പിണറായി വിജയനെ വിട്ടയച്ചു; കസ്റ്റഡിയിൽ തുടർന്നത് എട്ടു മണിക്കൂർ

ന്യൂഡൽഹി: എട്ടു മണിക്കൂർ കസ്റ്റഡിയിൽ വെച്ചശേഷം പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഡൽഹി പൊലീസ് വിട്ടയച്ചു. ജന്തർ മന്തറിലേക്ക് പോകാനായി രാവിലെ 10.30ന് ഡൽഹിയിലെ കേരള ഹൗസിൽനിന്ന് പുറത്തേക്ക് വരുമ്പോഴാണ് ജോൺ ബ്രിട്ടാസ് എം.പി, മുൻ മന്ത്രി കെ.എൻ. ബാലഗോപാൽ എന്നിവർക്കൊപ്പം പിണറായിയെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്.

തുടർന്ന് മൂന്നര മണിക്കൂറോളം ഇവരെ വാഹനത്തിൽ നഗരം ചുറ്റിക്കുകയും ഛത്രസാൽ സ്റ്റേഡിയത്തിൽ എത്തിച്ചശേഷം പിന്നീട് മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയുമായിരുന്നു. കടുത്ത ചൂടിനിടെ കുടിക്കാൻ വെള്ളമോ ഭക്ഷണമോ പൊലീസ് നൽകിയില്ല. 81 വയസ്സുള്ള പിണറായി വിജയന് കൃത്യ സമയത്ത് കഴിക്കേണ്ട മരുന്നുകളും ലഭ്യമാക്കിയില്ലെന്ന് ജോൺ ബ്രിട്ടാസ് കുറ്റപ്പെടുത്തിയിരുന്നു. വിചിത്ര നടപടികളാണ് പൊലീസ് സ്വീകരിച്ചതെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽനിന്ന് പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

പിണറായി വിജയനെ പൊലീസ് കസ്റ്റഡിയിലെടുത്തതിൽ മുഖ്യമന്ത്രി വി.ഡി. സതീശനും ഇടപെട്ടിരുന്നു. പിണറായിയെ ഉടൻ മോചിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ ഏകോപിപ്പിക്കുന്നതിനായി കേരള ചീഫ് സെക്രട്ടറിക്കും ന്യൂഡൽഹിയിലെ റസിഡന്റ് കമീഷണർക്കും മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി, എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ എന്നിവരും പൊലീസ് കസ്റ്റഡിയിലാണ്.

അടിയന്തരാവസ്ഥയേക്കാൾ വലുതാണ് ഡൽഹിയിലെ സാഹചര്യമെന്ന് മമതാ ബാനർജി കുറ്റപ്പെടുത്തിയിരുന്നു. പ്രതിഷേധത്തിനിടെ കെജ്‌രിവാളിനെ ഡൽഹി പൊലീസ് കൈയേറ്റം ചെയ്തു. കോക്രോച്ച് ജനത പാർട്ടി (സിജെപി) നേതാവ് അഭിജിത് ദിപ്കെയെ ഡൽഹി പൊലീസ് വിമാനത്തിനുള്ളിൽ കയറിയാണ് കസ്റ്റഡിയിൽ എടുത്തത്.