വണ്ടിക്ക് കണ്ണാടിയില്ല, ആധാർ നോക്കിയപ്പോൾ പ്രായം 17; രക്ഷിതാക്കളുടെ മറുപടികേട്ട് പൊലീസ് ഞെട്ടി, വിദ്യാർഥികളെ പൊക്കി

കോഴിക്കോട്: മെഡിക്കൽ കോളജിന് സമീപം കോവൂർ ഇരിങ്ങാടൻ പള്ളിയിലെ ചായക്കടകൾക്ക് സമീപം പൊലീസ് നടത്തിയ പരിശോധനയിൽ പ്രായപൂർത്തിയാവാതെ വാഹനം ഓടിച്ച വിദ്യാർഥികളെ പിടികൂടി. രാത്രി 8.30 തോടെ റോഡരികിൽ നിർത്തിയിട്ട ഇരുചക്രവാഹനം കണ്ട് പൊലീസ് പരിശോധന നടത്തുകയും വിദ്യാർഥികളെ ചോദ്യം ചെയ്യുകയുമായിരുന്നു.

വണ്ടിക്ക് രണ്ടു കണ്ണാടികളുമില്ലായിരുന്നു. ‘കണ്ണാടി എവിടെ’ എന്ന ചോദ്യത്തിന് ‘പൊട്ടിപ്പോയെ’ന്നായിരുന്നു മറുപടി. ലൈസൻസ് ചോദിച്ചപ്പോൾ ‘എടുത്തിട്ടില്ലെന്നും വീട്ടിലാണെന്നും’ മറുപടി നൽകി. ഇതോടെ പൊലീസ് വിദ്യാർഥികളോട് ആധാർ കാണിക്കാൻ ആവശ്യപ്പെട്ടു. ആധാർ പരിശോധിച്ചപ്പോൾ ഇരുവർക്കും 17 വയസ്സായിരുന്നു പ്രായം. വീട് എവിടെയാണെന്ന് ചോദിച്ചപ്പോൾ ‘പയ്യോളി’ എന്ന് മറുപടി നൽകി. ലൈസൻസ് എടുക്കാൻപോലും പ്രായമാകാത്ത കുട്ടികൾ ഇരുചക്ര വാഹനവുമെടുത്ത് 40 കിലോമീറ്ററോളം യാത്ര ചെയ്ത് ഇവിടെയെത്തിയത് വലിയ നിയമലംഘനമാണെന്ന ഞെട്ടലിലായിരുന്നു പൊലീസ്. തുടർന്ന്, രക്ഷിതാക്കളുടെ നമ്പർ ആവശ്യപ്പെട്ടപ്പോൾ പിതാവ് ഗൾഫിലെന്ന് മറുപടി. പൊലീസ് വീട്ടിലേക്ക് വിളിച്ചപ്പോൾ മക്കൾ അകത്തെ മുറിയിൽ ഉറങ്ങുകയാണെന്നാണ് രക്ഷിതാക്കൾ നൽകിയ മറുപടി.

ഹെൽമറ്റു വെക്കാതെ, നിയമങ്ങൾ കാറ്റിൽപ്പറത്തി നഗരമധ്യത്തിലൂടെയും നാട്ടിൻപുറത്തെ വഴികളിലൂടെയും ട്രിപ്പിളടിച്ച് യാത്ര ചെയ്യുന്ന യുവാക്കളുടെ എണ്ണം കൂടിവരികയാണ്. കോളജിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഇരുചക്രവാഹനം വാങ്ങി നൽകുന്ന രക്ഷിതാക്കൾ അവർ നിയമലംഘനങ്ങൾ നടത്തുന്നത് അറിയുന്നില്ല. കഴിഞ്ഞദിവസം ട്രിപ്പിളടിച്ചുപോയ കുറ്റത്തിന് പൊലീസ് പിടികൂടിയ വാഹനത്തിൽ രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയുമായിരുന്നു. സ്വന്തമായി വാഹനമില്ലാത്ത കുട്ടികളും ഇത്തരം നിയമലംഘനങ്ങളിൽ ഉൾപ്പെടുകയും വാഹനാപകടങ്ങളിൽ മരണപ്പെടുകയും ചെയ്യുന്നുണ്ട്.

എ.ഐ ക്യാമറകളെയോ പൊലീസിന്റെ ക്യാമറകളെയോ വിലവെക്കാതെ നമ്പർ പ്ലേറ്റ് മറച്ചുപിടിച്ചാണ് റോഡിലൂടെ അഭ്യാസ പ്രകടനം നടത്തുന്നത്. ചിലർ നമ്പർ പ്ലേറ്റിൽ മാസ്ക് വെച്ചും പോകുന്നു. കുന്ദമംഗലം മുതൽ താമരശ്ശേരി വരെയുള്ള ഭാഗത്ത് യുവാക്കൾക്കോ പ്രായമായവർക്കോ നിയമങ്ങളൊന്നും ബാധകമല്ലെന്ന രീതിയിലാണ് ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നതെന്നും പൊലീസ് പറയുന്നു.

കഴിഞ്ഞ രണ്ടുദിവസത്തിനിടെ ബൈക്ക് അപകടങ്ങളിൽ മരിച്ചത് 4 ചെറുപ്പക്കാരാണ്. ബാലുശ്ശേരിയിൽ ബൈക്ക് നിയന്ത്രണംവിട്ട് അപകടത്തിൽപെട്ട സംഭവത്തിൽ 2 പേർ മരിച്ചപ്പോൾ മൂന്നാമത്തെയാൾ ഗുരുതരാവസ്ഥയിലാണ്. ജില്ലയിലെ ഇരുചക്രവാഹന അപകടങ്ങളിൽ പെട്ടെന്നുണ്ടാകുന്ന വർധന ഞെട്ടിക്കുന്നതാണ്. ജനുവരി ഒന്നുമുതൽ കഴിഞ്ഞ മാസം വരെ സിറ്റി പൊലീസ് ജില്ലാ പരിധിയിൽ വലുതും ചെറുതുമായി 1448 ഇരുചക്രവാഹന അപകടങ്ങളാണ് സംഭവിച്ചത്. ഇതിൽ വാഹനമോടിച്ച 63 പേർ മരിച്ചു. പിന്നിൽ യാത്ര ചെയ്യുകയായിരുന്ന 13 പേരാണ് അപകടത്തിൽ മരിച്ചത്. റൂറൽ പൊലീസ് പരിധിയിൽ കഴിഞ്ഞമാസം വരെ 769 അപകടങ്ങളാണ് സംഭവിച്ചത്. ഇതിൽ 37 പേർ മരിച്ചു.