വൻ കവർച്ചയെന്ന പരാതിയിൽ വഴിത്തിരിവ്; 23 പവനും അഞ്ച് ലക്ഷവും കവർന്നത് വീട്ടിലെ 17 വയസ്സുകാരനെ ഉപയോഗിച്ച്

തിരൂരങ്ങാടി: തിരൂരങ്ങാടിയിൽ വീട്ടിൽനിന്ന് 23 പവൻ സ്വർണവും അഞ്ച് ലക്ഷം രൂപയും മോഷണം പോയെന്ന പരാതിക്ക് പിന്നിൽ നാടകീയ വഴിത്തിരിവ്. വീട്ടിൽ മോഷണം നടന്നുവെന്ന പരാതി വ്യാജമാണെന്നും, വീട്ടുടമയുടെ 17 വയസ്സുകാരനായ മകനെ ഭീഷണിപ്പെടുത്തി സ്വർണവും പണവും തട്ടിയെടുക്കുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പുതുപ്പറമ്പ് സ്വദേശി ഉബൈദ് (33), തിരൂർ ചക്രമൂല സ്വദേശി കണ്ണംവളപ്പിൽ ഷുഹൈദ് (33) എന്നിവരും പരാതിക്കാരന്റെ 17 വയസ്സുകാരനായ മകനുമാണ് പിടിയിലായത്. അറസ്റ്റിലായ മറ്റ് രണ്ട് പ്രതികളും വിവിധ സ്റ്റേഷനുകളിൽ നിരവധി മോഷണ-അക്രമ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് വ്യക്തമാക്കി.
വീട്ടിലെ അലമാരയിലും കട്ടിലിന്റെ ഷെൽഫിലും സൂക്ഷിച്ചിരുന്ന 23 പവൻ സ്വർണാഭരണങ്ങളും അഞ്ച് ലക്ഷം രൂപയും നഷ്ടപ്പെട്ടെന്നായിരുന്നു ആദ്യം വീട്ടുടമ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് നടത്തിയ ഊർജിത അന്വേഷണമാണ് യഥാർഥ സത്യം പുറത്തുകൊണ്ടുവന്നത്. വീട്ടുടമയുടെ മകനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൗമാരക്കാരനെ കരുവാക്കി പ്രതികൾ നടത്തിയ കൃത്യം വെളിച്ചത്തുവന്നത്.
കഴിഞ്ഞ 24 മുതൽ ആറാം തീയതി വരെയുള്ള ദിവസങ്ങളിലാണ് വിവിധ ഘട്ടങ്ങളിലായി വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്നത്. വീട്ടുകാരെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി കൗമാരക്കാരനെക്കൊണ്ട് തന്നെ സ്വർണവും പണവും എടുപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. തിരൂരങ്ങാടി പൊലീസിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
