസ് കരിയർ
2009-ൽ ഹരിയാനയ്ക്ക് വേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ചഹൽ, 49 മത്സരങ്ങളിൽ നിന്നായി 32.27 ശരാശരിയിൽ 148 വിക്കറ്റുകൾ വീഴ്ത്തിയാണ് റെഡ് ബാൾ കരിയർ അവസാനിപ്പിക്കുന്നത്. 2016-17 രഞ്ജി ട്രോഫി സീസണിൽ ഏഴ് മത്സരങ്ങളിൽ നിന്ന് 33 വിക്കറ്റ് വീഴ്ത്തിയതായിരുന്നു ആഭ്യന്തര തലത്തിലെ മികച്ച പ്രകടനം.
കൗണ്ടി ചാമ്പ്യൻഷിപ്പ് ഡിവിഷൻ രണ്ടിൽ നോർത്താംപ്ടൺഷെയറിനായി മിന്നുന്ന പ്രകടനമാണ് താരം അവസാന ഘട്ടത്തിലും കാഴ്ചവെച്ചത്. അഞ്ച് മത്സരങ്ങളിൽ നിന്ന് 16.14 ശരാശരിയിൽ 21 വിക്കറ്റുകൾ ചഹൽ സ്വന്തമാക്കി. ഇന്ത്യ വിജയിച്ച 2024 ടി20 ലോകകപ്പ് ടീമിൽ അംഗമായിരുന്ന ചഹൽ, ഐ.പി.എല്ലിലെ എക്കാലത്തെയും ഉയർന്ന വിക്കറ്റ് വേട്ടക്കാരൻ കൂടിയാണ്. നിലവിൽ പഞ്ചാബ് കിംഗ്സ് താരമായ അദ്ദേഹം, വിജയ് ഹസാരെ ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും ഇംഗ്ലണ്ടിലെ വൺഡേ കപ്പിലും വൈറ്റ് ബോൾ ക്രിക്കറ്റിൽ തന്റെ സാന്നിധ്യം തുടരും.
